തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് വാഹനാപകടത്തിൽ മരിക്കുമ്പോൾ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.

അധികം കടകളോ സി സി ടി വികളോ ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു അപകടം. കാരക്കമണ്ഡപത്തിന് സമീപം വച്ച് പ്രദീപിന്റെ ബൈക്ക് പിന്നാലെയെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദീപിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാഹനം കടന്നു കളയുകയായിരുന്നു. പ്രദീപിന്റെ വാഹനം സഞ്ചരിച്ച അതേ ദിശയിൽ എത്തിയ വാഹനമാണ് പ്രദീപ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. പ്രദീപ് നയിക്കുന്ന യു ട്യൂബ് ചാനലിൽ അടുത്തിടെ സംപ്രേഷണം ചെയ്തതിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ആയിരുന്നു. ഇതും മരണത്തിൽ ദുരൂഹത കൂട്ടുന്നു. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

കേട്ടാലറയ്ക്കുന്ന ഭാഷ ഉപയോഗിച്ച് മാധ്യമ ലോകത്തെ മലീമസമാക്കിയലും സഖാക്കളെ നിരന്തരം അസഭ്യവർഷം നടത്തിയതിലും താങ്കൾക്ക് മാപ്പ് നൽകിയിരിക്കുന്നു-ഇതാണ് സിപിഎം സൈബർ പോരാളികളുടെ ഗ്രൂപ്പിൽ എത്തിയ അനുശോചന സന്ദേശം. അതായത് മരിച്ചിട്ടും പ്രദീപിനെ വെറുതെ വിടുന്നില്ല സൈബർ സഖാക്കൾ. പ്രദീപിന്റെ മരണം അവർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്. അങ്ങനെ വിചിത്ര കാഴ്ചകളും പ്രദീപിന്റെ മരണം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കുകയാണ്.

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നതെന്നും ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 'മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണം. അദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ ഉന്നത തല അന്വേഷണം നടത്തണം. വസ്തുതകൾ പുറത്തുകൊണ്ടുവരണം. പ്രദീപിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ആദരാജ്ഞലികൾ...' - രമേശ് ചെന്നിത്തല പറഞ്ഞു.

അനീതിക്കെതിരെ നിരന്തരമായി പോരാടിയിരുന്നഎസ്. വി പ്രദീപിന്റെ അപകട മരണം ഞെട്ടലുളവാക്കുന്നതാണെന്ന് പി ടി തോമസ് പ്രതികരിച്ചു. ജനാധിപത്യം നിലവിൽ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഏകാധിപത്യ സർവാധിപത്യം നടമാടുന്ന രാജ്യങ്ങളിലും കേൾക്കാറുള്ള പേടിപ്പെടുത്തുന്ന സംഭവങ്ങൾക്ക് സമാനമാണ് സംശയകരമായ ഈ മരണം. സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരിന്നു. സംസ്ഥാന സർക്കാരിന് എതിരെ നിരന്തരം വിമർശനം ഉയർത്തിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് എസ് വി പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയെന്നാണ് പുറത്തു വരുന്ന വിവരമെന്നും ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതിശക്തമായ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തു വന്നു. ആദരാഞ്ജലികൾ. ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു-സുരേന്ദ്രൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.