- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരി; എന്റെ കൊച്ചിനെ വീട്ടിലാക്കണം, ഇവിടെ നിർത്തരുത്'; ആത്മഹത്യ ചെയ്ത സുവ്യയുടെ ശബ്ദസന്ദേശത്തിൽ നിറയുന്നത് ഭർതൃമാതാവിന്റെ പീഡനങ്ങൾ; ഭർതൃമാതാവിനെതിരെ പരാതിയുമായി സുവ്യയുടെ ബന്ധുക്കൾ
കൊല്ലം: കിഴക്കേകല്ലടയിൽ ജീവനൊടുക്കിയ സുവ്യയുടെ ശബ്ദസന്ദേശം പുറത്ത്.34 കാരിയും ഏഴുകോൺ സ്വദേശിനിയുമായ സുവ്യ ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. ജീവനൊടുക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത ശബ്ദസന്ദേശമാണിത്.സന്ദേശം പുറത്ത് വന്നതിന് പിന്നാലെ യുവതിയുടെ ആത്മഹത്യ ഭർതൃമാതാവിന്റെ മാനസികപീഡനം കാരണമെന്ന് പരാതിയുമായി കുടുംബം രംഗത്തെത്തി.
ഭർതൃമാതാവായ വിജയമ്മയുടെ നിരന്തരമായ മാനസികപീഡനമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന് കാരണക്കാരി വിജയമ്മയാണെന്നും ആറുവയസ്സുള്ള കുഞ്ഞിനെ ഭർത്താവിന്റെ വീട്ടിൽ നിർത്തരുതെന്നും സുവ്യ കരഞ്ഞുപറഞ്ഞിരുന്നു. 'ഞാൻ പോവുകയാ... എനിക്കീ ജീവിതമൊന്നും വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരി. അവർ എന്നെ പീഡിപ്പിച്ചു. എന്നും വഴക്കാണ്. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയുകയാണ്.അവരും മോനും ചേർന്നാണ് എല്ലാം.രണ്ടുപേരും കൂടെ എന്നും വഴക്കാണ്.
അയാൾ ഒരക്ഷരം കൂടെ മിണ്ടത്തില്ല. ഞാൻ എന്ത് പറഞ്ഞാലും മിണ്ടില്ല. തിരിച്ച് അവരുടെ കാര്യങ്ങളിൽ അയാൾക്ക് നാവും ഉണ്ട് എല്ലാം ഉണ്ട്. അവർ ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്ന് പറയുമ്പോൾ ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യില്ല. ഇവിടെന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞ് രാവിലെ തൊട്ട് ചീത്തവിളിയാണ്.അതും ഇതും പറഞ്ഞാണ് ഫുൾടൈം ഇരിക്കുന്നത്. എന്ത് സംഭവിച്ചാലും അതിന് കാരണം ഇവിടത്തെ വിജയമ്മയാണ്.
എന്റെ കൊച്ചിനെ എങ്ങനെയായാലും വീട്ടിലാക്കണം.എന്ത് സംഭവിച്ചാലും ഇവിടെ നിർത്തരുത്. എനിക്ക് വയ്യ. മടുത്തു, സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയാണ്. എന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും പ്ലീസ് എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റാത്തതുകൊണ്ടാണ്'.എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
എം.സി.എ. ബിരുദധാരിയായ സുവ്യ 2014-ലാണ് വിവാഹിതയായത്.ഭർത്താവും ഭർതൃമാതാവും സുവ്യയെ മർദിക്കാറുണ്ടെന്ന് സഹോദരൻ വിഷ്ണുവും ആരോപിക്കുന്നു.സർക്കാർ ജോലി ആഗ്രഹിച്ചിരുന്ന യുവതി ഏതാനും പി.എസ്.സി. റാങ്ക് ലിസ്റ്റുകളിലും ഇടം നേടിയിരുന്നു. എന്നാൽ തൊഴിലുറപ്പിനോ മറ്റോ പോയി പണം കൊണ്ടുവരണമെന്നും വെറുതെ വീട്ടിലിരിക്കരുതെന്നും പറഞ്ഞ് ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നതായാണ് ആരോപണം.
പീഡനം സഹിക്കവയ്യാതെ കുറച്ചുനാളുകൾക്ക് മുമ്പ് സുവ്യ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ പിന്നീട് ഭർത്താവ് വീട്ടിലെത്തി പ്രശ്നം പരിഹരിച്ച് സുവ്യയെ തിരികെ കൊണ്ടുപോയി.കഴിഞ്ഞ എട്ടാം തീയതി ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് സുവ്യ വീണ്ടും വീട്ടിലെത്തി. ഉത്സവം കഴിഞ്ഞ് ഒമ്പതാം തീയതി അല്പം വൈകിയാണ് ഭർതൃവീട്ടിലേക്ക് മടങ്ങിയത്. മടങ്ങിപ്പോകാൻ വൈകിയതിനാൽ ഭർതൃമാതാവ് അസഭ്യം പറയുമെന്ന് പറഞ്ഞാണ് സുവ്യ അന്ന് പോയത്. ഇതിനുപിന്നാലെയാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ