- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചെന്ന് പറയാം; അതല്ലല്ലോ സത്യം; കൈമറിയത് നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ്'; തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപ്പിച്ച നടപടിയിൽ പ്രതികരിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപ്പിച്ച നടപടിയെ അനുകൂലിച്ച് സുരേഷ് ഗോപി എംപി. വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും അതല്ലല്ലോ സത്യമെന്നും അദ്ദേഹം പ്രതികരിച്ചു.
വിമാനത്താവളത്തിന്റെ നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ് കൈമറിയത്. ഇതുവഴി ജനങ്ങൾക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങളും സേവന രീതികളും വരട്ടെയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനങ്ങൾ വിമാനത്താവളം ഉപയോഗിക്കുമ്പോൾ അവരുടെ യാത്രയിലുള്ള ക്ലേശങ്ങൾ കുറയ്ക്കാൻ ആർക്ക് സാധിക്കും? ഇത്രയും കാലം സാധിച്ചില്ലല്ലോ? ഇനി സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം. ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചു എന്ന് പറഞ്ഞു പോകാം. പറഞ്ഞു പോകാനെ പറ്റൂ. അതല്ലല്ലോ സത്യാവസ്ഥ? ക്ലിപ്തമായ ഒരു സമയത്തേക്ക് നടത്തിപ്പ് മാത്രമാണ് കൈമറിയത്. അതിൽ ജനങ്ങൾക്ക്, വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് തൃപ്തി പകരുന്ന നടപടിക്രമങ്ങളിലേക്ക് പോകുവാൻ സാധിക്കുകയാണെങ്കിൽ ഈ വിമർശനം ഒക്കെ കത്തിനശിക്കും.
കോവിഡിന് ശേഷം പ്രവർത്തനങ്ങൾ തുടങ്ങിയ സമയത്ത് രണ്ട് മൂന്ന് മാസം എമിറേറ്റ്സും എത്തിഹാദുമൊന്നും തിരുവനന്തപുരത്തേക്ക് വന്നില്ല. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വിമാനത്താവളമാണിത്. 1932ൽ കേണൽ ഗോദർമ രാജ തുടങ്ങിവെച്ചതാണ്. അന്നിത് ഇത് ലാഭകരമാകുമോ എന്ന് ടാറ്റ സൺസ് ചോദിച്ചപ്പോൾ നഷ്ടം നികത്തിക്കോളാം എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച എയർപോർട്ടാണിതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.
ജനങ്ങൾക്ക് ഉപയോഗപ്രദമായ, സൗകര്യപ്രദമായ മാറ്റങ്ങൾ ഒരു കാലഘട്ടത്തിലേക്ക് ഉയർത്തപ്പെടുന്ന സേവന രീതികൾ വരട്ടെ. അതിൽ ആർക്കാണ് ഒരു സുഖമില്ലായ്മയുള്ളത്. മുംബൈ വിമാനത്താവളമോ, ഡൽഹി വിമാനത്താവളമോ സ്വീകരിക്കുന്ന രീതിയിൽ യാത്രക്കാരെ സ്വീകരിക്കണം. വീടെത്തുക എന്നതാണ് യാത്രക്കാരുടെ ആവശ്യം. അതിൽ ക്ലേശങ്ങൾ ഉണ്ടാകും. അത് ഇല്ലാതാക്കുക എന്ന് ഒരുകാലത്തും നടക്കില്ല. അത് ഒരു ഭാരമായി അനുഭവത്തിൽ വന്നുകൊണ്ടിരിക്കരുത്. അക്കാര്യത്തിൽ തീർച്ചയായും മാറ്റം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ