- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഭദ്രകാളിയെ പിശാച് ഭയപ്പെടുത്താൻ ശ്രമിച്ചതിന്റെ ഫലം! കേരള പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോൺസ്റ്റബിളും എസ്‌കോർട്ട് ഡ്യൂട്ടിയിൽ; സ്കിപ്റ്റ് തയ്യാറാക്കിയത് സംസ്ഥാന നേതാവ്; സ്വപ്നയുടെ ശബ്ദ സന്ദേശത്തിൽ നിർണ്ണായക നീക്കത്തിന് ഇഡി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇ.ഡിയെ വിരട്ടാൻ സ്വപ്നയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ചിനും ഇനി അന്വേഷണം തുടരേണ്ടി വരും. ആ ശബ്ദം തന്റേതാണെന്ന് സ്വപ്‌ന പറഞ്ഞ സാഹചര്യത്തിലാണ് ഇത്. ഫലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലായാൽ പൊലീസുകാർ തന്നെ കുടുങ്ങും. അതുകൊണ്ട് എന്തു ചെയ്യണമെന്ന് അറിയാത്ത നിലപാടിലാണ് അന്വേഷണ സംഘം. ഭദ്രകാളിയെ പിശാച് ഭയപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇഡിക്കെതിരായ കേസുകൾ എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അതിശക്തമായ ഇടപെടൽ ഇഡി ഇനി നടത്തും.
സ്വപ്നയുടെ അന്നത്തെ ശബ്ദ സന്ദേശത്തിന്റെ ബലത്തിൽ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തുടക്കമിട്ടിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും അതിലെ ശബ്ദം സ്വപ്നയുടേതാണെന്ന് തെളിയിക്കാൻ ക്രൈംബ്രാഞ്ചിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യമാണ് മാറുന്നത്. പഴയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിൽ ഇനി അന്വേഷണവുമായി മുമ്പോട്ട് പോകേണ്ടി വരും. സംഭവത്തിൽ ക്രൈംബ്രാഞ്ചിന് ഇഡിയെ കുടുക്കാനാകില്ലെന്ന് അന്നു തന്നെ മനസ്സിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മെല്ലപ്പോക്കിലാക്കുന്നത്.
സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ ഇഡിയും അന്വേഷണം നടത്തും. സ്വപ്‌നയുടെ മൊഴി എടുത്ത ശേഷം ശിവശങ്കറിനേയും ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണമെന്ന ജാമ്യ വ്യവസ്ഥയിലാണ് ശിവശങ്കർ പുറത്തു നിൽക്കുന്നത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോകേണ്ടിയും വരും. അല്ലാത്ത പക്ഷം ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ആരോപണത്തിൽ വീണ്ടും അകത്താകും. ഈ സാഹചര്യത്തിൽ ഇഡിയുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാകും. എന്നാൽ ഇഡിക്ക് ഈ വിഷയത്തിൽ കേസെടുക്കാൻ കഴിയില്ല. കോടതിയുടെ അനുമതിയോടെ സിബിഐ എത്തിയാൽ മാത്രമേ ഈ വിഷയത്തിൽ ശിവശങ്കർ കുടുങ്ങൂ.
സത്യസന്ധമായി ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും ശിവശങ്കർ വെട്ടിലാകും. ആ സംഭാഷണം റിക്കോർഡ് ചെയ്ത ഫോൺ കണ്ടെത്താനായാൽ സത്യം തെളിയും. ഇതാണ് ചെയ്യേണ്ടത്. ദിലീപ് മോഡൽ അന്വേഷണമുണ്ടായാൽ ക്രൈംബ്രാഞ്ചിന് തന്നെ സത്യം കണ്ടെത്താം. പക്ഷേ സർക്കാരിന്റെ നിലപാട് ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ഈ കേസിൽ സത്യസന്ധമായി ഇടപെടില്ലെന്നാണ് വിലയിരുത്തൽ.
പൊലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഉണ്ടായേക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിക്കുന്നുവെന്ന് പറയുന്ന ശബ്ദസന്ദേശം തന്റേതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയതോടെ ഇതിന് പിന്നിൽ പ്രവർത്തിച്ച പൊലീസുകാർക്കെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണമുണ്ടായേക്കും. സിബിഐ വന്നാൽ എല്ലാവരും കുടുങ്ങും.
ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറിൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആ ശബ്ദസന്ദേശം താനാണു റെക്കോർഡ് ചെയ്തു പുറത്തുവിട്ടതെന്നും ശിവശങ്കർ അടക്കമുള്ളവരുടെ നിർദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ അന്വേഷണത്തിന് വഴിവെച്ചത്.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചത് ജയിൽ ചട്ടത്തിന്റെ ലംഘനമാണെന്നും വേണമെങ്കിൽ സിബിഐ അന്വേഷണം ഹൈക്കോടതിയിൽ ആവശ്യപ്പെടാമെന്നും ഇ.ഡിക്ക് അന്ന് നിയമോപദേശം ലഭിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ഇഡി തയ്യാറായേക്കുമെന്നാണ് സൂചന.
കേരള പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോൺസ്റ്റബിളും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോൺസ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്‌കോർട്ട് ഡ്യൂട്ടി പോയിരുന്നത്. ഇവരറിയാതെ ഇത്തരമൊരു ശബ്ദരേഖ പുറത്തുവരില്ല. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിക്കും ഇതിൽ പങ്കുണ്ടെന്നാണ് വിവരം. ഇതെല്ലാം ്അന്ന് തന്നെ മറുനാടൻ വാർത്തയാക്കിയിരുന്നു.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെതിരെയും പൊലീസുകാർക്കെതിരെയുമാകും അന്വേഷണം നടക്കുക. സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരിക്കുമെന്ന് സംസ്ഥാന ഇന്റലിജൻസ് നേരത്തെ സർക്കാരിന് വിവരം നൽകിയിരുന്നു. ഇ.ഡിക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മിഷനെ വരെ നിയോഗിച്ചിരുന്നു.
ഇഡിക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് ഉള്ളിൽ ഭയമായിരുന്നു. കോടതി നിലപാട് എതിരായാൽ പണി കിട്ടുമെന്ന വിലയിരുത്തൽ സജീവവുമായിരുന്നു. ഈ കേസിൽ കരുതലോടെയാണ് ഓരോരുത്തരും ഇടപെട്ടത്. ഡിജിപിക്കു പകരം പൊലീസ് ആസ്ഥാനത്തെ 2 മിനിസ്റ്റീരിയൽ ജീവനക്കാരാണു കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന കത്തിൽ ഒപ്പിട്ടതെന്നതും വിചിത്രമായിരുന്നു. ഇടപാടിൽ ദൂതനായി നിന്ന പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ്‌പി, സ്വപ്നയ്ക്കു ജാമ്യം ഉറപ്പു നൽകിയ ജയിൽ ഉദ്യോഗസ്ഥൻ, ഗൂഢാലോചനയിൽ പങ്കാളികളായ ക്രൈംബ്രാഞ്ച് ഉന്നതർ എന്നിവരെല്ലാം ഈ കേസിൽ കുടുങ്ങാനാണ് സാധ്യത.
ഇത് മനസ്സിലാക്കിയാണ് പുതിയ കേസെടുക്കാനുള്ള ഉത്തരവിൽ ഒപ്പിടുന്നത് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒഴിവാക്കിയത്. പൊലീസ് ആസ്ഥാനത്തു ഡിജിപിയുടെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനിലെ 2 ജൂനിയർ സൂപ്രണ്ടുമാർ പരാതികളിൽ ഒപ്പിട്ടു ക്രൈംബ്രാഞ്ചിനു കൈമാറിയത് ഈ സാഹചര്യത്തിലായിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നു കത്തെഴുതിയിരുന്നു.
അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂർ സ്വദേശി മറ്റൊരു പരാതി നൽകി. ഈ 2 പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സർക്കാർ നിർദ്ദേശം. ഡിജിപി നിയമോപദേശം തേടിയപ്പോൾ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ മറുപടി. തുടർന്ന് അഭിഭാഷകനെ വരുത്തി വിശദ മൊഴിയെടുത്തു. ഓരോ പരാതിയിലും ഓരോ കേസ് എടുക്കാൻ തീരുമാനിച്ചു. ഇതെല്ലാം ഹൈക്കോടതി വിധിയോടെ വെറുതെയായി.
മറുനാടന് മലയാളി ബ്യൂറോ