- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ ഇസ്ലാമിക തീവ്രവാദികൾ വെട്ടിക്കൊല്ലാൻ സഭ കാത്തിരുന്നു; കന്യാസ്ത്രീകൾ വീട് കയറി ഞാൻ അമ്മയെ നോക്കാത്തവൻ ആണെന്നുവരെ പ്രചരിപ്പിച്ചു; എനിക്ക് വേണ്ടി അയച്ച ഡ്രാഫ്റ്റ് അഴീക്കോട് കീറിയെറിഞ്ഞു; പ്രൊഫ ടിജെ ജോസഫിന്റെ ആത്മകഥയിലുള്ളത് അമ്പരപ്പിക്കുന്ന സത്യങ്ങൾ!
കൊച്ചി: മലയാളി മനസ്സിന്റെ നൊമ്പരമാണ് പ്രൊഫസർ ടി.ജെ ജോസഫ് എന്ന തൊടുപുഴ ന്യൂമാൻ കോളജിലെ മുൻ മലയാളം അദ്ധ്യാപകൻ. മതം നുറുക്കിയിട്ടും തളിർത്തുവന്ന മനുഷ്യൻ, മതേതര കേരളത്തിലെ ജീവിക്കുന്ന രക്തസാക്ഷി.... വിശേഷണങ്ങൾ ഏറെയുണ്ട് പ്രൊഫസർ ടി.ജെ ജോസഫിന്. ചോദ്യപേപ്പറിൽ പ്രവാചകനിന്ദ ആരോപിച്ച്, ഒരുപറ്റം ഇസ്ലാമിക തീവ്രവാദികൾ വലതുകൈ വെട്ടിയെടുത്തിട്ടും തളരാതെ, ജോസഫ് മാഷ് തന്റെ ഇടതുകൈകൊണ്ട് എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന്റെ അത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകൾ'. പൊള്ളുന്ന ജീവിതാനുഭവങ്ങൾക്കൊപ്പം, പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിന്റെ ധ്രൂവീകരണങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന ഈ പുസ്്തകം, പെട്ടെന്നുതന്നെ ബെസ്റ്റ് സെല്ലർ ആയി. ഇറങ്ങി ഒന്നര വർഷത്തിനുള്ളിൽ ആറ് പതിപ്പിറക്കി റെക്കോർഡിഡുകയാണ് ഈ പൊള്ളുന്ന ഓർമ്മകൾ. ഇപ്പോൾ ഇതാ 'അറ്റുപോവാത്ത ഓർമ്മകൾ' ഇംഗ്ലീഷിലും ഇറങ്ങി. പേര് 'തൗസൻഡ് കട്ട്സ്'. ഇംഗ്ലീഷിലും പുസ്തകം വളരെ പെട്ടെന്ന് ഹിറ്റായി.
ഇതേതുടർന്ന് തന്നെ അന്ന് ചർച്ചയാകാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുകയാണ്. ഇസ്ലാമിക മതമൗലികാവാദികൾ തന്നെ കൊല്ലാൻ കാത്തിരിക്കുന്ന വിവരം സഭാധികാരികൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും, കൊല്ലപ്പെടാൻ പോകുന്ന മനുഷ്യനെ കോളജിൽനിന്ന് പുറത്താക്കി എന്ന പഴി തങ്ങൾ കേൾക്കെണ്ടല്ലോ എന്ന് കരുതിയാണ്, അവർ തന്നെ കോളജിൽനിന്ന് പുറത്താക്കാനുള്ള തീരുമാനം വൈകിപ്പിച്ചത് എന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ജോസഫ് മാസ്റ്റർ ഈ പുസ്തകത്തിൽ നടത്തുന്നുണ്ട്. അതുപോലെ ഡോ സുകുമാർ അഴീക്കോടിനെപ്പോലുള്ള ഒരു സാംസ്കാരിക നായകൻ എങ്ങനെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചതെന്നതും മലയാളി മനസ്സിന് നടുക്കമാകും.
''എന്നെ വെട്ടിക്കൊല്ലാൻ സഭ കാത്തിരുന്നു''
അറ്റുപോകാത്ത ഓർമ്മകളിലെ, 'വിവേകമില്ലാത്ത തലകൾ' എന്ന അധ്യായത്തിൽ പ്രൊഫസർ ടി.ജെ ജോസഫ് ഇങ്ങനെ എഴുതുന്നു.'' 2010 മാർച്ച് 26ന് തൊടുപുഴയിൽ വർഗീയവാദികൾ കലാപമുണ്ടാക്കുമ്പോഴാണ് എന്നെ തള്ളിപ്പറയാൻ സഭാധികാരികളും കോളജ് അധികൃതരും തീരുമാനം എടുത്തത്്. അന്നുതൊട്ട് എന്നെ കുറ്റപ്പെടുത്തിക്കൊണ്ടല്ലാതെ അവരിൽ ആരും സംസാരിച്ചിട്ടില്ല. എന്നെ ആക്രമിച്ചിരുന്നവർ അതിനുള്ള ഗൂഢാലോചന 2010 മാർച്ച് 28ന് ആരംഭിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഒരുക്കങ്ങൾ, പുരോഗമിച്ചുകൊണ്ടിരിക്കെ അവർ കോതമംഗലം അരമനയിലേക്ക് ഇടക്കിടെ വിളിച്ചുകൊണ്ടിരിക്കുന്നു. സഭാധികാരികൾക്ക് എന്നോടുള്ള നിലപാട് കൃത്യമായി മനസ്സിലാക്കുകയായിരുന്നു, അവരുടെ ലക്ഷ്യം. നിങ്ങൾ എന്തുചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടി മാത്രമല്ല, ഞങ്ങൾ എന്തെങ്കിലും ചെയ്താൽ നിങ്ങളുടെ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിനും അവർ ഉത്തരം തേടി. അത്തരം ഫോൺ സംഭാഷണങ്ങളെക്കുറിച്ച് 5-5-2010ൽ മെമോയുടെ മറുപടിയുമായി അരമനയിൽ ചെന്ന എന്നോട് മാനേജർ മോൺ. തോമസ് മേലെക്കുടി പറഞ്ഞിട്ടുള്ളതാണ്.
മതാന്ധർ ആണെങ്കിലും തീവ്രാവാദക്കാർക്കും ബുദ്ധിയുണ്ടല്ലോ. അവർ സൂത്രത്തിൽ സഭയുടെയും മാനേജ്മെന്റിന്റെയും എന്നോടുള്ള നിഷേധ നിലപാട് മനസ്സിലാക്കി. എന്നെ തള്ളിപ്പറയാതെ സഭാംഗമെന്ന നിലയിൽ സംരക്ഷിക്കുമെന്ന് അധികാരികൾ പറഞ്ഞിരുന്നുവെങ്കിൽ, എന്നെ ആക്രമിക്കാൻ ഒരിക്കലും അവർ ധൈര്യപ്പെടുകയില്ലായിരുന്നു. എന്നെ ആക്രമിക്കുന്നതിനുള്ള മൗനാനുവാദം സഭാധികാരികളിൽനിന്ന് കിട്ടിയ ശേഷമാണ്, ആക്രമണകാരികൾ തങ്ങളുടെ പദ്ധതി ഊർജസ്വലമാക്കിയത്.'- ജോസഫ് മാസ്റ്റർ എഴുതി
''മരിച്ചുപോയെങ്കിൽ കൂഴപ്പമില്ലായിരുന്നു''
''ആ നാളുകളിൽ അരമനയിൽ ചെല്ലുന്ന എന്നോട് ബിഷ്പ്പും മാനേജറും സൗഹൃദം ഭാവിച്ചതുകൊല്ലപ്പെടാൻ പോകുന്നവനോടുള്ള പരിഗണന വച്ചായിരുന്നുവെന്ന പരമാർഥം വൈകിയാണെങ്കിലും ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്നെ സസ്പെൻഡ് ചെയ്തത് 2010 മാർച്ച് 26ന് ആണ്. മൂന്നുമാസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിച്ച് തീർപ്പാക്കണമെന്നാണ് സർവകാലാശാല നിയമം. അതിൻപടിയാണ്, ജൂൺ 15ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന, നിർദ്ദേശത്തോടെ മാനേജർ എൻക്വയറി ഓഫീസറെ നിയമിച്ചത്. എൻക്വയറി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മാനേജർ നടപടി എടുക്കാൻ അമാന്തിച്ചു. കാരണം എന്റെ നേരെ ഉണ്ടാകാൻ പോകുന്ന ആക്രമണം അവർ ഉറപ്പിച്ചിരുന്നു. ജൂലൈ 1ന് ഇടവക വികാരി എന്നെ കാണാൻ വന്നത് എന്റെ നേരെ ഫത്വ ഉണ്ടെന്ന് അറിവ് കിട്ടിയതുകൊണ്ടാണെല്ലോ. ഇന്നല്ലെങ്കിൽ നാളെ കൊല്ലപ്പെടാൻ പോകുന്നവനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട്, വെറുതെ പഴി കേൾക്കുന്നത് എന്തിനാണ്? അച്ചടക്ക നടപടികളിൽ മൂന്നുമാസത്തിനകം തീർപ്പുകൽപ്പിക്കണം എന്ന യൂണിവേഴ്സിറ്റി ചട്ടത്തെ മറികടന്ന് അവർ കാത്തിരുന്നു.
ആക്രമണം വൈകി മാനേജറും മറ്റും അക്ഷമരായിട്ട് ഇരിക്കുമ്പോഴാണ്, ജൂലൈ നാലിന് ആ 'സദ്വാർത്ത' അവരുടെ കാതിൽ എത്തുന്നത്. അവർ പണി പറ്റിച്ചു എന്ന് വിചാരിച്ച് ഉടൻ തന്നെ മാനേജർ മോൺ. തോമസ് മലേക്കുടി, മോൺ. ഫ്രാൻസിസ് ആലപ്പാട്ട്, ഫാദർ ജോസഫ് കോയിത്താനത്ത്, ഫാദർ കുര്യാക്കേസ് കൊടക്കല്ലിൽ എന്നിവർ സംഭവ സ്ഥലത്ത് എത്തി സ്ഥിതി ഗതികൾ വിലയിരുത്തി. പൊലീസ് മേധാവികളുമായി ചർച്ച നടത്തി. വീട്ടിലെത്തി എന്റെ അമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. അധികം വൈകാതെ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ഭവന സന്ദർശനം നടത്തുമെന്ന് ഇടവക വികാരി ഫാദർ ജോർജ് പൊട്ടക്കൽ എന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. ഞാൻ മരിച്ചിട്ടില്ലെന്ന് സൂചന കിട്ടിയതിനാൽ ആവാം ബിഷപ്പ് തന്റെ ഉദ്യമം പിന്നീട് വേണ്ടെന്ന് വെച്ചു.
ആക്രമണത്തെ മുസ്ലിം സംഘടനകൾ പോലും അപലപിച്ചു. എന്നാൽ സഭാ അധികാരികൾ മൗനം ഭജിച്ചു. തൊട്ടടുത്ത ദിവസം മൂവാറ്റുപുഴ നിർമ്മലകോളജിൽ നടന്ന പൂർവവിദ്യാർത്ഥി സംഘടനാ ഭാരവാഹികളുടെ കമ്മറ്റി യോഗത്തിൽ, ആക്രമണത്തിൽ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകത ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ അവിടെ അന്നിഹിതരായിരുന്നു മാനേജർ മോൺ. തോമസ് മലേക്കുടി വളരെ ഉദാസീനമായിട്ടാണ് അതിനോട് പ്രതികരിച്ചത്. ''മരിച്ചുപോയെങ്കിൽ കൂഴപ്പമില്ലായിരുന്നു'' എന്ന് അദ്ദേഹം തന്റെ മനോഗതം അപ്പോൾ വെളിപ്പെടുത്തുകയും ചെയ്തു. ''- ഇങ്ങനെയാണ് സഭയിൽനിന്ന് നേരിട്ട ആ ക്രൂരതകൾ ജോസഫ് മാഷ് വിശദീകരിക്കുന്നത്.
വീടുകയറിയിറങ്ങി കന്യാസ്ത്രീകളുടെ കുപ്രചാരണം
വലതും കൈയും ഇടതുകാലിനും ഗുരുതരമായി പരിക്കേറ്റ് ജീവഛവമായി കിടക്കുന്ന ജോസഫ് മാഷിനെ കാണാനായി ധാരാളം പേർ മൂവാറ്റുപുഴയിലെ വീട്ടിൽ വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ചിലർ ഒരു കുപ്പി പാൽ, രണ്ടു കോഴിമുട്ട എന്നിങ്ങനെ തങ്ങളെകൊണ്ട് ആവുന്ന ചെറിയ സഹായങ്ങൾവരെ ചെയ്തു. വേട്ടയാടപ്പെട്ട ഒരു മനുഷ്യനോടുള്ള അനുതാപം സമൂഹത്തിൽ അത്രയേറെ ശക്തമായിരുന്നു.എന്നാൽ ഇത് സഭാധികാരികൾക്ക് ഇഷ്ടപ്പെട്ടില്ല. അവർ പ്രൊഫസർ ടി.ജെ ജോസഫിനെതിരെ ഇടയലേഖനം ഇറക്കുകയാണ് ചെയ്തത്. ഈ അനുഭവങ്ങളം അദ്ദേഹം പുസ്കത്തിൽ വിവരിക്കുന്നുണ്ട്. എറ്റവും വേദനാജനകമായത് കന്യാസ്ത്രീകളുടെ വീട് കയറിയിറങ്ങിയുള്ള കുപ്രചാരണം ആയിരുന്നുവെന്നും ജോസഫ് മാസ്റ്റർ ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
''രൂപതാധ്യക്ഷൻ നിർദ്ദേശിച്ചിട്ടാണോ എന്ന് അറിയില്ല, തുടർ ദിവസങ്ങളിൽ രൂപതയിലെ വിവിധ സന്യാസിനി സമൂഹങ്ങളിൽപ്പെട്ട കന്യാസ്ത്രീകൾ ഭവന സന്ദർശനം നടത്തി, ഞാൻ ഭാര്യാമർദ്ദകൻ ആണെന്നും അമ്മയെ നോക്കാത്തവൻ ആണെന്നും വിശ്വാസികൾക്കിടയിൽ അപവാദ പ്രചാരണം നടത്തി. സഭാധികാരികളുടെ നിർദ്ദേശം അനുസരിച്ച് സഭാ പ്രസിദ്ധീകരണങ്ങളിൽ എല്ലാം എന്നെ കുറ്റപ്പെടുത്തിയും, മാനേജ്മെന്റ് നടപടിയെ ശ്്ളാഘിച്ചും ധാരളാമായി ലേഖനങ്ങളും അഭിപ്രായപ്രകടനങ്ങളും വന്നു. സഭയുടെ കീഴിൽ വർത്തിക്കുന്ന ഭക്ത സംഘടനകൾ മാത്രമല്ല, കർഷക സംഘടനയായി ഇൻഫാം പോലും എന്നെ തള്ളിപ്പറഞ്ഞും, സഭാ നടപടികളെ പിന്തുണച്ചും പ്രസ്താവനകളും, ലഘുലേഖകളും അച്ചടിച്ച് വിതരണം നടത്തി. എന്നെ പിരിച്ചുവിട്ട മാനേജ്മെന്റ് നടപടിയെ അപലപിച്ച് കൊണ്ട് പത്രമാസികകളിൽ ലേഖനമെഴുതിയ സ്വാതികനും വയോധികനുമായ ഫാദർ എ അടപ്പൂരിനെ നിന്ദിച്ചും കന്യാസ്ത്രീയായ എന്റെ ചേച്ചിയെ പുലഭ്യം പറഞ്ഞും, എഴുതപ്പെട്ട ഊമക്കത്തുകൾ നാട്ടിലെമ്പാടും തപാൽ വഴി വിതരം ചെയ്യപ്പെട്ടു. സഭേതര പത്രമാസികളിൽ എനിക്ക് അനകൂലമായി അഭിപ്രായങ്ങളും ലേഖനങ്ങളും എഴുതിയവരിൽ ക്രിസ്തീയ നാമധാരികളെ തെരഞ്ഞെ് കണ്ടുപിടിച്ച് കോതമംഗലം മെത്രാൻ മാർ. ജോർജ് പുന്നക്കോട്ടിൽ നേരിട്ട് തന്നെ ശാസിച്ചു.
ഏതായാലും സഭാധികാരികളുടെ അശ്രാന്ത പരിശ്രമങ്ങൾക്ക് ഫലം ഉണ്ടായി. എന്റെ വീട്ടിലെ തിരക്ക് ഒഴിഞ്ഞു. ആവേശത്തോടെ പ്രാർത്ഥന നടത്തിയിരുന്നു ഭക്ത ശിരോമണികളെ ആരെയും പിന്നീട് ആ വഴിക്ക് കണ്ടില്ല. റോമൻ കത്തോലിക്കരായ മിക്കപേരും എല്ലാവിധ സമ്പർക്കങ്ങളും മനഃപൂർവം ഒഴിവാക്കി. അടുത്ത ബന്ധുക്കൾപോലും വീട്ടിൽ വരാതായി. അവരും സത്യവിശ്വാസികൾ ആണെല്ലോ!'' - ടി.ജെ ജോസഫ് ചൂണ്ടിക്കാട്ടി.
പിന്തുണയുമായി ഒ.എൻ.വിയും എം.കെ സാനുവും
അതേസമയം സാംസ്കാരിക നായകർ അടക്കമുള്ള നിരവധിപേരുടെ പിന്തുണയും ജോസഫ് മാസ്റ്റർക്ക് കിട്ടിയിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം ഇങ്ങനെയാണ് എഴുതുന്നത്. ''എന്റെ ഗുരുവും പ്രസിദ്ധ സാഹിത്യകാരനുമായ പ്രൊഫസർ എം.കെ സാനു പറഞ്ഞത് ഇപ്രകാരമാണ്. 'അദ്ധ്യാപകൻ എന്തെങ്കിലും തെറ്റ് ചെയ്തതായി തോനുന്നില്ല. അറിയാതെ പ്രവാചകന്റെ പേര് ഉപയോഗിച്ച് പോയി. അതിൽ പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്തതാണ്. മനേജ്മെന്റ് സംഭവത്തെ ശരിയായി വിലയിരുത്തി, അദ്ധ്യാപകനെ തിരിച്ച് എടുക്കുക എന്നത് ധാർമ്മികതയാണ്.'
പ്രൊഫസർ കെ.ജി ശങ്കരപ്പിള്ള ഇങ്ങനെ എഴുതി- ' വർഗീയ ശക്തികൾ കേരളത്തിൽ റിമോർട്ട് കൺട്രോൾ ഭരണം ആരംഭിച്ചതിന് ഉദാഹരണമാണ്, പ്രൊഫസർ ജോസഫിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട നടപടി. ഇത് അനീതിയാണ്. പിരിച്ചിവിടാൻ തക്ക തെറ്റ് അദ്ധ്യാപകൻ ചെയ്തിട്ടില്ല. മതനേതാക്കന്മാരുടെ പേരുകൾ അദ്ധ്യാപർക്കും, മീൻ കച്ചവടക്കാർക്കും, ഭ്രാന്തന്മാർക്കും ഉണ്ടാവുക സ്വാഭാവികം മാത്രം. സംഭവിച്ച കാര്യത്തിൽ അദ്ധ്യാപകന്റെ വിശദീകരണം പൂർണ്ണമായും വിശ്വസനീയമാണ്. ഒരു അദ്ധ്യാപകൻ ആകാനുള്ള യോഗ്യത ജോസഫിനുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാണ്. എന്നിട്ടും അദ്ദേഹത്തെ പിരിച്ചുവിടുന്നത്, മാനേജ്മെന്റിന്റെ ഭീരുത്വമാണ്. '- കെ.ജി.എസ് വ്യക്തമാക്കി.
ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ, ജസ്റ്റിസ് കെ.ടി തോമസ്, ആനന്ദ് സക്കറിയ, ഡോ ഗീത, സുഗതകുമാരി, വൈശാഖൻ, ജോർജ് ഓണക്കൂർ, പി വത്സല, യു.എ ഖാദർ, നൈനാൻ കോശി, ഫാ. എ അടപ്പൂർ, പഴവിള രമേശൻ, ഡോ കെ.എസ് രാധാകൃഷ്ണൻ, സ്വാമി അഗ്നിവേശ്, ജോസഫ് പുലിക്കുന്നേൽ എന്നിവരൊക്കെ പിരിച്ചുവിടൽ നടപടിയെ അപലപിച്ച സാംസ്കാരിക നേതാക്കളാണ്.ചോദ്യപേപ്പർ വിവാദം, അനന്തര സംഭവങ്ങൾ, മനേജ്മെന്റ് നിലപാട് എന്നിവയെക്കുറിച്ച് ചരിത്ര പണ്ഡിതനും കാലടി സംസ്കൃത സർവകാലാശാലാ മുൻ വൈസ് ചാൻസലറും ഹയർ എജുക്കേഷൻ കൗൺസിൽ വൈസ് ചെയർമാനുമായ ഡോ. കെ.എൻ പണിക്കരുടെ നിരീക്ഷണങ്ങൾ ആണ് ഏറെ സമീചീനമായത്. ഫ്രണ്ട് ലൈൻ ദ്വൈവാരികയിലും മറ്റും വന്ന അദ്ദേഹത്തിന്റെ നിഗമനങ്ങൾ ഉന്നത വിദ്യാഭ്യാസ വിചക്ഷണന്റെ അന്തസ്സാരം വെളിപ്പെടുത്തുന്നവ ആയിരുന്നു.
എന്നെ പിരിച്ചുവിട്ട വാർത്ത അറിഞ്ഞ ന്യൂമാൻ കോേളജിലെ എന്റെ സഹപ്രവർത്തകർ കൂട്ട അവധിയെടുത്ത് ഒരു ദിവസം ജോലിയിൽനിന്ന് വിട്ടുനിന്നു. ( ലീവ് അടയാളപ്പെടുത്താതിരുന്ന ഹാജർ ബുക്കിൽ പിന്നീട് മാനേജ്മെന്റ് ഭീഷണിപ്പെടുത്തി, അവരിൽ പലരെക്കൊണ്ടും ഒപ്പ് ഇടീപ്പിച്ചു.) തങ്ങളുടെ അദ്ധ്യാപകനെ പിരിച്ചുവിട്ട നടപടിയിൽ സങ്കടപ്പെട്ട, ന്യൂമാൻ കോളജിലെ കുട്ടികൾ പഠിപ്പ് മുടക്കി കരിദിനം ആചരിച്ചു. പിരിച്ചുവിടൽ നടപടി നീതി രഹിതമായ വലിയ തെറ്റാണെന്നും വേണ്ടിവന്നാൽ സർക്കാർ ഇടപെടുമെന്നും വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പ്രസ്താവിച്ചു. ചട്ടങ്ങൾ പാലിക്കാതെയുള്ള പിരിച്ചുവിടൽ പുനഃപരിശോധിക്കണമെന്ന് മഹാത്മാഗാന്ധി സർവകലാശാല രേഖാമൂലം ന്യൂമാൻ കോളജ് മാനേജരോട് ആവശ്യപ്പെട്ടു.''- പ്രൊഫസർ ടി.ജെ ജോസഫ് എഴുതി.
അതുപോലെ വലതുകൈപ്പത്തിയുടെ ചലന ശേഷി പോയശേഷം ജോസഫ് സാർ ഏറെ ശ്രമപ്പെട്ടാണ് ഇടതുകൈകൊണ്ട് എഴുതി പഠിച്ചത്. അതിനുശേഷമുള്ള ആദ്യ കത്ത് അദ്ദേഹം എഴുതിയത് കവി ഒ.എൻ.വിക്കാണെന്ന് പുസ്കത്തിൽ പറയുന്നു. ഒ.എൻ.വിക്ക് ജഞാനപീഠം ലഭിച്ചതിന് അഭിനന്ദിക്കാനായിരുന്നു ആ കത്ത്. അതിന് സ്വാന്തന വാക്കുൾ ഉൾക്കൊള്ളുന്ന ഒരു കവിതാശകലും പതിനായിരം രൂപയുടെ ചെക്കുമായി ഒ.എൻ.വി മറുപടി നൽകി. പക്ഷേ എല്ലാം സാംസ്്ക്കാരിക നായകരുടെയും നിലപാട് ഇതായിരുന്നില്ല.
ഡ്രാഫ്റ്റ് കീറിയെറിഞ്ഞ സുകുമാർ അഴീക്കോട്
ഒരു വിഭാഗം സാംസ്കാരിക നായകരുടെയും എഴുത്തുകാരുടെയുമൊക്കെ പിന്തുണ കൈവെട്ട് സംഭവത്തിനുശേഷം തനിക്ക് കിട്ടിയെങ്കിലും ചില വേദനാജനകമായ അനുഭവങ്ങളും ജോസഫ് മാഷ് പുസ്തകത്തിൽ എഴുതുന്നുണ്ട്. മലയാളത്തിന്റെ മനസാക്ഷിയെന്നും സാഗരഗർജ്ജനമെന്നുമൊക്കെ നാം വിശേഷിപ്പിക്കുന്ന സാക്ഷാൽ സുകുമാർ അഴീക്കോടിനെ കുറിച്ചാണ് ആ ഭാഗം. അറ്റുപോകാത്ത ഓർമ്മകളിലെ 'ഡോണ്ട് എവർ ഗിവ് അപ്പ്' എന്ന അധ്യായത്തിൽ മാഷ് ആ ദുരനുഭവം ഇങ്ങനെ എഴുതുന്നു.
''എന്നാൽ മറ്റൊരു മനുഷ്യസ്നേഹിയുടെ നടപടി തികച്ചും വൈരുദ്ധ്യാത്മകമായിരുന്നു. മുംബൈയിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന സി ആന്റണി ലൂയിസ് എന്ന മലയാളി, ഇന്ത്യൻ എക്പ്രസ് ദിനപ്പത്രത്തിൽവന്ന ഇ.പി ഉണ്ണിയുടെ ലേഖനം വായിച്ച്, എന്നോട അനുഭാവം തോന്നിയിട്ട്, മഹാരാഷ്ട്രാ ലിറ്റിജൻസ് അസോസിയേഷൻ എന്ന അവരുടെ സംഘടന എനിക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാമെന്ന് അറിയിച്ചുകൊണ്ട് ഒരു കത്തെഴുതി. കത്തിനൊപ്പം എനിക്ക് സാമ്പത്തിക ആശ്വാസമായി അയ്യായിരം രൂപയുടെ ഡ്രാഫ്റ്റ് ഉണ്ടായിരുന്നു. എന്റെ കൃത്യമായ അഡ്രസ്സ് അറിയാത്തതുകൊണ്ട് ആ കത്തും ഡ്രാഫ്റ്റും, സുകുമാർ അഴീക്കോടിന് അയച്ചിട്ട്, എന്റെ അഡ്രസ്സിൽ അയച്ചുകൊടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ സുകുമാർ അഴീക്കോട് തനിക്ക് അത് തരപ്പെടില്ലെന്ന് പറഞ്ഞ്, അവർക്ക് മറുപടി എഴുതി. അതിൽ എനിക്ക് അയച്ച കത്തും ഡ്രാഫ്റ്റും കീറിക്കളഞ്ഞതായി അറിയിക്കുകയും ചെയ്തു. ചെക്കുപോലെ ഉള്ളതാണ് ഡ്രാഫ്റ്റുമെന്ന് ആ മഹാപണ്ഡിതൻ വിചാരിച്ചു കാണും.
ഇക്കഥയെല്ലാം വിവരിച്ചുകൊണ്ടുള്ള ആന്റണി ലൂയിസിന്റെ കത്തും, സാമാന്യമനുഷ്യന്റെ മാന്യത പുലർത്താത്തതിൽ പരിഭവം അറിയിച്ച് ആന്റണി ലൂയിസ്, സുകുമാർ അഴീക്കോടിന് അയച്ച കത്തിന്റെ കോപ്പിയും പിന്നീട് എനിക്ക് കിട്ടി.''- ഇങ്ങനെയാണ് ജോസഫ് മാസ്റ്റർ സുകുമാർ അഴീക്കോടിൽനിന്നുണ്ടായ ദുരനുഭവം വിവരിക്കുന്നത്.
ഇറങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അഞ്ചു പതിപ്പുകൾ ആയ അറ്റുപോകത്ത ഓർമ്മകൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്. ഇസ്ലാമിക മതമൗലിക വാദികൾ എതിർഭാഗത്ത്വരുന്ന കേസുകളിൽ ഒക്കെയും, കേരളത്തിലെ ചില സാംസ്കാരിക നായകർ ഇത്തരം ഇരട്ടത്താപ്പാണ് സ്വകീരിക്കുന്നത് എന്ന രൂക്ഷ വിമർശനവും സോഷ്യൽ മീഡിയയിൽ പലരും ഉയർത്തുന്നുണ്ട്.