- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർക്സിസം ലോകത്ത് ഏറ്റവും പ്രസക്തമായ തത്വശാസ്ത്രമാണെന്ന് ഉറക്കെ പറയാൻ ധൈര്യം കാട്ടിയ സന്ന്യാസിവര്യൻ; കാവിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിലപാടെടുത്ത പോരാളി; എല്ലാ സ്വത്തുക്കളും പ്രകൃതി വിഭവങ്ങളും മനുഷ്യർ ഒരുമിച്ച് പങ്കിടണം എന്ന് ആഹ്വാനം ചെയ്ത മനുഷ്യസ്നേഹി; അന്തരിച്ച സ്വാമി അഗ്നിവേശിന് അന്ത്യവിശ്രമം ഒരുക്കുക ഗുരുഗ്രാമിലെ ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിൽ; സംസ്കാര ചടങ്ങുകൾ വൈകിട്ട് നാലിന്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും. ഗുരുഗ്രാമിലെ ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിൽ ഇന്നു വൈകിട്ട് 4 നാണ് സംസ്കാരം. ഭൗതിക ശരീരം ജന്തർമന്ദിർ റോഡിലെ ഓഫിസിൽ രാവിലെ പൊതുദർശനത്തിനു വെച്ചു. രാജ്യത്തെ പുരോഗമന വാദികൾ കാവി വത്ക്കരണത്തെ കുറിച്ച് ആശങ്ക പൂണ്ടിരുന്ന വേളയിലും അവർക്ക് ആവേശവും ഊർജ്ജവുമായ കാവിധാരിയായിരുന്നു സ്വാമി അഗ്നിവേശ്.
രാഷ്ട്രീയ മുതലെടുപ്പിൽ നിന്നും കാവിയെ മോചിപ്പിക്കാൻ ശ്രമിച്ച സന്ന്യാസി മാത്രമായിരുന്നില്ല സ്വാമി അഗ്നിവേശ്. കഷ്ടതകളിൽ നിന്നും ജനതയെ മോചിപ്പിക്കാൻ അവസാനം വരെ പോരാടിയ വിപ്ലവകാരി കൂടിയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് ഡൽഹി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെപ ശ്യാം റാവു എന്ന് പൂർവ്വാശ്രമത്തിൽ അറിയപ്പെട്ട അഗ്നിവേശ് കൃത്യം 81 വയസ് പിന്നിട്ടിട്ട് പത്തുദിവസം തികഞ്ഞിരുന്നു.
രണ്ടുവർഷം മുമ്പ് ഝാർഖണ്ഡിൽ നിരായുധനായ ഒരു സന്ന്യാസിയെ ആയുധധാരികൾ വളഞ്ഞിട്ട് മർദ്ദിച്ചതിന്റെ പരിക്കുകളുടെ ഫലമായിരുന്നു ഇതിഹാസ തുല്യമായ ഒരു ജീവിതത്തിന് ഇന്നലെ വിരാമമായത്. അഗ്നിവേശ് വെറുമൊരു മനുഷ്യനായിരുന്നില്ല. ഇന്ത്യൻ ഭൂതകാലത്തിന്റെ പൈകൃകം പേറുന്ന ഒരു തലമുറയെ ആ പൈതൃകം കൈമോശം വരാതെ പുരോഗതിയുടെ പടവുകൾ താണ്ടാൻ പ്രാപ്തമാക്കാൻ പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. പത്രങ്ങൾ വായിക്കാത്തവരോ ടെലിവിഷൻ കാണാത്തവരോ പോലും അഗ്നിവേശിനെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമില്ല. സ്വാമി വിവേകാനന്ദന്റെ കലണ്ടർ പെയിന്റിങ് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, നിറം, വസ്ത്രം, നിലപാട് എന്നിവയാൽ അവർ അഗ്നിവേശിനെ തിരിച്ചറിയും.
ആര്യസമാജത്തിന്റെ പിരിഞ്ഞ വിഭാഗത്തിന്റെ ആഗോള തലവനായിരുന്നു സ്വാമി അഗ്നിവേശ്. അരനൂറ്റാണ്ടിലേറെക്കാലം സന്ന്യാസത്തിന്റെ പവിത്രതയും ബഹുമാനവും വീണ്ടെടുക്കാൻ പോരാടി. സന്യാസിയുടെ കാവിയെ, അധികാരത്തിലേക്ക് നടന്ന് കയറാൻ മത- ദേശീയത ഇത് വിജയകരമായി ഉപയോഗിച്ച രാഷ്ട്രീയ അവസരവാദികൾക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.
കാവിയുടുത്ത കമ്മ്യൂണിസ്റ്റ്
കമ്മ്യൂണിസ്റ്റ് എന്നും സോഷ്യലിസ്റ്റ് എന്നും മാവോയിസ്റ്റ് എന്നുമെല്ലാം തരത്തിനനുസരിച്ച് അഗ്നിവേശിനെ എതിരാളികൾ വിമർശിക്കാറുണ്ട്. എന്നാൽ, എല്ലാ മനഷ്യരും ഒരുമിക്കണമെന്നും എല്ലാവരും തുല്യരാണെന്നുമാണ് വേദങ്ങൾ പഠിപ്പിക്കുന്നത് എന്ന് സ്വാമി പല അവസരങ്ങളിലും ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാ സ്വത്തുക്കളും പ്രകൃതി വിഭവങ്ങളും മനുഷ്യർ ഒരുമിച്ച് പങ്കിടണം. അതിന്റെ ഉടമസ്ഥത എല്ലാവർക്കുമാണ് എന്ന് വേദങ്ങൾ പറയുന്നു. ഷെയറിംഗ് ആൻഡ് കെയറിംഗ് ആണ് വേദങ്ങളുടെ അന്തസ്സത്ത. അത്യാഗ്രഹമല്ല,ആവശ്യമാണ് അടിസ്ഥാനമാക്കേണ്ടത് എന്നാണ് വേദങ്ങൾ പറയുന്നത്. ഇത് കാൾമാർക്സ് പറഞ്ഞതിന് തുല്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വർഷങ്ങൾക്കു മുമ്പ് കാൾ മാക്സ് സ്വകാര്യ സ്വത്ത് സംബന്ധിച്ച് പറഞ്ഞത് ഇതുമായി ചേർത്തു വയ്ക്കാവുന്നതാണ് എന്നായിരുന്നു സ്വാമി അഗ്നിവേശിന്റെ നിലപാട്. മാർക്സിസം ലോകത്ത് ഏറ്റവും പ്രസക്തമായ തത്വശാസ്ത്രമാണെന്ന് എക്കാലവും വിശ്വസിച്ച ആളാണ് സ്വാമി അഗ്നിവേശ്. .പ്രകൃതി വിഭവങ്ങൾ എല്ലാവരുടേതുമാണ് എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ നിന്നും വിശ്വമാനവികതയിലേക്ക്
വളരെ യാഥാസ്ഥിതികമായ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അഗ്നിവേശ് ജനിച്ചത്. ആന്ധ്രയിലെ ശ്രീകാകുളത്തായിരുന്നു ജനനം. വേപ ശ്യാം കുമാർ റാവു (വി എസ്.കെ.റാവു )എന്നായിരുന്നു പൂർവാശ്രമത്തിൽ പേര്. അദ്ധ്യാപകൻ, അഭിഭാഷകൻ, രാഷ്ട്രീയനേതാവ്, മന്ത്രി എന്നിങ്ങനെ ഒരു സന്യാസിക്കു ചേരാത്ത വേഷങ്ങളിലൊക്കെ പയറ്റുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അഗ്നിവേശ് അവസാനം വരെ എതിർപ്പുകളെ നേരിട്ടാണു മുന്നേറിയത്. അഗ്നിവേശിന്റെ നിലപാടുകൾ പലപ്പോഴും ഹിന്ദു സന്യാസിമാരിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് 2005ൽ സ്വീകരിച്ച നിലപാട് ഹിന്ദു സന്യാസിമാരെ പ്രകോപിപ്പിച്ചു. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കും മുൻപ് സ്വാമി അഗ്നിവേശ് പലവട്ടം ചിന്തിക്കണമെന്നു സുപ്രീംകോടതി മുന്നറിയിപ്പു നൽകി. 2008ൽ അഗ്നിവേശിന്റെ നിലപാടുകളോടു വിയോജിച്ച് ഇന്ത്യയിലെ ആര്യസമാജ് പ്രതിനിധി സഭയിലെ 19ൽ 17 സ്വാമിമാരും വോട്ട് രേഖപ്പെടുത്തി അദ്ദേഹത്തെ പുറത്താക്കി.
ശാസ്ത്രബോധവും മനുഷ്യസ്നേഹവും കൈമുതലാക്കിയ സന്ന്യാസി
ഡൽഹിയിലും ചുറ്റുവട്ടത്തുമുള്ള ക്വാറികളിൽ നിലനിൽക്കുന്ന അടിമപ്പണിക്ക് എതിരെ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയ്ക്കു രൂപം നൽകിയാണ് സാമൂഹികപ്രവർത്തനത്തിൽ സജീവമാകുന്നത്. ഡൽഹിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വൻതുക മുടക്കി പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കാൻ തെരുവുകുട്ടികളുമായി ഹോട്ടലുകളിൽ കയറിയിറങ്ങി അഗ്നിവേശ്.
മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായി ചർച്ചയ്ക്കു മുൻകയ്യെടുത്ത അഗ്നിവേശ് ദൂരദർശനിലും ലോക്സഭാ ടിവിയിലും ശാസ്ത്രബോധം വളർത്തുന്ന പരമ്പരകൾ ചെയ്തു. ബിഹാറിലെ മദ്യനിരോധനം ദേശവ്യാപകമായി നടപ്പാക്കാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനതാദളി(യു)ൽ ചേർന്നു. എന്നാൽ ഒരു രാഷ്ട്രീയകക്ഷിയിലും ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല. അധർമത്തിനും അനീതിക്കുമെതിരെ മുൻപിൻ നോക്കാതെ എടുത്തു ചാടുന്ന പോരാളിയായിരുന്നു അഗ്നിവേശ്. സന്യാസം അതിനൊരിക്കലും തടസ്സമായില്ല.
ബഹുമുഖ പ്രതിഭ
നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൊൽക്കത്തയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. 1977 ൽ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ, ജാതി വിരുദ്ധ സമരങ്ങൾ, തൊഴിൽ സമരങ്ങൾ, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങൾക്ക് അഗ്നിവേശ് ചുക്കാൻ പിടിച്ചിട്ടുണ്ട്.
'വേദിക സോഷ്യലിസം' (1974), 'റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം', വൽസൻ തമ്പുവുമായി ചേർന്നെഴുതിയ 'ഹാർവസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്','ഹിന്ദുയിസം ഇൻ ന്യൂ ഏജ്'(2005) എന്നിവയാണ് പ്രധാന കൃതികൾ.
മറുനാടന് ഡെസ്ക്