- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻതോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽക്കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേരു ചേരൂ.... എന്ന് പറഞ്ഞ് കൈയടി നേടിയ നായകൻ; ഇന്ന് സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി; ഇനി എംപിമാർക്കും എംഎൽഎമാർക്കും പൊലീസ് സല്യൂട്ട് ചെയ്യില്ല
തിരുവനന്തപുരം: മികച്ച ഇടപെടലിലൂടെ കേരളത്തിൽ താരമായി മാറുകയായിരുന്നു സുരേഷ് ഗോപി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കാർക്കിടയിൽ കൈയടി കിട്ടിയ നേതാവ്. കേരളത്തിന്റെ പാർട്ടി അധ്യക്ഷനായി എത്താനുള്ള മുന്നൊരുക്കങ്ങളായി ഈ ഇടപെടലിനെ എല്ലാവരും കണ്ടു. ഓടിയെത്തേണ്ടിടത്തേല്ലാം എത്തി. സഹായങ്ങൾ നൽകി. ഇതിനിടെ പുലിവാല് പിടിക്കുകയാണ് നടൻ കൂടിയായ സൂരേഷ് ഗോപി.
''ഹും നായ! മോഹൻതോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽക്കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേരു ചേരൂ. എനിക്കു ചേരില്ല, ഓർത്തോ, ഐ ആം ഭരത്ചന്ദ്രൻ. ജസ്റ്റ് റിമംബർ ദാറ്റ്!''-മലയാളി ഏറ്റെടുത്ത സിനിമാ ഡയലോഗാണിത്. സുരേഷ് ഗോപിക്ക് സൂപ്പർ സ്റ്റാർ പരിവേഷം ഉറപ്പിച്ചു നൽകിയ ചിത്രം കമ്മീഷണറിലെ ഡയലോഗ്. ഈ ഡയലോഗിന് ചേരാത്ത ചർച്ചകളാണ് ഇപ്പോൾ സുരേഷ് ഗോപിയുമായി ബ ന്ധപ്പെട്ടുയരുന്ന സല്യൂട്ട് വിവാദം എന്നതാണ് വസ്തുത.
സുരേഷ് ഗോപി എംപി ഒല്ലൂർ എസ്‌ഐയോട് സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന വിഡിയോ വൈറലായതോടെ ആർക്കൊക്കെ സല്യൂട്ട് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചർച്ച സേനയിലും സജീവമായി. നിയമപ്രകാരം സല്യൂട്ട് നൽകേണ്ടാത്തവരെ സല്യൂട്ട് ചെയ്യുന്ന പരിപാടി അവസാനിപ്പിക്കാനാണ് പൊലീസുകാർക്കിടയിലെ ആലോചന. ഈ ചർച്ചയാണ് സുരേഷ് ഗോപിയെ കേരള രാഷ്ട്രീയത്തിൽ അതിവേഗം വില്ലനാക്കുന്നത്. മുമ്പ് തൃശൂർ മേയർ ഉയർത്തി വിട്ട വിവാദത്തിന് പുതിയ തലം വരികയാണ് ഇപ്പോൾ.
പൊലീസ് ഉദ്യോഗസ്ഥനോടു സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി എംപി വിവാദത്തിലാകുകയാണ്. മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൂരിൽ സന്ദർശനം നടത്താൻ എത്തിയപ്പോഴാണ് സംഭവം. 'ഞാനൊരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം' എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോടു സുരേഷ് ഗോപിയുടെ ആവശ്യം. 'മറിഞ്ഞുവീണ മരങ്ങൾ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാൻ എന്താണു വേണ്ടതെന്നു വച്ചാൽ സർ ചെയ്യണമെന്നും' സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോടു പറയുന്നതു വിഡിയോ ദൃശ്യങ്ങളിൽ പതിഞ്ഞു. നാടിനു വേണ്ടി പലതും ചെയ്യാനുണ്ട്, അതിനൊക്കെ പണവുമുണ്ട്. പക്ഷേ, ചെയ്യാൻ സമ്മതിക്കേണ്ടേ? എംപി എന്ന നിലയ്ക്കു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം തള്ളാണെന്നു ചില പന്നന്മാർ പറഞ്ഞു നടക്കുന്നു. ഞാൻ ചെയ്തതിനൊക്കെ രേഖയുണ്ട്, വന്നാൽ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം' സുരേഷ് ഗോപി രോഷാകുലനായി പ്രതികരിച്ചു. സുരേഷ് ഗോപി ദേഷ്യപ്പെട്ടതിന് എന്തിനാണെന്ന് വ്യക്തമല്ല. ഇതിൽ സല്യൂട്ടാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
സിപിഎമ്മുമായി അടുപ്പമുള്ള തൃശൂർ മേയർ സല്യൂട്ട് വിവാദം ഉന്നയിച്ചപ്പോൾ കരുതൽ പ്രതികരണങ്ങളായിരുന്നു പൊലീസ് അസോസിയേഷനും മറ്റും നടത്തിയത്. അതിന് ആക്രമണ സ്വഭാവം ഇല്ലായിരുന്നു. എന്നാൽ സുരേഷ് ഗോപിയെ വിവാദത്തിന് കിട്ടിയതോടെ രണ്ടും കൽപ്പിച്ചാണ് പൊലീസ് അസോസിയേഷനും. അവർ പറയേണ്ടതെല്ലാം പറയുകയാണ്. ഇനി ഇങ്ങനെയാകും പൊലീസുകാരുടെ രീതിയെന്നും പ്രഖ്യാപിക്കുന്നു. ഏതായാലും സിനിമകളിൽ സല്യൂട്ട് ചെയ്യേണ്ടവർക്ക മാത്രം സല്യൂട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു സുരേഷ് ഗോപി. മോഹൻതോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും വിഴുങ്ങാത്ത നായകൻ.
ഈ നായകനാണ് സല്യൂട്ടിന് വേണ്ടി പൊലീസിന് മുമ്പിൽ യഥാർത്ഥ ജീവിതത്തിൽ കേഴുന്നത്. സുരേഷ് ഗോപി എംപി ഒല്ലൂർ എസ്‌ഐയോട് സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന വിഡിയോ വൈറലായതോടെ ആർക്കൊക്കെ സല്യൂട്ട് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചർച്ച സേനയിലും സജീവമായി. നിയമപ്രകാരം സല്യൂട്ട് നൽകേണ്ടാത്തവരെ സല്യൂട്ട് ചെയ്യുന്ന പരിപാടി അവസാനിപ്പിക്കാനാണ് പൊലീസുകാർക്കിടയിലെ ആലോചന. എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട ബാധ്യത പൊലീസിനില്ല. ആർക്കൊക്കെ സല്യൂട്ട് ചെയ്യണമെന്ന് കൃത്യമായ നിർദ്ദേശം പൊലീസ് മാന്വലിൽ നൽകിയിട്ടുണ്ട്. എങ്കിലും രാഷ്ട്രീയ സ്വാധീനവും പ്രതികാര നടപടികളും ഭയന്നാണ് മുൻ ജനപ്രതിനിധികളെപോലും സല്യൂട്ട് ചെയ്യാൻ പല പൊലീസുകാരും നിർബന്ധിതരാകുന്നത്. താഴ്ന്ന റാങ്കിലുള്ളവർ ഉയർന്ന റാങ്കിലുള്ളവരോട് ഏകപക്ഷീയമായി ചെയ്യുന്ന ആചാരമല്ല സല്യൂട്ട്. താഴ്ന്ന റാങ്കിലുള്ളവർ സല്യൂട്ട് ചെയ്യുമ്പോൾ ഉയർന്ന റാങ്കിലുള്ളവർ തിരിച്ചും സല്യൂട്ട് നൽകണം. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്.
ഭരണകർത്താക്കളെയും ജുഡീഷ്യൽ ഓഫിസർമാരെയും സല്യൂട്ട് ചെയ്യുമ്പോഴും അവരും തിരിച്ച് സല്യൂട്ട് ചെയ്യണം. ട്രാഫിക് ഡ്യൂട്ടി നിർവഹിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും കടന്നുപോയാൽ സല്യൂട്ട് നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ നിർദേശമുണ്ട്. പകരം അറ്റൻഷനായി നിന്ന് ട്രാഫിക് ജോലികൾ തുടരാം.ഇതു മാത്രമേ ഇനി പൊലീസ് ചെയ്യൂ. എംപി, എംഎൽഎ തുടങ്ങിയവർക്ക് സല്യൂട്ട് നൽകാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലെങ്കിലും ജനാധിപത്യത്തെ അംഗീകരിക്കുന്നതിനാലും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലുമാണ് സല്യൂട്ട് നൽകുന്നതെന്നു പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു. ഇത്തരം ഇടപെടൽ വരുമ്പോഴാണ് അത് മാനസിക പ്രശ്‌നത്തിലേക്കു വരുന്നത്. സല്യൂട്ട് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അടുത്തിടെ ഒരു ഡോക്ടർ തനിക്കു സല്യൂട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു കത്തു നൽകിയിരുന്നു. എല്ലാവർക്കും നൽകേണ്ട ഒന്നല്ല സല്യൂട്ട്. - അദ്ദേഹം പറഞ്ഞു.
സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലിൽ പറയുന്നതിങ്ങനെ:
ദേശീയപതാക, വിവിധ സേനകളുടെ പതാക
മൃതശരീരം
രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവർണർ
മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ
യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി)
മേലുദ്യോഗസ്ഥർ
സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, ജില്ലാ പൊലീസ് മേധാവികൾ, എസ്‌പിമാർ
യൂണിറ്റുകളുടെ കമൻഡന്റുമാർ
ജില്ലാ കലക്ടർ
സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്‌ട്രേറ്റ്
സേനകളിലെ കമ്മിഷൻഡ് ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ
(ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇതിനായി പ്രത്യേക മാർഗ നിർദേശങ്ങളുമുണ്ട്)
മറുനാടന് മലയാളി ബ്യൂറോ