- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കറിൽ ഒരു കോടി ഉണ്ടെന്ന് ശിവശങ്കറിനും അറിയാമായിരുന്നു; എന്നിട്ടും സ്വപ്നയ്ക്ക് മൂന്ന് തവണ പണം കടം നൽകി; ഒന്നും തിരിച്ചു നൽകിയതുമില്ല; ഇത്രയും വലിയ തുക ലോക്കറിൽ ഉണ്ടായിരുന്നിട്ടും അതെടുക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നു ശിവശങ്കർ 3 തവണ സ്വപ്നയ്ക്കു പണം നൽകിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല; ലോക്കറിലേത് മറ്റാരുടേയോ കമ്മീഷൻ പണമെന്ന നിഗമനത്തിൽ ഇഡി; സ്വപ്നയ്ക്ക് പിന്നിൽ രാഷ്ട്രീയ ഉന്നതൻ? ജാമ്യ ഹർജിയിലെ വിധി സർക്കാരിന് അതിനിർണ്ണായകം
കൊച്ചി : സ്വപ്ന സുരേഷ് ഉന്നതരുടെ ബെനാമിയാണെന്നതിന് തെളിവായി ലോക്കറിലെ ഒരു കോടിയും സ്വർണ്ണവും. 2 വർഷത്തിനിടയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൽ നിന്നു 3 തവണ പണം കടം വാങ്ങിയെന്നും ഇഡി കണ്ടെത്തി. ലോക്കറിൽ കോടികൾ ഉള്ളപ്പോഴാണ് ഇത്. ലോക്കറിൽ പണം വച്ച് എന്തിനാണ് പണം കടം വാങ്ങിയതെന്നാണ് ഉയരുന്ന ചോദ്യം. സ്വപ്നയ്ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
സ്വപ്നയുടെ പേരിലുള്ള സംയുക്ത ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാർക്കോ വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് വിലയിരുത്തൽ. ഇത് ആരുടേതാണെന്ന് കണ്ടെത്താൻ വരും ദിവസങ്ങളിൽ പല ഉന്നതരെയും ചോദ്യംചെയ്യും. സ്വപ്‌നയുടെ ലോക്കറിൽ വലിയ തുകയുണ്ടെന്നു ശിവശങ്കറിനും അറിയാം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റുമായി സംയുക്ത അക്കൗണ്ടായിരുന്നു ഇത്. ഇത്രയും വലിയ തുക ലോക്കറിൽ ഉണ്ടായിരുന്നിട്ടും അതെടുക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നു ശിവശങ്കർ 3 തവണ സ്വപ്നയ്ക്കു പണം നൽകി. ഈ തുക തിരികെ നൽകിയിട്ടില്ല. ലോക്കറിലുള്ള പണം സ്വപ്‌നയുടേതായിരുന്നുവെങ്കിൽ കടം വാങ്ങിക്കില്ലായിരുന്നു. അത് മറ്റാരുടേയോ ആണെന്ന നിഗമനത്തിൽ ഇഡി എത്തുന്നത് ഈ സാഹചര്യത്തിലാണ്.
ബാങ്ക് ലോക്കറിൽ കണ്ടെത്തിയ തുകയും സ്വർണവും തന്റേതാണെന്ന സ്വപ്നയുടെ ആവർത്തിച്ചുള്ള മൊഴി ചില ഉന്നതരെ സംരക്ഷിക്കാനാണെന്നാണ് വിലയിരുത്തൽ. ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമ്മാണ കരാർ ലഭിച്ചതിനു യൂണിടാക് കമ്പനി നൽകിയ കമ്മിഷനാണെന്ന മൊഴി ശരിയാണെന്ന് സൂചന ലഭിക്കുകയും ചെയ്തു. എന്നാൽ ഇങ്ങനെ കിട്ടിയ കമ്മീഷൻ മറ്റാരുടേതോ ആണെന്നാണ് സംശയം.
ലോക്കറിൽ സൂക്ഷിച്ച തുക ആർക്കു കൈമാറാനുള്ളതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടില്ല. ഇഡി അടക്കം 3 അന്വേഷണ ഏജൻസികളും നടത്തിയ ചോദ്യം ചെയ്യലുകളിൽ ലോക്കറിൽ കണ്ടെത്തിയ തുക സ്വപ്നയുടേതാണെന്നാണ് സ്വപ്നയും ശിവശങ്കറും പറഞ്ഞത്.
പക്ഷേ, സാമ്പത്തിക പ്രശ്‌നം വന്നപ്പോൾ അതെടുക്കാഞ്ഞതെന്ത് എന്നതിനു മറുപടിയില്ല. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ മടിച്ച ഇഡി കേസ് ഡയറി സമർപ്പിച്ചു. സ്വപ്‌നയുടെ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് സർക്കാരിനും നിർണ്ണായകമാണ്. സർക്കാരിനെ കോടതി വിമർശിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമ്മാണ കരാറിൽ 3.6 കോടി രൂപയോളം കമ്മിഷൻ ഇനത്തിൽ ലഭിച്ചതായാണ് നിഗമനം. പ്രതികൾ നടത്തിയ കള്ളപ്പണ ഇടപാടുകൾ കേസ് ഡയറി പരിശോധിക്കുമ്പോൾ കോടതിക്കു വ്യക്തമാകുമെന്നു പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.സ്വപ്നയുടെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും. ജാമ്യം അനുവദിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ അടക്കം സ്വാധീനമുള്ള പ്രതി തെളിവുകൾ നശിപ്പിക്കുമെന്ന് ഇഡി വാദിച്ചു. ഇഡിയുടെ ഈ വിലയിരുത്തലുകൾ കോടതി വിധിയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ അത് സർക്കാരിന് വെല്ലുവിളിയായി മാറുകയും ചെയ്യും.
ലൈഫ് മിഷൻ കരാർ ഉറപ്പിക്കാൻ ശിവശങ്കറിനെ കാണാൻ യൂണിടാക് പ്രതിനിധികളോട് യു.എ.ഇ. കോൺസുലേറ്റിൽനിന്ന് ആവശ്യപ്പെട്ടതായി ഇ.ഡി. കോടതിയെ അറിയിച്ചു. കോൺസുലേറ്റിൽ നടന്ന പ്രാഥമിക ചർച്ചയ്ക്കുശേഷമായിരുന്നു ഇതെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇ.ഡി. അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശിവശങ്കറിലേക്ക് ഇ.ഡി.യുടെ അന്വേഷണം നീങ്ങുന്നുവെന്നതിന്റെ സൂചനയാണിത്. സ്വപ്നയാണ് കരാർ കമ്പനിയായി യൂണിടാക്കിനെ നിർദേശിച്ചത്. ഇവർക്ക് കോൺസുലേറ്റ് അധികൃതരെ പരിചയപ്പെടുത്തുകയും ചർച്ച നടത്തുകയും ചെയ്തു. ഈ ചർച്ചയ്‌ക്കൊടുവിലാണ് എം. ശിവശങ്കറിനെ കാണാൻ നിർദ്ദേശം നൽകിയത്. ലൈഫ് മിഷൻ പദ്ധതിയുമായി നേരിട്ട് ബന്ധമില്ലാത്ത ശിവശങ്കറിനെ കാണാൻ എന്തിന് ആവശ്യപ്പെട്ടുവെന്നതിൽ ഇ.ഡി. അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോൺസുലേറ്റിൽ അറിയാതെ യൂണിടാക്കുകാരിൽ നിന്ന് സ്വപ്നയും സരിത്തും 20 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഫ്‌ളാറ്റ് നിർമ്മാണത്തിനായി ഏതാണ്ട് 18 കോടി രൂപയാണ് റെഡ് ക്രസന്റ് നൽകാമെന്ന് ഏറ്റിരുന്നത്. ഇതിൽ കമ്മിഷനായി ഒരു കോടി രൂപ യൂണിടാക് കൊടുത്തുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. തൃശ്ശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനനിർമ്മാണത്തിനായി സ്വപ്ന യൂണിടാക്കിനെ കണ്ടെത്തിയത് ഇപ്പോൾ യൂണിടാക്കിന്റെ ഉപകരാറുകൾ ഏറ്റെടുത്ത് നടത്തുന്ന മുൻജീവനക്കാരൻ വഴിയായിരുന്നു.
കരാറുകാരെ കണ്ടെത്തണമെന്ന് സ്വപ്നയോട് കോൺസുലേറ്റിൽനിന്ന് ആവശ്യപ്പെട്ടിരുന്നു. സ്വപ്നയും സംഘവും യൂണിടാക് പ്രതിനിധികളുമായി ആദ്യം ചർച്ചനടത്തി. എന്നാൽ, കോൺസുലേറ്റുമായി നേരിട്ട് ചർച്ചനടത്താതെ കരാറിലേക്കു പോകാനാകില്ലെന്നായിരുന്നു യൂണിടാക്കിന്റെ വാദം. ഇതേത്തുടർന്നായിരുന്നു കോൺസുലേറ്റിലെ ചർച്ച.
മറുനാടന് മലയാളി ബ്യൂറോ