- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴത്തിലുള്ള അടുപ്പമുണ്ടെങ്കിലും സ്വപ്നയെ ശിവശങ്കർ എല്ലാക്കാര്യത്തിലും വിശ്വസിച്ചിരുന്നില്ല; ലോക്കറുകളിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പേര് ചേർത്തത് ഇതിന് തെളിവ്; സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കണമെന്ന സ്വപ്നയുടെ ആവശ്യം ശിവശങ്കർ നിരസിച്ചതിന് പിന്നിലും അവിശ്വാസം; ലോക്കറിലെ ഒരു കോടി രാഷ്ട്രീയ ഉന്നതന്റെ പങ്കു പണം; സ്വപ്നയുടെ വെളിപ്പെടുത്തൽ അർദ്ധ സത്യങ്ങളെന്ന തിരിച്ചറിവിൽ കേന്ദ്ര ഏജൻസികൾ; വമ്പൻ സ്രാവിനെ കുടുക്കാൻ തെളിവ് തേടി ഇഡി
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ 2 ലോക്കറുകൾ ബിസിനസ് ഇടപാടുകളിൽ പങ്കാളികളായ 2 വ്യക്തികൾക്കു വേണ്ടിയുള്ള കള്ളപ്പണം സൂക്ഷിക്കാൻ എടുത്തതാണെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിഗമനം.ബാങ്ക് ലോക്കറുകളിൽ എം. ശിവശങ്കർ തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യരുടെകൂടി പേരു ചേർത്തത് സ്വപ്ന സുരേഷ് പറ്റിക്കുമെന്ന ആശങ്കയിലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുതുന്നു. ഇതോടെ സ്വപ്‌നയുടെ ഇടപാടുകളിൽ ശിവശങ്കറിന് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
ആഴത്തിലുള്ള അടുപ്പമുണ്ടെങ്കിലും സ്വപ്നയെ ശിവശങ്കർ എല്ലാക്കാര്യത്തിലും വിശ്വസിച്ചിരുന്നില്ല. അതിനാലാണ് സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കണമെന്ന സ്വപ്നയുടെ ആവശ്യം ശിവശങ്കർ നിരസിച്ചത്. സംയുക്തമായെടുത്ത ലോക്കറിൽ ഒരു കോടി രൂപയും 982 ഗ്രാം സ്വർണാഭരണങ്ങളുമാണ് ഉണ്ടായിരുന്നത്. 25 വർഷത്തോളമായി ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റാണ് വേണുഗോപാൽ അയ്യർ. ശമ്പളമല്ലാതെ മറ്റു വരുമാനമാർഗം വെളിപ്പെടുത്തിയിട്ടില്ലാത്ത നിലയ്ക്ക് സ്ഥിരം ചാർട്ടേഡ് അക്കൗണ്ടന്റ് എന്തിനാണെന്ന ചോദ്യവും ശിവശങ്കറിനെ സംശയ നിഴിലാക്കുന്നു.
സ്വപ്‌നയുടെ ഒരു ലോക്കറിൽ നിന്നു 36.5 ലക്ഷം രൂപയും രണ്ടാമത്തെതിൽ നിന്നു 64 ലക്ഷം രൂപയുമാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അന്വേഷണ ഏജൻസികളുടെ മുന്നിൽ വെളിപ്പെടാത്ത 2 വ്യക്തികൾക്കു വേണ്ടിയാണു സ്വപ്ന ഈ തുക സൂക്ഷിച്ചതെന്നാണു നിഗമനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നിർദേശപ്രകാരം സ്വപ്നയ്‌ക്കൊപ്പം ലോക്കർ തുറന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴികളിലും ഇക്കാര്യം വ്യക്തമായിട്ടില്ല. ഈ രണ്ടു പേരിൽ ഒരാൾ രാഷ്ട്രീയ ഉന്നതനാണെന്നാണ് സൂചന. മറ്റെയാൾ ഐഎഎസ് പ്രമുഖനും. ഇവരുടെ ബിനാമിയായിരുന്നു സ്വപ്‌നയെന്നാണ് കണക്കുകൂട്ടൽ.
ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റ് നിർമ്മിച്ചു കൈമാറുന്ന വീടുകളുടെ കരാർ ലഭിച്ച യൂണിടാക് കമ്പനി നൽകിയതാണെന്നാണു ഒരു കോടി എന്നാണ് സ്വപ്നയുടെ മൊഴി. എന്നാൽ ഈ തുക സ്വപ്നയ്ക്കു ലഭിച്ച കമ്മിഷനോ യുഎഇ കോൺസുൽ ജനറൽ നൽകിയ സമ്മാനമോ അല്ലെന്നാണ് ഇഡിയുടെ നിഗമനം. അങ്ങനെ എങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ ഈ പണം സ്വപ്‌ന എടുക്കുമായിരുന്നു. അതുണ്ടായിട്ടില്ല. പകരം കടം വാങ്ങിയാണ് പ്രതിസന്ധികളെ മറികടന്നത്. കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്കു കമ്മിഷൻ കൈമാറിയതു ബാങ്ക് അക്കൗണ്ടിലൂടെയാണെന്നാണു യൂണിടാക് ഉടമ നൽകിയ മൊഴിയും നിർണ്ണായകമാണ്. ഈ ബാങ്ക് ഇടപാടിന്റെ രേഖകളും അവർ അന്വേഷണ ഏജൻസിക്കു കൈമാറി. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ മൊഴി അംഗീകരിക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറല്ല.
20 കോടി രൂപയുടെ കരാറിനു 4.25 കോടി രൂപ കമ്മിഷൻ നൽകിയെന്ന യൂണിടാക്കിന്റെ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. സ്വർണക്കടത്ത് ഇടപാടിൽ യൂണിടാക്കും പണം മുടക്കിയിട്ടുണ്ടോയെന്നാണ് ഇഡിയും കസ്റ്റംസും പരിശോധിക്കുന്നത്. ബാങ്കിലൂടെ കൈമാറിയ തുകയ്ക്കു പുറമേ 3.50 കോടി യൂണിടാക് ഡോളറും രൂപയുമായി കൈമാറിയെന്നാണു മൊഴി. ഇത് ആർക്കു വേണ്ടിയെന്നും അന്വേഷണം അതിനിർണ്ണായകമാണ്. അതിനിടെ സ്വർണക്കടത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായതായി കോടതിയും വിലയിരുത്തുന്നു. ഇ.ഡി. ചുമത്തിയ കേസിൽ സ്വപ്നാ സുരേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു.
സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ പരാമർശം. നയതന്ത്ര ചാനലിന്റെ മറവിൽ 21 തവണ സ്വർണം കടത്തിയതിലും ഗൂഢാലോചന നടത്തിയതിലും പങ്കുണ്ടെന്ന് സ്വപ്ന സമ്മതിച്ചതായി ഇ.ഡി. അന്വേഷണസംഘം കോടതിയിൽ വെളിപ്പെടുത്തി. 'ഉന്നതസ്വാധീനമുള്ള വനിതയ്ക്ക്' ജാമ്യം നൽകുന്നത് കേസന്വേഷണത്തെ സ്വാധീനിച്ചേക്കാം എന്ന വാദം തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ഡോ. കൗസർ എടപ്പകത്ത് നിരീക്ഷിച്ചു. നിലവിലുള്ള രേഖകൾ പ്രകാരം പ്രഥമദൃഷ്ട്യാ പ്രതിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. കള്ളപ്പണം വെളുപ്പിക്കൽപോലുള്ള നിയമവിരുദ്ധമായ പ്രവൃത്തികൾ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുതന്നെ ഭീഷണിയാണെന്നും വിധിയിൽ കോടതി പറഞ്ഞു.
സ്വർണക്കടത്തിലൂടെ നേടിയ പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചുവെന്നു സംശയിക്കുന്നതായി ഇ.ഡി. കോടതിയിൽ വിശദീകരിച്ചു. ബാങ്കിൽ മാത്രമല്ല നിക്ഷേപമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഭൂമി വാങ്ങുകയോ ഫ്‌ളാറ്റ് വാങ്ങുകയോ ചെയ്തിട്ടുണ്ടാകാമെന്നാണു സംശയിക്കുന്നത്. ഇതിലും അന്വേഷണം നടക്കുകയാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ