- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിൽ നടന്നത് സുഗമമായ ഭരണകൈമാറ്റം; അഫ്ഗാൻ സൈന്യത്തിന് താൽപര്യം താലിബാനോട്; ഇന്ത്യയും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കേണ്ടി വന്നേക്കാം; വിദേശകാര്യ നയത്തിൽ താലിബാൻ മാറ്റം വരുത്തും; ചൈനീസ് ഭീതിയിലാണ് അമേരിക്ക താലിബാനെ അംഗീകരിച്ചത്: ടി പി ശ്രീനിവാസൻ മറുനാടനോട്
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ യുദ്ധം നടന്നിട്ടില്ലെന്ന് മുൻ അംബാസിഡറും വിദേശകാര്യ വിദഗ്ധനുമായ ടിപി ശ്രീനിവാസൻ. നടന്നത് സുഗമമായ ഭരണകൈമാറ്റം മാത്രമാണ്. താലിബാൻ സേനയ്ക്കെതിരെ ആക്രമണം നടന്നതിന്റെ ഒരു ദൃശ്യം പോലും പുറത്തുവന്നിട്ടില്ല. അമേരിക്ക പിന്മാറിയതിന് ശേഷം താലിബാനെതിരെ ഒരു വെടിപോലും പൊട്ടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അമേരിക്ക 20 വർഷം പരിശീലനം നൽകിയ ഗനിയുടെ സൈന്യത്തിനും അമേരിക്കയെക്കാൾ താൽപര്യം താലിബാനോടാണ്. താലിബാനെതിരെ യുദ്ധം ചെയ്യാൻ അഫ്ഗാനിസ്ഥാൻ സൈന്യം തയ്യാറാവില്ല.
പാലസ്ഥീനിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് താലിബാന്റെ ഭരണമാണ്. 1996 ൽ താലിബാൻ ഭരണം ഏറ്റെടുക്കുമ്പോൾ ജനങ്ങളാരും എതിർത്തില്ല. അവർ കാബൂളിൽ പ്രവേശിച്ചപ്പോൾ അവർക്കെതിരെ ഒരു വെടി പോലും ആരും പൊട്ടിച്ചില്ല. അവരുടെ പിന്നിൽ പാക്കിസ്ഥാനല്ലാതെ മറ്റാരും സൈനികസഹായം നൽകിയെന്ന് തോന്നുന്നില്ല. അവർക്കതിന്റെ ആവശ്യം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ചൈന ഏറ്റെടുക്കും എന്ന ഭയം കൊണ്ടാണ് താലിബാനോടുള്ള നിലപാട് മയപ്പെടുത്താൻ അമേരിക്ക തയ്യാറായത്. ചൈനയും പാക്കിസ്ഥാനും താലിബാനും ചേർന്ന ഒരു അച്ചുതണ്ട് ഉണ്ടായാൽ അത് അമേരിക്കയുടെ താൽപര്യങ്ങൾക്ക് എതിരായി വരും. അതുകൊണ്ടു കൂടിയാണ് താലിബാൻ അധികാരം ഏറ്റെടുത്തത് സമാധാനത്തിന്റെ വഴിയിലാണെന്ന് പ്രചരിപ്പിക്കാൻ അമേരിക്ക തിടുക്കം കാണിക്കുന്നത്.
ഇന്നലെ മുതൽ താലിബാനെ ഭാഗികമായെങ്കിലും അംഗീകരിക്കാൻ അമേരിക്ക തയ്യാറായത് താലിബാൻ ലോകരാജ്യങ്ങൾക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാകാം. അമേരിക്കയ്ക്കും റഷ്യയ്ക്കും ഒരുപക്ഷെ ഇന്ത്യയ്ക്കും താലിബാന്റെ ചില ഉറപ്പുകൾ കിട്ടിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അവരുടെ വിദേശകാര്യനയം ഒന്നാം താലിബാൻ സർക്കാരിനെക്കാൾ വ്യത്യസ്തമായിരിക്കുമെന്ന ചില സൂചനകൾ അവർ തന്നിട്ടുണ്ട്. ഒന്നാം താലിബാൻ ഭരണകൂടത്തെ പാക്കിസ്ഥാനും യുഎഇയും മാത്രമാണ് അംഗീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ മറ്റ് ലോകരാജ്യങ്ങളെയും കൊണ്ട് അംഗീകരിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളെ ശത്രുക്കളാക്കാൻ അവർ ശ്രമിക്കുന്നില്ല എന്നതാണ് ഗുണപരമായ മാറ്റം. അവിടത്തെ ഇന്ത്യൻ നിക്ഷേപങ്ങൾ തകർക്കില്ല എന്നും ഇന്ത്യൻ എംബസിയെ ആക്രമിക്കില്ല എന്നും അവർ ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവരുടെ ജനതയെ മുൻകാലങ്ങളെ പോലെ തന്നെ അവർ അടിച്ചമർത്തുന്നത് തുടരും. സ്ത്രീകളൊന്നും പുറത്തുപോകാൻ പാടില്ലെന്നും സ്കൂളുകളൊന്നും തുറക്കരുതെന്നുമൊക്കെ അവർ ഇപ്പോൾതന്നെ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിനുള്ളിൽ പഴയ ബാർബേറിയൻ ഭരണം തന്നെയായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞ 20 വർഷങ്ങളായി താലിബാൻ ദുർബലമായിരുന്ന അഫ്ഗാനിസ്ഥാനിൽ വളർന്ന ചെറുപ്പക്കാരുടെ നിലപാട് എന്തായിരിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. അവർ ഇസ്ലാമിക് നിയമങ്ങളനുസരിച്ചുള്ള ഭരണത്തിന് തയ്യാറാകുമോ എന്ന് കണ്ടറിയണം. പക്ഷെ ഇനി എന്തുസംഭവിച്ചാലും അടുത്ത കുറച്ചുകാലത്തേയ്ക്ക് താലിബാന്റെ ഭരണം തുടരും എന്ന കാര്യത്തിൽ സംശയമില്ല.
അമേരിക്കയുടെയും ബ്രിട്ടന്റെയുമൊക്കെ എതിർപ്പുകൾ താൽക്കാലികമാണ്. അവർ നിലപാട് മാറ്റിത്തുടങ്ങി. നാളെ അവർ കാർസായിയെ ഒക്കെ മറയാക്കി താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുമെന്ന് ഉറപ്പാണ്. അതനുസരിച്ച് ഇന്ത്യയും നിലപാട് മാറ്റേണ്ടിവരും. താലിബാനുമായുള്ള ചർച്ചകൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ താൽപര്യങ്ങൾ ഒരു പരിധി വരെ അവർ അംഗീകരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.- ടി പി ശ്രീനിവാസൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ