കോഴിക്കോട് : കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ ആക്രമണം നടന്നതോടെ വ്യക്തമാകുന്നത് കോഴിക്കോട്ടെ എ ഗ്രൂപ്പിലെ പിളർപ്പ്. കോഴിക്കോട്ടെ ഡിസിസി തെരഞ്ഞെടുപ്പ് എങ്ങനേയും അനുകൂലമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ആ ഗ്രൂപ്പ് യോഗം. ഡി.സി.സി. മുൻ അധ്യക്ഷൻ യു. രാജീവൻ ഉൾപ്പെടെ 20 പേരെ പ്രതികളാക്കി സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു.

കോഴിക്കോട്ട് സിദ്ദിഖ് ഗ്രൂപ്പുണ്ടാക്കാനായിരുന്നു യോഗം. കെ മുരളീധരന്റെ അനുയായി പ്രവീൺകുമാറാണ് ഡിസിസി അധ്യക്ഷൻ. സംഘടനാ തെരഞ്ഞെടുപ്പിൽ പ്രവീൺകുമാറിനെ തോൽപ്പിക്കുകയായിരുന്നു ലക്ഷ്യം. കെപിസിസി പ്രസിഡന്റിന് തെരഞ്ഞെടുപ്പ് അനിവാര്യമായാൽ സമ്മർദ്ദം ശക്തമാക്കുകയായിരുന്നു സിദ്ദഖിന്റെ ലക്ഷ്യം. കെ മുരളീധരന് ജില്ലയിൽ അപ്രമാധിത്വം കിട്ടില്ലെന്ന് ഉറപ്പിക്കാനായിരുന്നു നീക്കം.

കെപിസിസി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖിനെ അനുകൂലിക്കുന്നവരാണു കല്ലായി റോഡിലെ ഹോട്ടലിൽ രഹസ്യയോഗം ചേർന്നത്. ഗ്രൂപ്പ് യോഗങ്ങൾ നടത്തരുതെന്ന കെപിസിസി. അധ്യക്ഷന്റെ നിർദ്ദേശം ലംഘിച്ചാണു രാജീവന്റെ നേതൃത്വത്തിൽ 25 പേർ ഒത്തുകൂടിയത്. മർദനം നടന്നിട്ടും രാജീവൻ തടയാൻ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. പ്രശ്നമുണ്ടായതറിഞ്ഞാണു സിദ്ദിഖ് യോഗത്തിന് എത്താതിരുന്നതെന്നാണു സൂചന. അതുകൊണ്ട് അച്ചടക്ക നടപടിയിൽ നിന്നും സിദ്ദിഖ് രക്ഷപ്പെട്ടു.

കോഴിക്കോട്ടെ എ ഗ്രൂപ്പിൽത്തന്നെ കെ.സി. അബു വിഭാഗത്തെ ഒഴിവാക്കിയായിരുന്നു ഇന്നലത്തെ യോഗം. ഉമ്മൻ ചാണ്ടിയോട് ചേർന്ന് നിന്നാണ് അബുവിന്റെ പ്രവർത്തനം. ഉമ്മൻ ചാണ്ടിയെ തള്ളിയാണ് സിദ്ദഖി കെപിസിസി ഭാരവാഹിയായതെന്നാണ് സൂചന. ജവഹർലാൽ നെഹ്റു അനുസ്മരണച്ചടങ്ങാണു നടന്നതെന്നും രഹസ്യസ്വഭാവത്തിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിനേത്തുടർന്ന് പത്രപ്രവർത്തകനാണെന്ന് അറിയാതെയാണു മർദനമുണ്ടായതെന്നും സിദ്ദിഖ് ന്യായീകരിച്ചു.

ഞായറാഴ്ചയാണ് നെഹ്‌റു ജന്മദിനം. എന്നാൽ യോഗം ചേർന്നത് ശനിയാഴ്ചയും. ഇതിൽ നിന്ന് തന്നെ ഗ്രൂപ്പ് യോഗമല്ലെന്ന് വരുത്താനുള്ള നീക്കമാണ് നടന്നതെന്ന് വ്യക്തമാണ്. ഈ യോഗം കെപിസിസി അധ്യക്ഷൻ കെ സുധാകരനും നാണക്കേടായി. ഇനി ഗ്രൂപ്പില്ലെന്ന് സുധാകരൻ പ്രഖ്യാപിക്കുമ്പോൾ വർ്ക്കിങ് പ്രസിഡന്റ് തന്നെ അതു നടത്തിയെന്നതാണ് നാണക്കേടായി മാറുന്നത്. സിദ്ദിഖിനെതിരെ അച്ചടക്ക നടപടി എടുക്കാനും കഴിയുന്നില്ല.

നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം കെ സി വേണുഗോപാൽ--കെ സുധാകരൻ പക്ഷത്തേക്ക് സിദ്ദിഖ് കൂറുമാറിയതിനാൽ ജില്ലയിൽ എ ഗ്രൂപ്പിൽ വിള്ളൽവീണിരുന്നു. ഉമ്മൻ ചാണ്ടി വിഭാഗം സിദ്ദിഖിനെ എ ഗ്രൂപ്പിൽ അടുപ്പിച്ചിരുന്നില്ല. തുടർന്നാണ് സിദ്ദിഖ് സ്വാധീനമുറപ്പിക്കാൻ രഹസ്യയോഗം വിളിച്ചത്. ഡിസിസി ഭാരവാഹികൾ, കൗൺസിലർമാർ എന്നിവരടക്കം പങ്കെടുത്തയോഗം ചേർന്ന ഹോട്ടലിന് മുന്നിലെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. യു രാജീവനടക്കമുള്ള നേതാക്കൾ ഇത് തടയാനും ശ്രമിച്ചില്ല. അക്രമത്തിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്തി. യു രാജീവൻ ഉൾപ്പെടെ 30 പേർക്കെതിരേ കസബ പൊലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

മാധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്നു ഡി.സി.സി. അധ്യക്ഷൻ കെ. പ്രവീൺകുമാർ പറഞ്ഞു. സംഭവം അന്വേഷിക്കാൻ കെപിസിസി. മുൻനിർവാഹകസമിതി അംഗങ്ങളായ സി.വി. കുഞ്ഞിക്കൃഷ്ണൻ, ജോൺ പൂതക്കുഴി എന്നിവരുൾപ്പെട്ട കമ്മിഷനെ നിയോഗിച്ചു.

മാതൃഭൂമി സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർ, ഏഷ്യാനെറ്റ് ന്യൂസ് സ്പെഷൽ കറസ്പോണ്ടന്റ് സി.ആർ. രാജേഷ്, കൈരളി ടി.വി. റിപ്പോർട്ടർ മേഘാ മാധവൻ, മനോരമ ന്യൂസ് കറസ്പോണ്ടന്റ് ദീപ്തിഷ് കൃഷ്ണ, ക്യാമറാമാൻ റിതികേഷ് എന്നിവർക്കുനേരെയാണു കൈയേറ്റമുണ്ടായത്. പരുക്കേറ്റ സാജൻ ആശുപത്രിയിൽ ചികിത്സതേടി. മേഘയുടെ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചു. പെണ്ണാണെന്നു നോക്കില്ലെന്ന ഭീഷണിയും മുഴക്കി.

കെപിസിസി, ഡി.സി.സി. മുൻഭാരവാഹികളായ വി എം. ചന്ദ്രൻ, കെ.എം. ഉമ്മർ, കോട്ടയിൽ രാധാകൃഷ്ണൻ, ഇ.എം. ജയപ്രകാശ്, ചേവായൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി സി. പ്രശാന്ത്, അരക്കിണർ മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറ, പന്നിയങ്കര ബ്ലോക്ക് പ്രസിഡന്റ് വി. റാസിക്, ഫറോക്ക് ബ്ലോക്ക് പ്രസിഡന്റ് കെ. സുരേഷ് തുടങ്ങിയവരാണു യോഗത്തിൽ പങ്കെടുത്തത്.