ഷാർജ: ടി20 ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ.ആദ്യമത്സത്തിൽ പരാജയം രുചിച്ച ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡീസും തമ്മിലാണ് ഒന്നാം മത്സരം വൈകിട്ട് മൂന്നരയ്ക്ക് ദുബായിലാണ് മത്സരം. ആദ്യ കളിയിൽ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയോട് തോറ്റിരുന്നു. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ടു.ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും മൂന്ന് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക രണ്ട് കളിയിലും വിൻഡീസ് ഒരു കളിയിലും ജയിച്ചു.ആദ്യ മത്സരം പരാജയപ്പെട്ടതിനാൽ തന്നെ മത്സരം രണ്ടു ടീമുകൾക്കും നിർണ്ണായകമാണ്.

രണ്ടാമത്തെ മത്സരത്തിൽ പാക്കിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. ഷാർജയിൽ വൈകിട്ട് 7.30നാണ് മത്സരം. ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപിച്ച പാക്കിസ്ഥാന് ലോകകപ്പിൽ ഇതിനേക്കാൾ മികച്ചൊരു തുടക്കം സ്വപ്നത്തിൽപ്പോലും അസാധ്യം. ന്യുസീലൻഡിനെ മറികടന്നാൽ സെമി ഫൈനൽ ഉറപ്പിക്കാൻ പാക്കിസ്ഥാന് ഏറെ വിയർപ്പൊഴുക്കേണ്ടിവരില്ല.

ഗ്രൂപ്പിലെ മറ്റ് എതിരാളികൾ താരതമ്യേന ദുർബലർ. രണ്ടാം പോരിനിറങ്ങുമ്പോൾ പാക്കിസ്ഥാന് മറ്റൊരു കണക്കുകൂടി തീർക്കാനുണ്ട്. ടെസ്റ്റ് പരമ്പര തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂസിലൻഡ് കഴിഞ്ഞമാസം സുരക്ഷാകാരണങ്ങൾ ഉന്നയിച്ച് നാട്ടിലേക്ക് മടങ്ങിയത് പാക്കിസ്ഥാന് അത്ര പെട്ടെന്ന് മറക്കാനാവില്ല.

ടീമിൽ മാറ്റത്തിനും സാധ്യത തീരെ കുറവ്. ട്വന്റി 20യിൽ പുതിയ മേൽവിലാസമുണ്ടാക്കാൻ ഇറങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡിന് ഷഹീൻ അഫ്രീദിയുടെ ആദ്യസ്പെൽ അതിജീവിക്കുകയാവും പ്രധാന വെല്ലുവിളി. ഫോമിലേക്കുയർന്നാൽ ഏത് ടീമിനെയും തകർക്കാൻ ശേഷിയുള്ള താരങ്ങളുണ്ട് കെയ്ൻ വില്യംസന്റെ സംഘത്തിൽ. സ്പിന്നർമാർ നിർണായക പങ്കുവഹിക്കും. ഷാർജയിലെ വിക്കറ്റിൽ ടോസ് നേടുന്നവർ ബൗളിങ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കില്ല.