- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചുമ്മാതല്ല തോമസ് ഐസക്കിന് ഇത്ര വെപ്രാളം! കിഫ്ബിയുടെ ഓഡിറ്റിങ് ഉറപ്പാക്കാൻ നിയമിച്ചിരിക്കുന്നത് സ്വപ്നയുടെയും ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ! വിവരം പുറത്താകുമെന്ന് ഉറപ്പായതോടെ സിഎജിക്കെതിരെ മുൻകൂർ ആക്രമണം; സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്നു കേസും വേട്ടയാടുന്ന സിപിഎമ്മിന് തലവേദനയായി കിഫ്ബിയിലെ തിരിമറികളും
തിരുവനന്തപുരം: സ്വർണ്ണക്കടത്തു, മയക്കുമരുന്നു വിവാദത്തിന് പിന്നാലെയായാണ് സംസ്ഥാനത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളും അരങ്ങേറുന്നത്. കിഫ്ബിക്കെതിരെ സിഎഇ നിലപാട് എടുക്കുന്നു എന്ന വാദവുമായി എത്തി വാർത്താസമ്മേളനം വിളിച്ചെത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്ക് തന്നെയാണ് ഈ വിവാദം മാധ്യമങ്ങൾക്ക് മുന്നിൽ ആളിക്കത്തിച്ചത്. ഇതിന് പിന്നിലെ ലക്ഷ്യം സർക്കാറിനെ കൂടുതൽ വെട്ടിലാക്കിയ സ്വർണ്ണക്കടത്തു, മയക്കുമരുന്നു കേസുകളുടെ ശ്രദ്ധ തിരിക്കുകയാണെന്നും ആളുകൾ കരുതി. എന്നാൽ, തോമസ് ഐസക്ക് വെപ്രാളപ്പെട്ടു രംഗത്തുവന്നതിന് മറ്റൊരു പ്രധാന കാരണമുണ്ട്. അത് സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി സ്വപ്ന സുരേഷും സംസ്ഥാനത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ പി വേണുഗോപാലുമായും കിഫ്ബിക്കുള്ള കണക്ഷനാണ്. ഈ വിവരം പുറത്തുവരുമെന്ന ഭയത്തിലാണ് ഐസക്ക് വെപ്രാളപ്പെട്ടു കൊണ്ട് രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ ജൂൺ മാസം 30ാം തീയ്യതി ചേർന്ന കിഫ്ബിയുടെ ബോർഡ് മീറ്റിംഗിൽ കിഫ്ബിയുടെ ഓഡിറ്റിങ് ചുമതല രണ്ട് കമ്പനികളെയായി ചുമതലപ്പെടുത്താൻ തീരുമാനിക്കുകയുണ്ടായി. കിഫ്ബിയുടെ സ്റ്റാറ്റിയൂറ്ററി ഓർഡിങ് സ്ഥാപനമായി വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടിങ് കമ്പനിയെയും പിയർ ഓഡിറ്റേഴ്സായി സൂറി ആൻഡ് കോ ചാർട്ടേഡ് അക്കൗണ്ടൻസിനെയുമാണ് നിയമിച്ചത്. ഈ കമ്പനികൾക്ക് എങ്ങനെയാണ് സുപ്രധാനമായ ഈ ഓഡിറ്റിങ് ചുമതല ലഭിച്ചത് എന്ന കാര്യത്തിൽ ആർക്കും വലിയ വ്യക്തത ഒന്നും തന്നെയില്ല. എന്നാൽ, സ്വപ്ന സുരേഷിന്റെയും എം ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന പി വേണുഗോപാലാണ് സൂറി ആൻഡ് കോയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ പ്രമുഖനായ വ്യക്തി.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത വ്യക്തിയാണ് കിഫ്ബിയുടെ ഇടപാടുകൾ ഓഡിറ്റ് ചെയ്യുന്നത് എന്നു പുറത്തായാൽ അത് വലിയ വിവാദങ്ങൾക്ക് വഴിവെക്കും എന്നതിനാൽ ഐസക്ക് കടുത്ത ആശങ്കയിലാണ്. ഈ ബന്ധം പുറത്തുവന്നതാൽ എൻഫോഴ്സ്മെന്റ് അടക്കം കിഫ്ബിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്ന ആശങ്കയും മന്ത്രിക്ക് ഉണ്ടായിട്ടുണ്ട്. തോമസ് ഐസക്കും സ്വപ്ന സുരേഷും തമ്മിൽ ബന്ധമുണ്ടെന്ന വിധത്തിലുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സിഎജിക്കെതിരെ മുൻകൂർ ആക്രമണവുമായി ഐസക്ക് രംഗത്തുവന്നത് എന്നാണ് സൂചനകൾ.
കിഫ്ബി ആക്ട് 1999 ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് ബോർഡിന്റെ അംഗീകാരത്തിനുശേഷം എല്ലാ വർഷവും ജൂലായ് മാസം അവസാനത്തിനു മുമ്പ് സർക്കാരിന് സമർപ്പിക്കേണ്ടതാണ്. ഈ വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടതാണ്. ഇങ്ങനെ നിയമസഭയുടെ മേശപ്പുറത്തേക്ക് എത്തുന്ന വിവരങ്ങൾ ഓഡിറ്റിംഗിന് വിധേയമാക്കുന്നത് ഈ രണ്ട് സ്വകാര്യ ഏജൻസികളാണ്.
വേണുഗോപാലിന്റെ സാന്നിധ്യം അടക്കം പൊതുസമൂഹത്തിൽ ചർച്ച ആയാൽ അത് പുലിവാലാകും എന്നു കണ്ടാണ് ഐസക്ക് സിഎജിക്കെതിരെ രംഗത്തെത്തിയത്. കെ എം എബ്രഹാം അടക്കമുള്ളവരുമായി പി വേണുഗോപാലിന് അടുത്ത ബന്ധങ്ങളാണ് ഉള്ള്ളത്. പല പ്രമുഖരുടെയും സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് യെച്ചുന്നതും അദ്ദേഹമാണ്. അതുകൊണ്ടു കൂടിയാണ് കിഫ്ബിയുടെ ഓഡിറ്റിങ് ചുമതല സൂറി ആൻഡ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത് എന്നും സൂചനകളുണ്ട്.
സിഎജി റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ എന്താണ് പൂർണമായുള്ളത് എന്ന കാര്യത്തിൽ ആർക്കും വ്യക്തത ഇല്ലാതിരിക്കെയാണ് ഐസക്ക് ആരോപണവുമായി രംഗത്തുവന്നത്. ഇത് കിഫ്ബിക്കെതിരായ ഗുരുതര പരാമർശം ഉള്ളതിനാലാണെന്നാണ് വ്യക്തമാകുന്നത്. ഇപ്പോൾ കാര്യങ്ങൾ ധനമന്ത്രിയിൽ നിന്നും കൈവിട്ടു പോയ അവസ്ഥയിലായതോടെ പാർട്ടി സംവിധാനങ്ങളെ ഉപയോഗിച്ചു രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് ഐസക്കിന്റെ ശ്രമം. നിലവിൽ കിഫ്ബിയിൽ നിലനിൽക്കുന്ന വിവിധ തലത്തിലുള്ള ഓഡിറ്റിങ് സമ്പ്രദായവും അനുബന്ധ നിരീക്ഷണ സംവിധാനങ്ങളും താഴെ പറയുംപ്രകാരമാണ്.
സ്റ്റാറ്റിയൂട്ടറി ഓഡിറ്റർ
ആക്ട് നിഷ്കർഷിക്കുന്ന വിധം ഒരു സ്റ്റാറ്റിയൂട്ടറി ഓഡിറ്ററാണ് കിഫ്ബിയുടെ വാർഷിക ഓഡിറ്റ്, ടാക്സ് ഓഡിറ്റ് എന്നിവ ചെയ്തുവരുന്നത്. ഇത് കൂടാതെ കിഫ് ആക്ടിലെ ഒരു സുപ്രധാന നിരീക്ഷണമായ സംവിധാനമായ ഫണ്ട് ട്രസ്ടീ ആൻഡ് അഡൈ്വസറി കമ്മീഷൻ (FTAC) നു ആവശ്യമായ സാക്ഷ്യപ്പെടുത്തിയ വിവരങ്ങളും അനുബന്ധ രേഖകളും ഈ ഓഡിറ്റേഴ്സ് യഥാസമയങ്ങളിൽ തയ്യാറാക്കിവരുന്നു. ഈ ചുമതലയാണ് വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്.
ഫണ്ട് ട്രസ്ടീ ആൻഡ് അഡൈ്വസറി കമ്മീഷൻ (FTAC)
കിഫ്ബിയുടെ ധനവിനിയോഗം ആക്ടിലെയും പദ്ധതിയിലെയും വ്യവസ്ഥകൾക്ക് അനുസൃതമായാണ് എന്ന് നിരീക്ഷിക്കേണ്ട ചുമതല പ്രത്യേക അധികാരങ്ങളുള്ള ഈ കമ്മീഷനാണ്. ധനകാര്യ മേഖലയിൽ വളരെ ഉയർന്ന പദവികളിൽ ഇരുന്നവരും അവരുടെ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ് ഈ കമ്മീഷനിലേക്ക് നിയമിക്കപെടുന്നത്. കിഫ്ബിയുടെ ധനവിനിയോഗം ഉചിതവും യുക്തവുമാണെന്ന പക്ഷം അർദ്ധ വാർഷിക അടിസ്ഥാനത്തിൽ 'ഫിഡെലിറ്റി സർട്ടിഫിക്കറ്റ് ' നൽകേണ്ട ചുമതലയും ഈ കമ്മീഷനിൽ നിക്ഷിപ്തമാണ്. ഇതിനാവശ്യമായ ഏത് രേഖകളും വിശദാംശങ്ങളും കമ്മീഷനു ആവശ്യപ്പെടാവുന്നതും ആയത് ഉദോഗസ്ഥർ ലഭ്യമാക്കേണ്ടതുമാണ്. കിഫ്ബിയുടെ വരുമാനങ്ങളും അവയുടെ വിനിയോഗവും അധികമായുള്ള ഫണ്ടിന്റെ നിക്ഷേപം കിഫ് ആക്ടിലെ മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും, കിഫ്ബിയുടെ കൈവശം അടുത്ത 6 മാസ കാലയളവിലെ തിരിച്ചടവ് ബാധ്യതകൾ വീട്ടുവാൻ പര്യാപ്തമായെന്നുമാണ് ഫിഡെലിറ്റി സർട്ടിഫിക്കറ്റ്. ഈ രേഖ എല്ലാ വർഷവും നിയമസഭായ്ക്ക് മുമ്പാകെ ബജറ്റ് ഡോക്യൂമെന്റിനോടൊപ്പം സമർപ്പിക്കുന്നു.
ഈ കമ്മീഷൻ കിഫ്ബിയുടെ വളർച്ചയിലും പ്രവർത്തനത്തിലും ക്രിയാത്മകമായി ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു. നിലവിൽ വിനോദ് റായ് (മുൻ കംപ്ട്രോളർ & ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ), ഉഷ തോരാട്ട് (മുൻ ഡെപ്യൂട്ടി ഗവർണർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ), ജ്രി. പത്മനാഭൻ (മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ) എന്നിവരാണ്. ആദ്യ രണ്ടുവർഷങ്ങൾക്ക് ശേഷം ഈ അംഗങ്ങളുടെ കാലാവധി 2021 മാർച്ച് വരെ ദീർഘിപ്പിച്ചിരുന്നു.
പിയർ റിവ്യൂ ഓഡിറ്റർ
പിയർ റിവ്യൂ ഓഡിറ്റർ ചുമലയായാണ് സൂറി ആൻഡ് കോയ്ക്ക് ലഭിച്ചിരിക്കുന്നത്. കിഫ്ബിയുടെ 37ാം വാർഷിക യോഗത്തിൽ പിയർ റിവ്യൂ ഓഡിറ്ററെ നിയമിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒടുവിൽ പിയർ റിവ്യൂ ഓഡിറ്റർ സ്ഥാനം സൂറി ആൻഡ് കോയ്ക്ക് ലഭിക്കുന്നത്. 2020 ജൂൺ 30ന് ചേർന്ന യോഗം ഇത് അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ഓഡിറ്റർമാരെ സമീപിക്കാൻ കാരണമായി കിഫ്ബി അധികൃതർ പറയുന്നത് മറ്റേത് ഭരണഘടന പരമായ സ്ഥാപനത്തിലെന്നപോലെയും കിഫ്ബി അതിന്റെ പ്രവർത്തന ആക്ട് അനുശാസിക്കുന്ന വിധത്തിലുള്ള നിലപാട് ആണ് എടുത്തിരിക്കുന്നത് എന്നാണ്.
2019 ൽ സി&എ.ജി രണ്ട് തവണ കിഫ്ബിയുടെ ഓഡിറ്റ് നടത്തിയപ്പോൾ കിഫ്ബിയുടെ ധനപരമായ ഇടപാടുകൾ ഉൾപ്പടെ എല്ലാം പരിശോധിക്കുവാനുള്ള സംവിധാനങ്ങൾ അവർക്കു നൽകിയിരുന്നു. ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും ഇത് സംബന്ധിച്ചുന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയും യഥാസമയം അവർക്ക് നൽകുകയും ചെയ്തിട്ടുണ്ടെന്നുമാണ് ഐസക്കും കൂട്ടരും അവകാശപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ