തിരുവനന്തപുരം: സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകളും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്ക് എന്ന് മനോരമയുടെ റിപ്പോർട്ട്. ഇദ്ദേഹത്തിനു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുണ്ടായിരുന്ന അടുപ്പമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള ചിലരെ ഉടൻ ചോദ്യം ചെയ്‌തേക്കുമെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഈ നേതാവിനെ കുറിച്ചുള്ള ചർച്ചയും സജീവമാകുകയാണ്. സ്വപ്ന കോടതിയിൽ നൽകിയ മൊഴിയിലും ഈ നേതാവിനെ കുറിച്ച് സൂചനകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ നേതാവ് മന്ത്രിയല്ലെന്നും സൂചനയുണ്ട്.

സ്വപ്നയുടെ മൊഴിയിൽ നിന്നുള്ള വിവരങ്ങളും സ്വപ്നയുടെ ഫോണിൽ നിന്നു തിരിച്ചെടുത്ത ചില വാട്‌സാപ് സന്ദേശങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണത്തിൽ നിർണായകമായ മറ്റു ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കേസിന്റെ ഗതി തന്നെ മാറ്റുന്നതാകും ഇനിയുള്ള ഇടപെടലുകൾ. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകൾ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നു കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖനെ കൂടി കേന്ദ്ര ഏജൻസി നോട്ടമിടുന്നത്.

സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാർ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരമെന്ന് കേരള കൗമുദിയും റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വമ്പൻ സ്രാവുകളിൽ കസ്റ്റംസ് കടുത്ത നടപടികൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഭരണ പദവിയുള്ള നേതാവ് സംശയ നിഴലിലാണെന്ന് മാസങ്ങൾക്ക് മുമ്പേ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയതോടെ എല്ലാം ഡൽഹിയും വീക്ഷിക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. എല്ലാ ഉന്നതരേയും പൊക്കാനാണ് ഡോവലിന്റെ പദ്ധതി. അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലേറെ രൂപ രാഷ്ട്രീയ പ്രമുഖർ ഉൾപ്പെടെയുള്ളവർ യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ യു.എ.ഇയിലേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് റിവേഴ്‌സ് ഹവാല എന്ന ഈ ഇടപാടിന് കോൺസൽ ജനറൽ അടക്കമുള്ളവരുടെ ഒത്താശയോടെയായിരുന്നു. ചുക്കാൻപിടിച്ചത് സ്വപ്നയും സന്ദീപുമാണ്. ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകൾ സ്വപ്ന കസ്റ്റംസിനും മജിസ്‌ട്രേട്ടിനും രഹസ്യമൊഴിയായി നൽകിയിട്ടുണ്ട്.

വിദേശികളെ ഉപയോഗിച്ചും റിവേഴ്‌സ് ഹവാലയിടപാട് നടത്തിയതായാണ് വിവരം. മൊഴിയിൽ പറയുന്നവരെ കസ്റ്റംസ് നിരീക്ഷിച്ചു തുടങ്ങി. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ് മെന്റ് ഡയക്ടടേറ്റ് (ഇ.ഡി) അന്വേഷിക്കും.അതേസമയം, യു.എ.ഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ തിരുവനന്തപുരത്തു നിന്ന് കസ്റ്റംസ് വാഹനത്തിൽ കൂട്ടികൊണ്ടുവന്ന് കൊച്ചിയിൽ ചോദ്യംചെയ്തു. ശിവശങ്കർ, സ്വപ്ന, സരിത്ത് എന്നിവർക്കൊപ്പം ഇരുത്തി ലൈഫ് മിഷൻ ഭവന പദ്ധതിയിലെ കരാറുകാരനായ യുണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനെയും ചോദ്യംചെയ്തു.

ലൈഫ് മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി (1.40കോടി രൂപ) വിദേശത്തേക്ക് കടത്തിയതിനെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രമുഖർ ഉൾപ്പെട്ട ഹവാലയിടപാടിന്റെ ചുരുളഴിഞ്ഞത്. ഈ ഇടപാടുകളിൽ ഉപകരണങ്ങൾ മാത്രമായിരുന്ന സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാൻ കസ്റ്റംസ് ശ്രമിക്കുന്നുണ്ട്. കസ്റ്റംസ് മുദ്രവച്ച കവറിൽ സമർപ്പിച്ച മൊഴിയിൽ ഉന്നതരുടെ പേരുകളുള്ളതായി നിരീക്ഷിച്ച കോടതി, അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. കൂടുതൽ വിദേശികളും പ്രതിയാകാനിടയുണ്ട്.

യു.എ.ഇ കോൺസുലേറ്റിലെ രേഖകൾ ഉപയോഗിച്ചും ശിവശങ്കറുമൊത്ത് നടത്തിയ ആറ് വിദേശയാത്ര മറയാക്കിയും സ്വപ്ന നിയമവിരുദ്ധമായി ഡോളർ കടത്തിയെന്നാണ് സംശയിക്കുന്നത്. ജൂണിൽ എയർ ഇന്ത്യാ വിമാനത്തിൽ വിദേശികളെ ദുബായിലെത്തിക്കുന്നതിന് അഞ്ച് ടിക്കറ്റെടുക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നു. ഇവരുടെ ബാഗുകളിലും വിദേശ കറൻസി കടത്തിയെന്നാണ് കണ്ടെത്തൽ.

വിദേശത്തുനിന്ന് പണം അനധികൃത മാർഗങ്ങളിലൂടെ നാട്ടിലെത്തിക്കുന്നതാണ് ഹവാല. റിവേഴ്‌സ് ഹവാലയിൽ പണത്തിന്റെ തിരിച്ചുപോക്കാണ്. നാട്ടിൽ ക്രമവിരുദ്ധമായി സമ്പാദിക്കുന്ന പണം വിദേശത്തെത്തിക്കും. വമ്പന്മാരുടെ അനധികൃത സമ്പാദ്യങ്ങൾക്കു പുറമെ സ്വർണക്കടത്തിലൂടെ നേടിയ പണവും റിവേഴ്‌സ് ഹവാലയാക്കും. ഇതുപയോഗിച്ച് വീണ്ടും സ്വർണംവാങ്ങി കള്ളക്കടത്ത് നടത്തുകയാണ് പതിവ്.