- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡോണ്ട് ട്രൈ റ്റു പ്ലേ ഫൂൾ വിത്ത് മീ നികേഷ്.... നോ ഇറ്റ്‌സ് വെരി ബാഡ്; നിങ്ങളുടനെ സുപ്രീം കോടതിയുടെ തലയിലാണോ വെയ്ക്കുന്നത്? സുപ്രീം കോടതി പറഞ്ഞോ ഈ ....കൊണ്ടുചെന്ന് വലിച്ചു കേറ്റാൻ? പുകസ വീഡിയോയ്ക്ക് പിന്നാലെ തലവേദനയായി ആ അഭിമുഖവും; ശബരിമലയിൽ ഗോളടിച്ച് സുരേഷ് ഗോപി; വികസന ചർച്ച മാത്രം മതിയെന്ന് നിർദ്ദേശിച്ച് സിപിഎം
തിരുവനന്തപുരം: വിവാദ വിഷയങ്ങൾ ചർച്ചയാക്കരുതെന്നായിരുന്നു സിപിഎം സൈബർ സഖാക്കൾക്ക് നൽകിയിരുന്ന നിർദ്ദേശം. ഇത് ഏതാണ്ട് പാലിക്കപ്പെട്ടു. ഇതിനിടെയിൽ പുകസയുടെ പരസ്യവും ചർച്ചയായി. എന്നാൽ ഇപ്പോൾ സിപിഎമ്മിനെ അലട്ടുന്നത് എവി നികേഷ് കുമാറിന്റെ അഭിമുഖമാണ്. ശബരിമല വിഷയത്തിൽ മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിനെ നിർത്തിപ്പൊരിച്ചു തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വീഡിയോ വൈറലാണ്. മാസ് സിനിമകളെ സുരേഷ് ഗോപിയുടെ ഭാവപ്പകർച്ചയും സുരേഷ് ഗോപിയുടെ ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
റിപ്പോർട്ടർ ചാനലിന്റെ 'വാക് വിത്ത് കാൻഡിഡേറ്റ്' എന്ന പരിപാടിക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ചുമതല ആയിരുന്നില്ലേ എന്ന നികേഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മാസ് മറുപടി. ശബരിമല തൃശൂരിൽ ചർച്ചയാക്കാനുള്ള സുരേഷ് ഗോപിയുടെ നീക്കത്തിന് കരുത്ത് പകരുന്നതാണ് ഈ അഭിമുഖം. ഗുരൂവായൂരിലെ ബിജെപിയുടെ സ്ഥാനാർത്ഥി ഇല്ലാത്തതുൾപ്പെടെയുള്ള പ്രതിസന്ധികൾ ഉള്ളതിനാൽ വിശ്വാസ പ്രശ്‌നം ചർച്ചയാകരുതെന്ന് സിപിഎം ആഗ്രഹിച്ചിരുന്നു. എന്നാൽ നികേഷിന്റെ അഭിമുഖം അത് തകർത്തു. സിപിഎമ്മുമായി നികേഷിനുള്ള ബന്ധവും സിപിഎമ്മിനെ അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ വികസനത്തിൽ ഊന്നിയാകണം പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കേണ്ടതെന്ന നിർദ്ദേശം വീണ്ടും സിപിഎം നൽകുകയാണ്.
മറ്റൊരു മാധ്യമ പ്രവർത്തകനായിരുന്നുവെങ്കിൽ ഇത്രയും പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഇവിടെ നികേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച സ്ഥാനാർത്ഥിയാണ്. തൃശൂർ സിപിഐയുടെ സിറ്റിങ് സീറ്റും. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ സുരേഷ് ഗോപിയുടെ ഇടപെടൽ ദോഷം ചെയ്യുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്ന് താങ്കൾ പറഞ്ഞു. എങ്ങനെയാണ് അത് വൈകാരിക വിഷയമാകുന്നത്, പറയൂ എന്നായിരുന്നു നികേഷിന്റെ ചോദ്യം. എന്റെ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ വരുന്നതവരെ തച്ചുടയ്ക്കണമെന്ന് തന്നെയാണ് എന്റെ വികാരമെന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞു.
ആരാണ് താങ്കളുടെ വിശ്വാസത്തെ തച്ചുടയ്ക്കാൻ വന്നത്? സുപ്രീം കോടതിയോ? അതോ കേരള സർക്കാരോ? എന്ന നികേഷിന്റെ ചോദ്യമാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്. 'സുപ്രീം കോടതി കൊണ്ടുവന്നത് എല്ലാം നിങ്ങൾ അങ്ങ് അനുസരിച്ചോ? നാല് ഫ്‌ളാറ്റുകൾ പൊളിച്ചു. ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ റ്റു പ്ലേ ഫൂൾ വിത്ത് മീ നികേഷ്. നോ ഇറ്റ്‌സ് വെരി ബാഡ്. നിങ്ങളുടനെ സുപ്രീം കോടതിയുടെ തലയിലാണോ വെയ്ക്കുന്നത്? സുപ്രീം കോടതി പറഞ്ഞോ ഈ ....കൊണ്ടുചെന്ന് വലിച്ചു കേറ്റാൻ? പറഞ്ഞോ? പ്ലീസ്..പ്ലീസ്, യു ആർ ഡ്രാഗിങ്ങ് മീ ടു ദ റോങ് ട്രാക്ക്.' ഇതായിരുന്നു സുരേഷ് ഗോപിയുടെ മാസ് മറുപടി.
സുപ്രീം കോടതിയല്ലേ ഈ ശബരിമല വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്? അത് കേരള സർക്കാർ നടപ്പിലാക്കുകയല്ലേ ചെയ്തിട്ടുള്ളത്? എന്ന് നികേഷ് വീണ്ടും ചോദിച്ചു. ഓ..സുപ്രീം കോടതി പറഞ്ഞു, പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പൊലീസ് ചട്ടയണിയിച്ച് കേറ്റാൻ. ഈ പൊലീസുകാരൻ വാങ്ങുന്ന ശമ്പളം ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാൻ കൊടുക്കുന്ന ചുങ്കപ്പണമാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇങ്ങനെ എല്ലാ അർത്ഥത്തിലും സുരേഷ് ഗോപി കത്തികയറി. ഇത് പരിവാറുകാർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയും ചെയ്തു.
സുരേഷ് ഗോപിയെ വീണ്ടും പ്രകോപിപ്പിക്കാനായി ''അതുകൊണ്ടല്ലേ അത് പൊലീസിനെ വെച്ച് നടപ്പാക്കിയത്?'' എന്ന് നികേഷ് വീണ്ടും ചോദിച്ചു. നിങ്ങൾക്ക് പുന്നപ്രയിൽ കയറിപ്പോൾ എന്താണ് നശിച്ചുപോയത്? എന്താണ് തുലഞ്ഞുപോയത്? എന്തിനാണ് അത് പൂട്ടിയത്? എന്ന് സുരേഷ് ഗോപി മറുചോദ്യം ചോദിച്ചു. പുന്നപ്ര ഒരു പാർട്ടി പ്രോപ്പർട്ടിയാണെന്ന് നികേഷ് മറുപടി നൽകി. ചുമ്മാതിരിക്ക് സർ, ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകൾ പൂഴ്‌ത്തിവെച്ചിരിക്കുന്ന ഒരു പാർട്ടി പ്രോപ്പർട്ടി എന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കും എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ക്രൈസ്തവ സഭകളെ കൂടെ അടുപ്പിക്കാനാണ് തൃശൂരിൽ സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. വിവിധ ക്രൈസ്തവ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുമെന്ന് സുരേഷ് ഗോപി എംപി. തെരഞ്ഞെടുപ്പിന് ശേഷം ഇതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സുരേഷ് ഗോപി അറിയിച്ചു. സഭ പ്രതിനിധികളുമായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യോഗമാണ് ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന വിധത്തിലാണ് ആലോചനയെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ അതിരൂപത ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപി ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പുറത്തിറങ്ങിയാണ് ക്രൈസ്തവ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഉണ്ടാക്കുമെന്ന പ്രതികരണം. എല്ലാത്തരം ജനവിഭാഗങ്ങളും തൃശൂരിൽ പിന്തുണക്കുമെന്ന് ഉറപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു.