തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൊഫോപോസ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കാണാൻ സന്ദർശകർക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയിൽവകുപ്പ്. ഒക്ടോബർ 14നാണ് സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയത്.

ആഴ്ചയിലൊരിക്കൽ ഇവർക്ക് സന്ദർശകരെ കാണാൻ അനുമതി നൽകിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സരിത്തിനും സന്ദർശകരെ അനുവദിച്ചിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സന്ദർശകർക്കൊപ്പം ജയിൽ വകുപ്പ് പ്രതിനിധിയും കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നത് നിർബന്ധമാക്കിയിരുന്നു.

റിമാൻഡ് ചെയ്ത അന്വേഷണ ഏജൻസി പ്രതിനിധി എന്ന നിലയ്ക്കായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥനും ഒപ്പം വന്നിരുന്നത്. എന്നാൽ ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നു കാണിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നു. ഇത് അട്ടകുളങ്ങര വനിതാ ജയിൽ സൂപ്രണ്ടിനും പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനും അയച്ചിട്ടുണ്ട്.

1974ലാണ് കേന്ദ്രം കൊഫോപോസ നിയമം കൊണ്ടുവരുന്നത്. തൊട്ടടരുത്ത വർഷം കേരളം അനുബന്ധ നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം പ്രതികളെ സന്ദർശിക്കാൻ പ്രത്യേക അനുമതി വേണ്ട. ജയിൽചട്ടം അനുസരിച്ച് അനുമതി നൽകാം. കസ്റ്റംസിന് അത്തരമൊരു നിയമമുണ്ടെങ്കിൽ അവർ അതുമായി മുന്നോട്ടു വരട്ടെ എന്നാണ് ജയിൽ വകുപ്പിന്റെ നിലപാട്.

കഴിഞ്ഞ ദിവസം സ്വപ്നയുടെ ഭർത്താവും സഹോദരനും മകളും കാണാൻ വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയിൽ വകുപ്പ് മടക്കി അയച്ചിരുന്നു. ഇദ്ദേഹം പതിവായി സന്ദശകർക്കൊപ്പം വരാറുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ജയിൽവകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

പുതിയ നീക്കം പ്രകാരം ആർക്കു വേണമെങ്കിലും സ്വപ്നയെ വന്നു കാണാം. ഒട്ടേറെ പേർ വരാനിടയുണ്ട്. ഇത് കേസിനെ ബാധിക്കും. വിഷയത്തിൽ കോടതിയെ സമീപിക്കാൻ കസ്റ്റംസ് ശ്രമം ആരംഭിച്ചതായാണ് സൂചന.