ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും ആഴം കൂടിയ സ്വിമ്മിങ് പൂൾ തുറന്ന് മറ്റൊരു അദ്ഭുതം കാഴ്‌ച്ചവയ്ക്കുകയാണ് ദുബായ്. ഒളിംപിക്സിലെ സ്വിമ്മിങ് പൂളിന്റെ വലിപ്പമുള്ള ആറ് സ്വിമ്മിങ് പൂളുകൾക്ക് ഉൾക്കൊള്ളാവുന്ന അളവ് വെള്ളം196 അടി (60 മീറ്റർ) ആഴമുള്ള ഈ സ്വിമ്മിങ് പൂളിന് ഉൾക്കൊള്ളാനാകും. ഉപേക്ഷിക്കപ്പെട്ട വീടുകളും നിരനിരയായ വാണിഭശാലകളും ഉൾപ്പെട്ട ഒരു നഗരവും ഇതിനു കീഴിൽ സൃഷ്ടിച്ചിട്ടുണ്ട്. ഡീപ് ഡൈവ് എന്ന് പേരിട്ടിട്ടുള്ള ഇത് ജൂൺ അവസാനത്തോടെ സന്ദർശകർക്കായി തുറന്നുകൊടുത്തു.

ലോകത്തിലേ ഏറ്റവും വലിയ നീന്തൽക്കുളങ്ങളേക്കാൾ ചുരുങ്ങിയത് നാലിരട്ടിയെങ്കിലും വലിപ്പമുള്ള ഇത് പോളണ്ടിലെ 147 അടി ആഴമുള്ള ഡീപ്സ്പോട്ട് എന്ന സ്വിമ്മിങ് പൂളിനെ പിന്തള്ളി ഏറ്റവും ആഴം കൂടിയ സ്വിമ്മുംഗ് പൂൾ എന്ന നിലയിൽ ഗിന്നസ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്. ചുറ്റും ഒഴുകുന്ന വെള്ളത്തിനാൽ ചുറ്റപ്പെട്ട മുത്തിച്ചിപ്പിക്ക് സമാനമായ ഘടനയോടുകൂടിയ ഈ സ്വിമ്മിങ് പൂളിലെ ജലം എപ്പോഴും 30 ഡിഗ്രി താപനിലയിൽ ആയിരിക്കും. സന്ദർശകർ കനം കുറഞ്ഞ വെറ്റ്സ്യുട്ടോ അല്ലെങ്കിൽ നീന്തൽ വസ്ത്രങ്ങളോ ധരിച്ചുവേണം ഇതിനകത്തുപോകാൻ.

ഒരു നീന്തൽക്കുളം എന്നതിലുപരി ഒരു മഹാദ്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ഇതിൽ ജലാന്തർഭാഗത്ത് ഒരു ഫിലിം സ്റ്റുഡിയോയും അത്യാധുനിക രീതിയിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റങ്ങളും സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല, ഇതിനോട് ചേർന്ന് ഒരു എഡിറ്റിങ് റൂമും ഉണ്ട്. ഈ ജലാന്തർഭാഗത്തെ നഗരം എപ്പോഴും 56 കാമറകളുടെ നിരീക്ഷണത്തിലാണ്. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഹൈപ്പർബാരിക് ചേംബർ ഈ വർഷം അവസാനത്തോടെ പ്രാവർത്തികമാകും. സകുടുംബം സന്ദർശിക്കാവുന്ന ഒരു വിനോദകേന്ദ്രം എന്നനിലയിൽ വികസിപ്പിച്ചിരിക്കുന്ന ഈ സ്വിമ്മിങ് പൂളിൽ തുടക്കക്കാർക്ക് ഡൈവിങ് പരിശീലനവും നൽകും.

വെള്ളത്തിലേക്ക് കൂപ്പുകുത്തുവാൻ താത്പര്യമില്ലാത്തവർക്ക് 80 സീറ്റുള്ള ഒരു റെസ്റ്റോറന്റിലിരുന്ന് ജലാന്തർഭാഗത്തെ ജീവിതം നിരീക്ഷിക്കാം. നടൻ വില്ല് സ്മിത്ത്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൽ റഷീദ് അൽ മക്തൂം തുടങ്ങിയ പല പ്രമുഖരു ഇതിനോടകം തന്നെ ഇവിടം സന്ദർശിച്ചു കഴിഞ്ഞു. മാത്രമല്ല, ജൂൺ അവസാനത്തിൽ ഇത് പ്രവർത്തനമാരംഭിച്ചപ്പോൾ സമൂഹമാധ്യമങ്ങൾ വഴി, മറ്റുള്ളവരെ ഇവിടം സന്ദർശിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ട് ഷെയ്ഖ് ഹംദാൻ പോസ്റ്റുകൾ ഇടുകയും ചെയ്തു. തികച്ചും അവിശ്വസനീയമായ അനുഭവം എന്നാണ് ഇവിടം സന്ദർശിച്ചശേഷം വിൽ സ്മിത്ത് എഴുതിയത്.

ഇവിടം സന്ദർശിച്ച ശേഷം അടുത്തുതന്നെയുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ സന്ദർശിക്കരുതെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട് ഇവിടെ. ആഴങ്ങളിലേക്ക് ഊളിയിട്ടതിനു ശേഷം ചുരുങ്ങിയത് 18 മുതൽ 24 മണിക്കൂർ സമയം കഴിഞ്ഞതിനു ശേഷം മാത്രം ഉയരങ്ങളിലേക്ക് കയറുവാനാണ് നിർദ്ദേശിക്കുന്നത്. എന്നാൽ, ബുർജ് ഖലീഫ സന്ദർശിച്ചതിനുശേഷം ഉടനെ ഇവിടം സന്ദർശിക്കുന്നതിൽ പ്രശ്നമില്ലെന്നും പറയുന്നു.