തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷമായി കിഫ്ബിയുടെ അക്കൗണ്ടുകളുടെ ഓഡിറ്റ് നടത്തുന്നതു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു ലോക്കർ എടുത്തു നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാൽ പങ്കാളിയായ സുരി ആൻഡ് കോ എന്ന സ്ഥാപനമെന്ന വെളിപ്പെടുത്തൽ പുറത്തായതോടെ ധനമന്ത്രി തോമസ് ഐസക്കും സ്വപ്‌ന കുരുക്കിൽ.ലോക്കർ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലവട്ടം വേണുഗോപാലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കിഫ്ബിയിൽ വേണുഗോപാലിന്റെ സ്ഥാപനം പങ്കാളിയാണെന്ന വിവരം എത്തുന്നത്. മറുനാടനാണ് ഇത് പുറത്തു വിട്ടത്. ഇതോടെ കിഫ്ബിയിലും കള്ളക്കളികൾ സജീവമാണെന്ന വാദം ഉയരുകയാണ്. കിഫ്ബിയിലെ ഇടപെടലുകൾക്ക മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന എം ശിവശങ്കറിന്റെ അതിബുദ്ധിയാണ് ഇതെന്നാണ് സൂചന. സ്വപ്‌നാ സുരേഷാണ് കിഫ്ബിയിലേക്ക് വേണുഗോപാലിനെ ശുപാർശ ചെയ്തതെന്നും സൂചനയുണ്ട്.

കിഫ്ബിയിലും ക്രമക്കേടുകൾ ഉള്ളതായി ഇഡി സംശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെയാണ് കിഫ്ബിയുടെ ഭാഗമായതെന്നതിൽ വേണുഗോപാലിനെ വിശദമായി ചോദ്യം ചെയ്യും. കിഫ്ബിയിലെ പല പ്രോജക്ടിലും ശിവശങ്കർ ഇടപെട്ടുവെന്ന വാദം സജീവമാണ്. ഇതിന് വേണ്ടിയാണ് വേണുഗോപാലിനെ കിഫ്ബിയിലേക്ക് നിയോഗിച്ചതെന്നാണ് സൂചന. അതിനിടെ മന്ത്രി തോമസ് ഐസക്കിനും കരുക്ക് മുറുകുകയാണ്. സർക്കാരിനു സമർപ്പിച്ചത് കരട് സിഎജി റിപ്പോർട്ടാണെന്ന ഐസക്കിന്റെ വാദം പൊളിയുകയാണ്. നവംബർ ആറിനു തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നു സിഎജി വ്യക്തമാക്കി. കരട് റിപ്പോർട്ടാണ് സർക്കാരിനു കിട്ടിയതെന്നായിരുന്നു നവംബർ 14 മുതൽ ധനമന്ത്രി വാർത്താസമ്മേളനത്തിൽ ആവർത്തിച്ചത്. കിഫ്ബി വായ്പകൾ ഭരണഘടനാവിരുദ്ധമെന്നുള്ള റിപ്പോർടിലെ ഉള്ളടക്കം പുറത്തുവിട്ടുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണമാണ് വിവാദമായത്.

സിഎജി റിപ്പോർടിലെ ഉള്ളടക്കം പരസ്യപ്പെടുത്തിയതിന്മേലുള്ള സർക്കാർപ്രതിപക്ഷ തർക്കം തുടരുന്നതിനിടെയാണ് പുറത്തുവന്നതു കരട് റിപ്പോർട്ടല്ല, അന്തിമ റിപ്പോർട്ട് തന്നെയെന്നുള്ള സിഎജി വെളിപ്പെടുത്തൽ. നവംബർ ആറിനു തന്നെ അന്തിമ റിപ്പോർട് സമർപ്പിച്ചു. 14നാണ് വാർത്താകുറിപ്പ് ഇറക്കിയത്. സിഎജിയുടെ കരട് റിപ്പോർട്ടാണ് സർക്കാരിനു നൽകിയതെന്നാണ് നവംബർ 14 മുതൽ ധനമന്ത്രി ആവർത്തിച്ച് പറഞ്ഞത്. സിഎജിയുടെ പുതിയ വെളിപ്പെടുത്തലിൽ ചൊവ്വാഴ്ച പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇതിനൊപ്പമാണ് വേണുഗോപാലാണ് ഓഡിറ്റർ എന്ന വിവരവും പുറത്തു വന്നത്. സ്വർണ്ണ കടത്തും ലൈഫ് മിഷനിലുമെല്ലാം ഇഡിയും കസ്റ്റംസും എൻഐഎയും മണിക്കൂറുകൾ ചോദ്യം ചെയ്ത വിവാദ സിഎക്കാരനാണ് വേണുഗോപാൽ. ഇതിനും ഐസക് മറുപടി പറയേണ്ടി വരും.

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കിഫ്ബി എടുക്കുന്ന വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാരിനു 3100 കോടി നഷ്ടമുണ്ടാക്കിയെന്നുമുള്ള റിപ്പോർട്ടിലെ പരാമർശം ഗൂഢാലോചനയെന്നുമായിരുന്നു ഐസകിന്റെ വാദം. നിയമസഭയിൽ വയ്ക്കാതെ റിപ്പോർട് പരസ്യമാക്കിയ മന്ത്രി ഗുരുതര ചട്ടലംഘനമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കിഫ്ബി സംബന്ധിച്ച കരട് ഓഡിറ്റ് റിപ്പോർട്ട് മെയ്‌ അഞ്ചിന് സർക്കാരിനു നൽകിയിരുന്നു. നവംബർ ആറിന് അന്തിമ റിപ്പോർട്ടാണ് ധനമന്ത്രിക്കു നൽകിയത്. ഇതിനുശേഷവും കരട് റിപ്പോർട്ടാണെന്ന് നവംബർ 14-ന് പറയുകയും മന്ത്രി സി.എ.ജി.യെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

സ്വർണ്ണക്കടത്തു, മയക്കുമരുന്നു വിവാദത്തിന് പിന്നാലെയായാണ് സംസ്ഥാനത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളും അരങ്ങേറുന്നത്. കിഫ്ബിക്കെതിരെ സിഎഇ നിലപാട് എടുക്കുന്നു എന്ന വാദവുമായി എത്തി വാർത്താസമ്മേളനം വിളിച്ചെത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്ക് തന്നെയാണ് ഈ വിവാദം മാധ്യമങ്ങൾക്ക് മുന്നിൽ ആളിക്കത്തിച്ചത്. ഇതിന് പിന്നിലെ ലക്ഷ്യം സർക്കാറിനെ കൂടുതൽ വെട്ടിലാക്കിയ സ്വർണ്ണക്കടത്തു, മയക്കുമരുന്നു കേസുകളുടെ ശ്രദ്ധ തിരിക്കുകയാണെന്നും ആളുകൾ കരുതി. എന്നാൽ, തോമസ് ഐസക്ക് വെപ്രാളപ്പെട്ടു രംഗത്തുവന്നതിന് മറ്റൊരു പ്രധാന കാരണമുണ്ടായിരുന്നു. അത് ചാർട്ടേഡ് അക്കൗണ്ടന്റായ പി വേണുഗോപാലുമായും കിഫ്ബിക്കുള്ള കണക്ഷനാണ്. ഈ വിവരം പുറത്തുവരുമെന്ന ഭയത്തിലാണ് ഐസക്ക് വെപ്രാളപ്പെട്ടു കൊണ്ട് രംഗത്തെത്തിയത് എന്നാണ് സൂചന.

ഇക്കഴിഞ്ഞ ജൂൺ മാസം 30ാം തീയ്യതി ചേർന്ന കിഫ്ബിയുടെ ബോർഡ് മീറ്റിംഗിൽ കിഫ്ബിയുടെ ഓഡിറ്റിങ് ചുമതല രണ്ട് കമ്പനികളെയായി ചുമതലപ്പെടുത്താൻ തീരുമാനിക്കുകയുണ്ടായി. കിഫ്ബിയുടെ സ്റ്റാറ്റിയൂറ്ററി ഓർഡിങ് സ്ഥാപനമായി വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടിങ് കമ്പനിയെയും പിയർ ഓഡിറ്റേഴ്സായി സൂറി ആൻഡ് കോ ചാർട്ടേഡ് അക്കൗണ്ടൻസിനെയുമാണ് നിയമിച്ചത്. ഈ കമ്പനികൾക്ക് എങ്ങനെയാണ് സുപ്രധാനമായ ഈ ഓഡിറ്റിങ് ചുമതല ലഭിച്ചത് എന്ന കാര്യത്തിൽ ആർക്കും വലിയ വ്യക്തത ഒന്നും തന്നെയില്ല. എന്നാൽ, സ്വപ്ന സുരേഷിന്റെയും എം ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന പി വേണുഗോപാലാണ് സൂറി ആൻഡ് കോയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ പ്രമുഖനായ വ്യക്തി.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത വ്യക്തിയാണ് കിഫ്ബിയുടെ ഇടപാടുകൾ ഓഡിറ്റ് ചെയ്യുന്നത് എന്നു പുറത്തായാൽ അത് വലിയ വിവാദങ്ങൾക്ക് വഴിവെക്കും എന്നതിനാൽ ഐസക്ക് കടുത്ത ആശങ്കയിലാണ്. ഈ ബന്ധം പുറത്തുവന്നതാൽ എൻഫോഴ്സ്മെന്റ് അടക്കം കിഫ്ബിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്ന ആശങ്കയും മന്ത്രിക്ക് ഉണ്ടായിട്ടുണ്ട്. തോമസ് ഐസക്കും സ്വപ്ന സുരേഷും തമ്മിൽ ബന്ധമുണ്ടെന്ന വിധത്തിലുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സിഎജിക്കെതിരെ മുൻകൂർ ആക്രമണവുമായി ഐസക്ക് രംഗത്തുവന്നത് എന്നാണ് സൂചനകൾ.

കിഫ്ബി ആക്ട് 1999 ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് ബോർഡിന്റെ അംഗീകാരത്തിനുശേഷം എല്ലാ വർഷവും ജൂലായ് മാസം അവസാനത്തിനു മുമ്പ് സർക്കാരിന് സമർപ്പിക്കേണ്ടതാണ്. ഈ വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടതാണ്. ഇങ്ങനെ നിയമസഭയുടെ മേശപ്പുറത്തേക്ക് എത്തുന്ന വിവരങ്ങൾ ഓഡിറ്റിംഗിന് വിധേയമാക്കുന്നത് ഈ രണ്ട് സ്വകാര്യ ഏജൻസികളാണ്. വേണുഗോപാലിന്റെ സാന്നിധ്യം അടക്കം പൊതുസമൂഹത്തിൽ ചർച്ച ആയാൽ അത് പുലിവാലാകും എന്നു കണ്ടാണ് ഐസക്ക് സിഎജിക്കെതിരെ രംഗത്തെത്തിയത്.

കെ എം എബ്രഹാം അടക്കമുള്ളവരുമായി പി വേണുഗോപാലിന് അടുത്ത ബന്ധങ്ങളാണ് ഉള്ളത്. പല പ്രമുഖരുടെയും സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് യെച്ചുന്നതും അദ്ദേഹമാണ്. അതുകൊണ്ടു കൂടിയാണ് കിഫ്ബിയുടെ ഓഡിറ്റിങ് ചുമതല സൂറി ആൻഡ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത് എന്നും സൂചനകളുണ്ട്.