തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പരി കൊള്ളുമ്പോഴായിരുന്നു ടിപി ചന്ദ്രശേഖരനെ 51 വെട്ടിന് കൊലപ്പെടുത്തിയത്. നെയ്യാറ്റിൻകരയിലെ വോട്ടെടുപ്പ് ദിവസം വി എസ് ഒഞ്ചിയത്ത് എത്തിയതും ചർച്ചയായി. ഇപ്പോഴിതാ ടിപി ചന്ദ്രശേഖരന്റെ നാടായ ഒഞ്ചിയത്ത് വോട്ടെടുപ്പ് നടക്കുമ്പോൾ നെയ്യാറ്റിൻകര ഹൈവേയിൽ എസ് വി പ്രദീപിന്റെ മരണം. ടിപിയെ കൊന്നത് 51 വെട്ടിനെങ്കിൽ ടിപ്പർ ലോറിയുടെ ഒറ്റ ഇടിയിൽ പ്രദീപിന്റെ കഥ കഴിഞ്ഞു. അതിശക്തമായ ഭാഷയിൽ വാർത്താ അവതരണം നടത്തിയ പ്രദീപിന് ശത്രുക്കൾ ഏറെയുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ ടിപിക്കുണ്ടായിരുന്നതിനേക്കാൾ ശത്രുക്കൾ. അതുകൊണ്ടാണ് പ്രദീപിന്റെ മരണം ദുരൂഹമാകുന്നത്.

പ്രീദിപിനെ ഇടിച്ചു തെറിപ്പിച്ചത് പിന്നിൽ നിന്ന് വന്ന സ്വരാജ് മസ്ദ ടിപ്പറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ. അധികം കടകളോ സിസിടിവികളോ ഇല്ലാത ആളൊഴിഞ്ഞ സ്ഥലത്ത് വച്ചു കാരക്കാമണ്ഡപത്തിനു സമീപം പ്രദീപിനെ ഇടിച്ചു തെറിച്ചിപ്പു വാഹനം കടന്നു കളയുകയായിരുന്നു. പ്രദീപ് നയിക്കുന്ന യുട്യൂബ് അടുത്തിടെ സംപ്രേഷണം ചെയ്തതിൽ അധികവും സ്വർണക്കടത്തിൽ സ്വപ്ന സുരേഷും പിണറായി സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. ഇതിനൊപ്പം വൻ കിട മുതലാളിമാർക്കെതിരേയും ആഞ്ഞടിച്ചു. സ്വർണ്ണ കടത്ത് ചർച്ചയായതു മുതൽ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പ്രദീപ് സഞ്ചരിച്ചിരുന്നു. സ്വപ്‌നാ സുരേഷും നെയ്യാറ്റിൻകരക്കാരിയായിരുന്നു. പള്ളിച്ചലിലും ഇവർക്ക് അടുപ്പക്കാരും ബന്ധുക്കളുമുണ്ടായിരുന്നു. ഇവിടെയായിരുന്നു പ്രദീപിന്റെ വീടും. അതുകൊണ്ട് തന്നെ വാർത്തകൾ പ്രദീപിനെ തേടിയെത്തി. സംശയങ്ങൾ തുറന്നു പറഞ്ഞു.

അതിൽ പ്രദീപ് ഒടുവിലായി ചെയ്ത വാർത്ത സ്വർണക്കടത്തിൽ സ്വപ്നയുമായി ബന്ധമുള്ള ബുദ്ധിജീവിയായ സിനിമ പ്രവർത്തകന്റെ പങ്കിനെ പറ്റിയായിരുന്നു. സ്വപ്നയ്ക്ക് ബംഗളൂരുവിൽ അടക്കം ഒളിത്താവളം ഒരുക്കി നൽകുന്നതിൽ പ്രധാനിയായ ഇയാൾ സിപിഎം നോമിനേഷനിൽ നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിക്കാൻ തയ്യാറെടുക്കുന്ന ആളാണെന്നും പ്രദീപ് വാർത്തയിൽ വെളിപ്പെടുത്തിയിരുന്നു. ഈ സിനിമ വമ്പന് ബംഗളൂരു അടക്കം സ്ഥലങ്ങളിൽ വലിയ സ്വാധീനമുണ്ടെന്നും വാർത്തയിൽ വ്യക്തമാക്കി. വാഹനാപകടത്തിൽ പ്രദീപ് കൊല്ലപ്പെടും മുൻപ് അവസാനമായി ചെയ്ത വാർത്തയും ഇതായിരുന്നു. അങ്ങനെ നിഗൂഡതകൾ ഏറെയുള്ള വാർത്തകൾ ചർച്ചയാക്കിയ മാധ്യമ പ്രവർത്തകനാണ് ഒഞ്ചിയത്ത് വോട്ടെണ്ണൽ നടക്കുമ്പോൾ നെയ്യാറ്റിൻകര ഹൈവേയിൽ മരിച്ചു വീണത്.

ഇന്നു വൈകിട്ട് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുവെച്ച് നടന്ന വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. പ്രദീപ് ഓടിച്ചിരുന്ന ആക്ടീവ ഇടിച്ചിട്ടശേഷം വണ്ടി നിർത്താതെ പോകുകയായിരുന്നു. മംഗളം ഹണിട്രാപ്പ് കേസിൽ പ്രതി ചേർത്ത് പ്രദീപിനെ പിണറായി സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഈ കേസിൽ താൻ ഒരുവിധത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും പിണറായി സർക്കാരിലെ കൂടുതൽ മന്ത്രിമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദേഹം വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇങ്ങനെ രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടിലാക്കുന്ന പല വെളിപ്പെടുത്തലും പ്രദീപ് നടത്തിയിരുന്നു. ഇതെല്ലാം കൊള്ളേണ്ടിടത്തുകൊല്ലുകയും ചെയ്തു.

ആർ.എംപിയുടെ സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തികയായിരുന്നു. തന്റെ പാർട്ടിയായ സിപിഎം -ൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്ന് പരസ്യമായി വിമർശിച്ച് 2009-ൽ ചന്ദ്രശേഖരൻ സിപിഎം വിട്ടുപോയി. തുടർന്നു് അദ്ദേഹം കോഴിക്കോട് വടകര താലൂക്കിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ റെവലൂഷ്യണറി മാർക്‌സിസ്റ്റ് പാർട്ടി (ആർ.എംപി) എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകി.

സംഘടനയുടെ ഓഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ടിപി. രാഷ്ട്രീയ എതിരാളികളായിരുന്നു ടിപിയെ കൊലപ്പെടുത്തിയത്. അന്ന് കേരളം തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലെ വിധിയിൽ അത് പ്രതിഫലിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലാണ് ടിപി ചോദ്യങ്ങളുമായി നിറഞ്ഞ് ശത്രുക്കളെ ഉണ്ടാക്കിയതെങ്കിൽ പ്രദീപിന് മാധ്യമ പ്രവർത്തനം നൽകിയതും അതേ ശത്രൂക്കളെയായിരുന്നു. തദ്ദേശത്തിന്റെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലാകുമ്പോൾ പ്രദീപും കൊല്ലപ്പെട്ടു. ടിപിയെ ക്വട്ടേഷൻ ഏറ്റെടുത്തുകൊന്നവർ അഴിക്കുള്ളിലാണ്. ഇതേ മോഡൽ ക്വട്ടേഷൻ പ്രദീപിന്റെ മരണത്തിലും നിറയുന്നുണ്ട്. ഹൈവേയിൽ ആരും കാണത്തിടത്ത് അപകടം.

ടിപിയെ 51 വെട്ടിയവർ ചെയ്തതു പോലെ പ്രദീപിന്റെ മരണം ഉറപ്പാക്കിയാണ് ആ ടിപ്പർ ആരുമറിയാതെ സ്‌പോട്ട് വിട്ടു പോയത്. ഇതെല്ലാം ദൂരൂഹമാണ്. തെളിവ് നശിക്കും മുമ്പേ കേന്ദ്ര ഏജൻസികൾ എത്തിയാൽ മാത്രമേ പ്രദീപിന്റെ മരണ കാരണം പുറത്തു വരൂവെന്നതാണ് വസ്തുത.