- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷനിൽ സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് 106 പേർക്ക് വീടുവയ്ക്കാനുള്ള തുക; സോഫ്റ്റ് വെയർ ഇടപാടിലൂടെ നഷ്ടമായത് 19 വീടുകൾ വയ്ക്കാനുള്ള പണവും; 20 കോടിയിൽ നാലേകാൽ കോടിയും കൈക്കൂലിയായി പോകുമ്പോൾ നിർമ്മാണത്തിൽ അപാകതകളും സ്വാഭാവികം; റെഡ് ക്രസന്റും സർക്കാരും തമ്മിലെ കരാറിലെ ആറു വ്യവസ്ഥകളും ലംഘിക്കപ്പെട്ടു; ശിവശങ്കറിന്റെ ഇടപെടൽ എല്ലാം സംശയാസ്പദം; സ്വപ്നാ സുരേഷ് തട്ടിയെടുത്തതും സാധാരണക്കാരുടെ സ്വപ്നങ്ങൾ തന്നെ
കൊച്ചി: റെഡ് ക്രസന്റ് ലൈഫ് മിഷനു നൽകുന്ന 20 കോടി രൂപയുടെ ഭവന, ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണക്കരാർ നേടിയ യൂണിടാക് കമ്പനി തങ്ങളെ സഹായിച്ചവർക്കു കൈക്കൂലി നൽകുമ്പോൾ ഉയരുന്നത് നിർമ്മാണത്തിലെ അപാകതകളും. ഭവനരഹിതർക്ക് വീടുവയ്ക്കുമ്പോൾ കരുത്താകേണ്ട 4.25 കോടി രൂപയാണ് കൈക്കൂലി ഇനത്തിൽ വീതിക്കപ്പെട്ടത്. 106 പേർക്കു വീടുവയ്ക്കാനുള്ള തുക. അതുകൊണ്ട് തന്നെ കരാറുകാരൻ കൈക്കൂലി ആർക്കു കൊടുത്താലും നഷ്ടം കേരളത്തിന് മാത്രം.
യുഎഇ റെഡ് ക്രസന്റുമായി ലൈഫ് മിഷൻ ഒപ്പുവച്ച ധാരണാപത്രത്തിലെ പല കരാറുകളും വടക്കാഞ്ചേരി പദ്ധതിയിൽ ലംഘിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട 6 മാർഗനിർദേശങ്ങളാണു പ്രധാനമായും ധാരണാപത്രത്തിലുള്ളത്. പദ്ധതിക്കു പ്രത്യേക കരാർ ഉണ്ടാകണം, പദ്ധതിയുടെ എസ്റ്റിമേറ്റും ബജറ്റും പ്ലാനും സമർപ്പിക്കണം, ആരു തമ്മിലാണു പദ്ധതിയുടെ കത്തിടപാടുകളും ആശയവിനിമയവും എന്നു രേഖപ്പെടുത്തണം, പദ്ധതിയുടെ ലക്ഷ്യം രേഖപ്പെടുത്തണം, പദ്ധതിയുടെ ബാധ്യതകളും ഉത്തരവാദിത്തവും കടപ്പാടുകളും രേഖപ്പെടുത്തണം, പദ്ധതിയിൽ ചെലവാക്കുന്ന പണം എവിടെനിന്നെല്ലാമെന്നു രേഖപ്പെടുത്തണമെന്ന വ്യവസ്ഥകളും ലംഘിച്ചു. ഇതെല്ലാം പദ്ധതിയെ വിവാദത്തിലാക്കും.
കരാർക്കമ്പനി നൽകിയ കൈക്കൂലിയിൽ ഏകദേശം 3 കോടിയോളം രൂപ ഡോളറായാണു നൽകിയതെന്നും അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. കരാറുകാരൻ ഇത്രയും വലിയ തുക ഡോളറായി മാറ്റിയതും പല സംശയങ്ങൾക്ക് ഇട നൽകുന്നു. കൈക്കൂലിത്തുക കിഴിച്ചുള്ള ബാക്കി പണംകൊണ്ടു നിർമ്മിക്കുന്ന ഫ്‌ളാറ്റിന് തകരാറുകൾ സംഭവിച്ചാൽ ഉത്തരവാദിത്തം ആർക്കായിരിക്കുമെന്ന ചോദ്യവും സജീവമാണ്. 20 ശതമാനത്തിലേറെ തുക കൈക്കൂലിക്കായി ചെലവഴിച്ചാൽ ആ പദ്ധതിയുടെ ഗുണനിലവാരവും സുരക്ഷിതത്വം തന്നെയും അപകടത്തിലായേക്കാമെന്ന് നിർമ്മാണരംഗത്തെ വിദഗ്ദ്ധർ പറയുന്നു. സർക്കാരിന്റെ നിലവിലുണ്ടായിരുന്ന മറ്റു ഭവനപദ്ധതികളെല്ലാം ലൈഫ് മിഷന്റെ പേരിൽ നടപ്പാക്കിയപ്പോൾ നേരത്തേ വിവിധ ഭവനപദ്ധതികളിൽ അഴിമതി നടത്തിയ കരാറുകാരും ഇടനിലക്കാരും രക്ഷപ്പെട്ടു.
'ലൈഫ് മിഷൻ രണ്ടാം ഘട്ട സോഫ്റ്റ്‌വെയറിൽ നിലനിൽക്കുന്ന പല പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ല. വിവാദത്തിൽപെട്ട് ജൂലൈ 16നു സസ്‌പെൻഷനിലായ ശേഷവും ഓഗസ്റ്റ് 4 വരെ ശിവശങ്കർ ലൈഫ് മിഷൻ ഇടപാടുകളിൽ സജീവമായിരുന്നു. 4നു രാത്രി ഏഴരയ്ക്കാണ് ലൈഫ് മിഷൻ ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പിൽനിന്നു ശിവശങ്കർ യാത്രപറഞ്ഞു പിരിഞ്ഞത്. ലൈഫിന്റെ രണ്ടാംഘട്ട സോഫ്റ്റ്‌വെയർ പാടേ തകരാറിലാണ്. ഇതു തയാറാക്കിയ ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) എന്ന സർക്കാർ സംവിധാനം ലൈഫിനെ കൈവിട്ടിരിക്കുന്നു. അവർ സൗജന്യമായി പരിഹരിച്ചു കൊടുക്കേണ്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു സ്വകാര്യ കമ്പനിയെ ഏർപ്പാടാക്കി. ഐകെഎമ്മിനെ ഒഴിവാക്കി മൂന്നാം ഘട്ടത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയെ (ഐഐഐടിഎംകെ) ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന് ആദ്യ ആറു മാസത്തേക്കായി 38.70 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്. ഒരു വർഷമാവുമ്പോൾ 77 ലക്ഷം രൂപയും.
വീടൊന്നിന് 4 ലക്ഷം എന്ന സർക്കാർ കണക്കു പ്രകാരം 19 പേർക്ക് വീടു നിർമ്മിച്ചു കൊടുക്കാൻ കഴിയുന്നത്ര പണമാണ് സോഫ്റ്റ്‌വെയർ ഒരുക്കാനായി കൊടുക്കുന്നത്. ലൈഫ് മിഷനു വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച സ്ഥാപനത്തിനുതന്നെ കരാർ നൽകാൻ നിർദേശിച്ചത് എം.ശിവശങ്കറാണെന്നാണു സൂചന. അതിനിടെ ശിവശങ്കറിന് കുരുക്ക് മുറുകുന്നുവെന്നും സൂചനയുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യംചെയ്‌തേക്കും. യു.എ.ഇ ക്രസന്റുമായി ബന്ധപ്പെട്ട ഭവന നിർമ്മാണപദ്ധതിയിൽ എം. ശിവശങ്കറിന്റെ കൂടുതൽ ഇടപെടലുകൾ വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ശിവശങ്കറിന് പുറമെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥരും ഈ ഇടപെടലിൽ പങ്കാളികളാണ്. ഇവർക്കുള്ള കമീഷനാണോ സ്വപ്ന ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരുകോടി രൂപയെന്ന സംശയവും ശക്തമാകുകയാണ്. ഭവന നിർമ്മാണ കരാറുകാരനായ യൂണിടാക്ക് ഉടമ സ്വപ്നയുടെയും കൂട്ടരുടെയും നിർദേശാനുസരണം എം. ശിവശങ്കറിനെ കണ്ടെന്ന കാര്യവും സംശയം ജനിപ്പിക്കുന്നതാണ്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായി ഇ.ഡി ശിവശങ്കറെ ഉടൻ ചോദ്യംചെയ്യും.
ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായി കമീഷൻ തട്ടിയെന്ന വിവരമാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ളത്. യു.എ.ഇ കോൺസൽ ജനറൽ, കോൺസുലേറ്റിലെ ഫിനാൻസ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ്, സ്വപ്ന എന്നിവർക്കൊക്കെ പദ്ധതിയുമായി ബന്ധപ്പെട്ട് കമീഷൻ നൽകിയെന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് നൽകിയ മൊഴി. ഇതിൽ വ്യക്തത വരുത്താനായി ഇയാളെ വീണ്ടും ഇ.ഡി ചോദ്യംചെയ്യും. സ്വർണക്കടത്ത് പ്രതികൾക്കുവേണ്ടി ഫ്‌ളാറ്റ് ഉൾപ്പെടെ ലഭ്യമാക്കുകയും അവരുടെ വീടുകളിലും അവർ നടത്തിയ പാർട്ടികളിലും സന്ദർശനം നടത്തുകയും ചെയ്ത ശിവശങ്കർ, സർക്കാർ പദ്ധതിയെ മറയാക്കി വലിയൊരു തട്ടിപ്പിനും കൂട്ടുനിന്നെന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ഇത് അദ്ദേഹത്തിന് കൂടുതൽ തിരിച്ചടിയാകും.
മറുനാടന് മലയാളി ബ്യൂറോ