തിരുവനന്തപുരം: മംഗളത്തിലെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് നൽകിയ എസ് വി പ്രദീപ് ഹർജി പിൻവലിച്ചതിൽ ദൂരൂഹത കണ്ട് സുഹൃത്തുക്കൾ. ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ മംഗളം ടിവി ചാനൽ നൽകിയ ഹണിട്രാപ്പ് കേസിൽ ജയിലിലായ മാധ്യമ പ്രവർത്തകനാണ് പ്രദീപ്. പിന്നീട് ഈ കേസിലെ സത്യങ്ങൾ തുറന്നു പറഞ്ഞ് പ്രദീപ് രംഗത്തു വന്നിരുന്നു. പിന്നീട് ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് തന്നെ ഹൈക്കോടതിയിൽ ഹർജി നൽകാൻ മുൻകൈയെടുക്കുകയായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനായ എംബി സന്തോഷും പ്രദീപിനൊപ്പം കൂടിയിരുന്നു. എന്നാൽ സന്തോഷ് പോലും അറിയാതെ ഈ ഹർജി പിൻവലിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരം നഗരത്തിൽ വഞ്ചിയൂരിന് അടുത്ത് സഹോദര സമാജത്തിന് സമീപമാണ് എസ് വി പ്രദീപ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പതിവായി മടങ്ങുന്ന സമയത്തായിരുന്നു ഇന്നലത്തേയും യാത്ര. അതുകൊണ്ട് തന്നെ പ്രദീപിന്റെ യാത്രാ വഴിയിൽ കാത്തു നിന്ന ടിപ്പർ അപകടമുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. അപകടത്തിന് മുമ്പ് സാവധാനം പോയ ടിപ്പർ അതിന് ശേഷം അതിവേഗം കുതിച്ചു പാഞ്ഞത് ഇതിന്റെ സൂചനയാണ്. ആസൂത്രണത്തോടെ നടന്ന കൊലയിൽ കേസ് പിൻവലിച്ചതിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് സംശയം ഉയർത്തുന്നത്. എൽഎൽബിക്ക് ശേഷം മാധ്യമ പ്രവർത്തകനായ വ്യക്തിയാണ് പ്രദീപ്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രദീപിനുണ്ടായിരുന്നു. അത്തരത്തിലൊരു കേസാണ് സഹ ഹർജിക്കാരനായ എംബി സന്തോഷ് പോലും അറിയാതെ പിൻവലിക്കാൻ പ്രദീപ് തയ്യാറായതായി സൂചനകൾ പുറത്തു വരുന്നത്. ഇത് വിശ്വസിക്കാൻ സന്തോഷിന് പോലും കഴിയുന്നില്ല.

കേരളത്തിലെ തലമുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളാണ് എംബി സന്തോഷ്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ കേരള കൗമുദിയിലെ പഴയ ബ്യൂറോ ചീഫ്. മംഗളം ടിവിയുടെ ആദ്യകാല പ്രധാനിയായിരുന്നു സന്തോഷ്. ഹണിട്രാപ്പിൽ സന്തോഷും പ്രദീപിനൊപ്പം ജയിൽ വാസം അനുഭവിച്ചിരുന്നു. അതൊന്നും അവർക്ക് പ്രശ്‌നവുമായില്ല. എന്നാൽ ചില ഒത്തുതീർപ്പുകളിലൂടെ ഈ കേസ് ഒഴിവാക്കാൻ കള്ളക്കളികൾ നടന്നു. ഇതിനെ പ്രദീപും സന്തോഷും എതിർത്തു. പിന്നാലെ മംഗളം ടിവിയിൽ അവർക്ക് പ്രശ്‌നവും തുടങ്ങി. അങ്ങനെയാണ് പ്രദീപ് മംഗളം വിടുന്നത്. സന്തോഷിനും പിടിച്ചു നിൽക്കാനായില്ല. ഇതിന് ശേഷം ഹണിട്രാപ്പിലെ കള്ളങ്ങൾ പുറത്തു കൊണ്ടു വരാനായി ശ്രമം. ഇതിന് വേണ്ടിയാണ് ഹർജിയുമായി പോയത്. ഇതിനൊപ്പം ബിലീവേഴ്‌സ് ചർച്ചിനെതിരെ നടന്ന റെയ്ഡുകൾക്ക് പിന്നിലും മാധ്യമ പ്രവർത്തനത്തിലെ പ്രദീപിന്റെ മികവുണ്ടായിരുന്നു.

ബലീവേഴ്‌സ് ചർച്ചിന്റെ റെയ്ഡിൽ മംഗളം ടിവിയുടെ ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥരെത്തി. ഇതിന് സഹായകകരമായ രേഖകൾ കണ്ടെത്തിയതിന് പിന്നിൽ പ്രദീപിന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സൂചന. ബിലീവേഴ്‌സ് ചർച്ചിന് മംഗളം ടിവിയിൽ നിക്ഷേപമുണ്ടെന്ന സംശയത്തിലായിരുന്നു മംഗളം ഓഫീസിലെ റെയ്ഡുകൾ. മംഗളം ടിവിയുടെ മേധാവിയായ ആർ അജിത് കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഇതിനെല്ലാം പിന്നിൽ താനാണെന്ന് പറയാനും പ്രദീപിന് മടിയുണ്ടായില്ല. ഇതോടെ ശത്രുകൾ കൂടുകയും ചെയ്തു. അപ്പോഴും പഴയ സൗഹൃദങ്ങളുമായി പ്രദീപ് ചേർന്നു പോയി. എല്ലാം എല്ലാവരോടും പറഞ്ഞു. എന്നിട്ടും ഹണിട്രാപ്പിലെ കേസ് പിൻവലിക്കുന്ന കാര്യം ആരോടും പറഞ്ഞില്ല. പ്രദീപിന്റെ മരണത്തിന് ശേഷമാണ് ഇക്കാര്യം അവർ പോലും അറിയുന്നത്.

പ്രദീപ് നിർദ്ദേശിച്ച പ്രകാരമാണ് ഹൈക്കോടതിയിൽ കേസിന് പോയതെന്ന് സന്തോഷും പറയുന്നു. എല്ലാ കാര്യവും സന്തോഷ് തുറന്നു പറയുമായിരുന്നു. മൂന്ന് ദിവസം മുമ്പും ഒരു മണിക്കൂർ സംസാരിച്ചു. ഇന്നലെ സംശയം തീർക്കാൻ വിളിച്ചു. അപ്പോഴും കേസ് പിൻവലിച്ച കാര്യം ഹർജിക്കാരനായ തന്നോട് പോലും പറഞ്ഞില്ലെന്ന് എംബി സന്തോഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് കേസ് പിൻവലിക്കാൻ പ്രദീപ് തയ്യാറായതെന്ന് അറിയില്ല. അതേ മറ്റെന്തെങ്കിലും ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്നും ആർക്കും അറിയില്ല- എംബി സന്തോഷും പ്രദീപിന്റെ മരണത്തിൽ ദുരൂഹത കാണുകയാണ്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ഏതോ ഒരു ശത്രു പ്രദീപിനെ വകവരുത്താനുള്ള സാധ്യതയും സുഹൃത്തുക്കൾ തള്ളിക്കളയുന്നില്ല.

എസ്. വി. പ്രദീപ് ഉറക്കെ പറഞ്ഞ പലതും നിങ്ങളെ പലരെയും പ്രകോപിപ്പിച്ചിട്ടുണ്ടാകാം. പക്ഷെ ഒരു കാര്യം നിങ്ങളറിയണം. അവൻ അഴിമതിയുടെ കറപുരളാതെ 4 പതിറ്റാണ്ട് ജീവിച്ചു. ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അവന് വേണമെങ്കിൽ പണം സമ്പാദിക്കാനായി മൗനം പാലിക്കാമായിരുന്നു. അല്ലെങ്കിൽ അധികാരത്തിന്റെ പൊട്ടും പൊടിയും നേടാൻ പലരും ചെയ്യുന്നപോലെ ആർക്കെങ്കിലും വേണ്ടി ഒച്ചയുണ്ടാക്കാമായിരുന്നു. ഒന്നാന്തരം വാഗ്മിയായിരുന്നു അവൻ. നല്ല അഭിഭാഷകനാകുമായിരുന്നു. നാടക പ്രവർത്തകനായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ധീരനായിരുന്നു. വധഭീഷണികൾ വകവെക്കാതെ സധൈര്യം ജീവിച്ച പോരാളിയായിരുന്നു.-പ്രദീപിന്റെ സുഹൃത്തായ സനൽകുമാർ ശശിധരൻ ഫെയ്‌സ് ബുക്കിൽ ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഇത് തന്നെയായിരുന്നു മറ്റുള്ള സുഹൃത്തുക്കൾക്കും പ്രദീപ്. അതുകൊണ്ട് കൂടിയാണ് മംഗളം ടിവിയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കലിനെ സംശയത്തോടെ എംബി സന്തോഷും കാണുന്നത്.

മംഗളം പത്രവും ചാനലും രണ്ടായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മംഗളം പത്രത്തിന്റെ ചുമതലയിൽ നിന്നും അജിത് കുമാറിനെ മാനേജ്‌മെന്റ് മാറ്റിയിരുന്നു. ഇതിനെല്ലാം പിന്നിൽ പ്രദീപിന്റെ ഇടപടെലാണെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിലാണ് പ്രദീപിന്റെ അജ്ഞാത കൊലപാതക ശത്രു ആരെന്ന സംശയം സജീവമാകുന്നതും.