- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയസാധ്യതകളെ ബാധിക്കുന്ന പരസ്യ പ്രതികരണം നടത്തുന്നുവരെ പിന്തുണയ്ക്കില്ലെന്ന് ആർ എസ് എസ്; എല്ലാവരേയും ഒരുമിപ്പിക്കാൻ ശ്രമിക്കണമെന്ന് സുരേന്ദ്രന് നിർദ്ദേശം; ബിജെപി നേതൃത്വത്തിന് എതിരെ പൊതു വേദിയിൽ എത്തുന്നവരെ ഒറ്റപ്പെടുത്തും; സമവായത്തിന് ശ്രമിക്കുമ്പോഴും അച്ചടക്ക ലംഘനം അനുവദിക്കില്ല; സുരേന്ദ്രൻ-പരിവാർ ചർച്ചയിൽ നിറയുന്നത് വെടിനിർത്തൽ ഫോർമുല
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സാധ്യതകൾ കുറയ്ക്കും വിധം പരസ്യ പ്രതികരണം നടത്തുന്ന നേതാക്കളെ പിന്തുണയ്ക്കില്ലെന്ന് ആർഎസ്എസ്. എന്നാൽ എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകാൻ ശ്രമിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനോട് ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടു.
സ്ഥാനമാനങ്ങൾക്ക് അപ്പുറം എല്ലാവരും ഒരുമിക്കണമെന്നാണ് ആവശ്യം. സുരേന്ദ്രന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ ആരോപണങ്ങളിൽ ആർഎസ്എസ് നേതൃത്വത്തോട് സുരേന്ദ്രൻ വിശദീകരിച്ചു. പ്രാദേശിക ആർഎസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. ഇതിൽ ഗ്രൂപ്പ് കളി ആരോപിക്കുന്നത് സാധ്യതകളെ അട്ടിമറിക്കാനാണെന്നും ആർഎസ്എസ് നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചതായാണ് സൂചന. ബിജെപിക്കുള്ളിൽ പൊട്ടിത്തെറികൾ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആർഎസ്എസ് നേതാക്കളെ സുരേന്ദ്രൻ കണ്ടത്.
ബിജെപി ഉപാധ്യക്ഷയായി ശോഭാ സുരേന്ദ്രനെ നിയമിച്ച ശേഷവും പാർട്ടിയുമായി അവർ സഹകരിച്ചിട്ടുണ്ടെന്നാണ് സുരേന്ദ്രൻ പറയുന്നത്. ചാനൽ ചർച്ചകളിലും എത്തി. പിന്നെ അപ്രത്യക്ഷമാകുകയും ചെയ്തു. മഹിളാ മോർച്ചയുടെ അധ്യക്ഷ പദവി ഉൾപ്പെടെ കിട്ടാതെ വന്നപ്പോഴായിരുന്നു പരസ്യ പ്രതികരണം. അത് തദ്ദേശത്തിൽ പ്രതിഫലിപ്പിക്കാനാണ് ശ്രമം. ഇക്കാര്യങ്ങളാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പരാതി. മറ്റൊരു വിഭാഗം ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ഭാരവാഹികളെ നിശ്ചയിക്കുന്നത് അടക്കം ആർ എസ് എസിന്റെ ഉപദേശങ്ങൾ തേടിയുന്നുവെന്നാണ് സുരേന്ദ്രന്റെ നിലപാട്. ആർഎസ്എസ് പ്രചാരകൻ കൂടിയായ സംഘടനാ ജനറൽ സെക്രട്ടറി ഗണേശ് അറിയാതെ ഒന്നും ചെയ്യുന്നില്ല. ഇതെല്ലാം തത്വത്തിൽ അംഗീകരിക്കുകയാണ് ആർഎസ്എസ് നേതൃത്വം.
എന്നാൽ മുതിർന്ന നേതാക്കൾക്ക് ഒറ്റപ്പെടുത്തിയെന്ന തോന്നൽ ഉണ്ടാകാതെ നോക്കണമെന്ന സന്ദേശവും ആർഎസ്എസ് നേതാക്കൾ സുരേന്ദ്രന് കൈമാറിയിട്ടുണ്ട്. അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും ഒരുമിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. എന്നാൽ തന്നെ അപമാനിക്കാൻ വേണ്ടി പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് സുരേന്ദ്രന്റെ നിലപാട്. ഇക്കാര്യത്തിൽ ആർഎസ്എസ് സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തും. പരിവാറുമായി ബന്ധമുള്ള നേതാക്കളോട് പരസ്യ പ്രസ്താവന നിർത്താൻ ആവശ്യപ്പെടും. അതിന് ശേഷവും പൊതുവേദിയിൽ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ അതിശക്തമായ നിലപാടും സ്വീകരിക്കും. തദ്ദേശത്തിലെ ജയമാണ് ഇപ്പോൾ പ്രധാന കാര്യമെന്ന് ആർ എസ് എസും നിലപാട് എടുത്തു കഴിഞ്ഞു. ചിലരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളും സംഘടനയെ ബാധിക്കുന്നുണ്ടെന്ന് ആർഎസ്എസ് തിരിച്ചറിയുന്നു.
സ്വർണ്ണ കടത്തിലെ പ്രക്ഷോഭങ്ങൾ ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ മുൻതൂക്കം നൽകിയിരുന്നു. പിന്നാലെയാണ് ഗ്രൂപ്പ് കളി തുടങ്ങിയത്. ഇതിന് പിന്നിൽ സിപിഎം ഗൂഢാലോചനയുണ്ടെന്നും ഔദ്യോഗിക വിഭാഗത്തിന് സംശയമുണ്ട്. എന്നാൽ പരമാവധി എല്ലാവരേയും ഉൾ്‌ക്കൊള്ളണമെന്നാണ് ആർഎസ്എസ് നിലപാട്. ഇത് അംഗീകരിക്കുമെന്ന് സുരേന്ദ്രനും നിലപാട് എടുത്തിട്ടുണ്ട്. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന ഒന്നും ചെയ്യില്ല. ആർ എസ് എസുമായി നിരന്തര കൂടിയാലോചനകളും നടക്കുമെന്നും സുരേന്ദ്രൻ വിശദീകരിച്ചു.
പിപി മുകുന്ദനെ പോലുള്ള നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടു വരണമെന്ന ആഗ്രഹവും ആർ എസ് എസിനുണ്ട്. ഇതും പരിഗണിക്കും. ശോഭാ സുരേന്ദ്രൻ ഉയർത്തിയ വിഷയങ്ങൾ കേന്ദ്ര നേതൃത്വം പരിഗണിച്ച് തീരുമാനം എടുക്കുമെന്ന ധാരണയും ഉണ്ടായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ