- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിദമ്പതികളുടെ ദാമ്പത്യം പൂത്തുലഞ്ഞത് സാനഡുവിലും റോസ് ഹൗസിലുമായി; ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത് 1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവി തോറ്റതോടെ; അകന്നു ജീവിക്കുമ്പോഴും രോഗക്കിടക്കയിലേക്ക് ഓടിയെത്തി പരചരിച്ചു ഗൗരി; ലുസിയാമ്മയുടെ മകനെയും മകനായി അംഗീകരിച്ച മഹാമനസ്കത; ഗൗരിയമ്മയിലെ സ്നേഹനിധിയുടെ കഥ
തിരുവനന്തപുരം: പുറമേ പരുക്കൻ സ്വഭാവമായിരിക്കുമ്പോഴും ഏറെ സ്നേഹം തുളുമ്പുന്ന വ്യക്തിത്വമായിരുന്നു കെ ആർ ഗൗരിയമ്മയുടേത്. സ്വന്തം ജീവിതാനുഭവങ്ങളാണ് പലപ്പോഴും അവർക്ക് പരുക്കൻ പരിവേഷം നൽകിയത്. ടി വി തോമസുമായുള്ള ഗൗരിയമ്മയുടെ പ്രണയവും അക്കാലത്തെ വിപ്ലവമായിരുന്നു. സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ സ്ത്രീകൾക്ക് അവകാശമില്ലാതിരുന്ന കാലത്താണ് ടിവിയെ ഗൗരി പ്രണയിച്ചത്.
ടി വി തോമസിനെ ഗൗരിയമ്മ ആദ്യം കണ്ടത് എറണാകുളം മഹാരാജാസ് കോളജിൽ വച്ചാണ്. ഇന്റർമീഡിയറ്റിനു ചേർന്ന ശേഷം ഒരു ദിവസം ബിഎസ്സി പ്രവേശനത്തിനെത്തിയ ആലപ്പുഴക്കാരി ത്രേസ്യാമ്മയെ പരിചയപ്പെട്ടു. കോളജിലെ ഇന്റർവ്യൂ കഴിഞ്ഞ ത്രേസ്യാമ്മക്കൊപ്പം കണ്ട യുവാവായിരുന്നു ടി വി. 1954 ൽ തന്നെ പാർട്ടി ഗൗരിയമ്മയുടെയും ടിവിയുടെയും വിവാഹം നിശ്ചയിച്ചിരുന്നു. ടിവിക്ക് മറ്റൊരു സ്നേഹബന്ധമുണ്ടെന്നറിഞ്ഞ ഗൗരിയമ്മ വിവാഹം വേണ്ടെന്നു പാർട്ടിക്കു കത്തു നൽകി. എന്നാൽ, തീരുമാനിച്ച നിലയ്ക്ക് വിവാഹം നടക്കണമെന്നായിരുന്നു പാർട്ടി നിലപാട്. ആ സ്നേഹബന്ധം തുടരില്ലെന്ന ടിവിയുടെ ഉറപ്പിലാണ് 1957 ൽ വിവാഹം നടന്നതെന്നു ഗൗരിയമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്.
മന്ത്രിദമ്പതികളായിരിക്കവേ രണ്ട് വസതികളിലായാണ് ടി വി തോമസും കെ ആർ ഗൗരിയമ്മയും കഴ്ഞ്ഞിരുന്നത്. വഴുതക്കാട്ടെ മന്ത്രിമന്ദിരങ്ങളായ റോസ് ഹൗസിന്റെയും സാനഡുവിന്റെയും നടുവിലുള്ള മതിലിലെ വാതിൽ പതിറ്റാണ്ടുകൾ കഴിയുമ്പോഴും ഗൗരിയമ്മയുടെയും ടി.വി. തോമസിന്റെ പ്രണയ സ്മാരകമായി നിലനിൽക്കുന്നു. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ടി.വി.തോമസിനും കെ.ആർ.ഗൗരിയമ്മയ്ക്കും കതിർമണ്ഡപമൊരുങ്ങിയ മന്ത്രിമന്ദിരമാണു സാനഡു. 1967ൽ സിപിഐ മന്ത്രിയായി ടി.വി.തോമസും സിപിഎം മന്ത്രിയായി ഗൗരിയമ്മയും ഇഎംഎസ് മന്ത്രിസഭയിലെത്തി. ടി.വി. തോമസ് റോസ് ഹൗസിലും ഗൗരിയമ്മ സാനഡുവിലും താമസിച്ചു.
10 കൊല്ലത്തിനിടെ അവരുടെ ജീവിതത്തിൽ നേരിയ അസ്വാരസ്യങ്ങൾ ഉടലെടുത്ത കാലം. വ്യത്യസ്ത പാർട്ടികളിൽപ്പെട്ട സന്ദർശകർ മന്ത്രിമാരെ കാണാനെത്തുമ്പോഴുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായിരുന്നു ഇരുവരും വ്യത്യസ്ത മന്ദിരങ്ങൾ തിരഞ്ഞെടുത്തത്. എങ്കിലും ഭക്ഷണവും താമസവും ഇരുവരും ഒരുമിച്ചായിരുന്നു.
രാവിലെ ഇരു കാറുകളിൽ പോകുന്ന ഗൗരിയമ്മയും ടിവിയും ഉച്ചയ്ക്ക് ഊണു കഴിക്കാൻ ഒരു കാറിൽ വരുന്നതായിരുന്നു പതിവ്. റോസ് ഹൗസിലേക്ക് ചുറ്റിക്കറങ്ങിയുള്ള ഗൗരിയമ്മയുടെ യാത്ര ബുദ്ധിമുട്ടായതോടെ മതിൽ പൊളിച്ച് കൊച്ചു സ്വകാര്യ ഗേറ്റുണ്ടാക്കി. അതിലൂടെയാണ് ദിവസം പലവട്ടം ഗൗരിയമ്മ ഭർത്താവിന്റെ അടുത്ത് എത്തിയിരുന്നത്. കലഹം മൂർച്ഛിച്ച് ഒരിക്കൽ ഗൗരിയമ്മ ഇറങ്ങിപ്പോയതും ഇതേ ഗേറ്റിലൂടെയാണെന്നതു ചരിത്രം. പിന്നെ ഏറെക്കാലം ആ ഗേറ്റ് അടഞ്ഞുകിടന്നു. 1979 ൽ പി.കെ.വാസുദേവൻ നായർ മന്ത്രിസഭയുടെ കാലത്താണ് പിന്നീട് ഈ ഗേറ്റ് തുറന്നത്.
1959 ൽ കാർഷിക പരിഷ്കരണ ബില്ലിനു പിന്നാലെ വിമോചനസമരം തുടങ്ങി. കമ്യൂണിസ്റ്റ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടതോടെയാണ് ടിവിയും ഗൗരിയമ്മയും മന്ത്രിമന്ദിരം വിട്ട് ആലപ്പുഴയ്ക്കു മടങ്ങിയത്. പിന്നീടു ഗൗരിയമ്മയുടെ സമ്പാദ്യംകൊണ്ട് ചാത്തനാട്ട് 17 സെന്റ് സ്ഥലവും വീടും വാങ്ങി. 1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്നു ഗൗരിയമ്മ ജയിച്ചപ്പോൾ ടിവി ആലപ്പുഴയിൽ തോറ്റു. കോൺഗ്രസ് മുന്നണി അധികാരത്തിലെത്തി. ഈ സമയത്തു കുടുംബത്തിൽ അസ്വാരസ്യം ഉടലെടുത്തു. ദാമ്പത്യം പിരിഞ്ഞ ശേഷം, 1967 ൽ ഇരുവരും സഭയിൽ വീണ്ടുമെത്തി. സെക്രട്ടേറിയറ്റിൽ വച്ചു കണ്ടുമുട്ടും. മന്ത്രിസഭാ യോഗങ്ങളിൽ ഒന്നിച്ചിരിക്കും. ഒഴിവാക്കാൻ കഴിയാത്ത ഭരണകാര്യങ്ങൾ മാത്രം സംസാരിക്കും.
ടി വി തോമസ് കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഘട്ടത്തിലും കെ ആർ ഗൗരിയമ്മ പരിചരിക്കാൻ ഓടിയതെത്തിയിരുന്നു.
ചികിത്സയ്ക്കു ശേഷം ടിവി തിരുവനന്തപുരത്തു മടങ്ങിയെത്തി. മിക്ക ദിവസവും കാണാൻ ഗൗരിയമ്മ പോകും. അടിയന്തരാവസ്ഥ പിൻവലിച്ചതിനു പിന്നാലെ 1977 ൽ വീണ്ടും തിരഞ്ഞെടുപ്പ്. ടിവിക്കു രോഗം കടുത്തു. ചികിത്സയ്ക്കായി വീണ്ടും മുംബൈയിലേക്ക്. ഒപ്പം വരാമോ എന്നു ടിവി ചോദിച്ചെങ്കിലും തിരഞ്ഞെടുപ്പായതിനാൽ സിപിഎം അനുവദിച്ചില്ല. ഗൗരിയമ്മ അരൂരിൽ സിപിഎം സ്ഥാനാർത്ഥിയായി. 1948 ന് ശേഷം ടിവി ആദ്യമായി തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോഴേക്കും ടിവിയെ മുംബൈയിൽനിന്നു തിരികെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഗൗരിയമ്മ ആശുപത്രിയിലെത്തി കൂട്ടിരുന്നു. ടിവിയുടെ കാൽ തടവിക്കൊടുത്തു. അവരുടെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്.
പിറക്കാതെ പോയ കുഞ്ഞിനെ ഓർത്ത് ദുഃഖിക്കുന്നവളായിരുന്നു ഗൗരി. ടിവിയിൽ നിന്നും ഗർഭം ധരിച്ചെങ്കിലും പിന്നീട് ഇത് അലസിപ്പോകുയായിരുന്നു. പാർട്ടിയും ടി.വി. തോമസും പരസ്യമായി അംഗീകരിച്ചിരുന്നില്ലെങ്കിലും ആലപ്പുഴ കാഞ്ഞിരംചിറയിലെ ലൂസിയാമ്മയുടെ മകൻ ടി.ടി. മാക്സണെ ഗൗരിയമ്മ ടിവിയുടെ മകനായി അംഗീകരിച്ചിരുന്നു. ടിവി മരിച്ച ശേഷം, 2010 സെപ്റ്റംബറിൽ മാക്സൺ മരിക്കുന്നതു വരെ ഗൗരിയമ്മ കഴിയുന്ന സഹായം അദ്ദേഹത്തിനു നൽകിയിരുന്നു.
ടിവിയുടെ മരണശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് വർഗീസ് വൈദ്യൻ നാളികേര വികസന കോർപറേഷൻ ചെയർമാനായിരുന്നപ്പോൾ മാക്സണ് ആലപ്പുഴ ഡിപ്പോയിൽ അക്കൗണ്ടന്റായി ജോലി നൽകി. ആ ജോലി സ്ഥിരപ്പെടുത്തിയതു ഗൗരിയമ്മയാണ്. മാക്സൺ മരിച്ചപ്പോൾ ഗൗരിയമ്മ പങ്കുവച്ച ഒരനുഭവം ഇങ്ങനെ: 'ഞാൻ മന്ത്രിയായിരുന്നപ്പോൾ അവൻ (മാക്സൺ) തിരുവനന്തപുരത്തു കാണാൻ വന്നു. കയ്യിൽ വിവാഹക്ഷണക്കത്ത് ഉണ്ടായിരുന്നു. വിവാഹത്തിന് എത്തണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഞാൻ തുക രേഖപ്പെടുത്താത്ത ഒരു ചെക്ക് ഒപ്പിട്ടു കൊടുത്തു. ഒരു ലക്ഷം രൂപ പിൻവലിച്ചെന്ന് പിന്നീടറിഞ്ഞു. ഇതിനുശേഷം എന്നെ കാണാൻ ചാത്തനാട്ടെ വീട്ടിലും അവൻ വന്നു'.
പ്രണയിക്കുന്നവരുടെ മനസ്സറിഞ്ഞ് വിവാഹം നടത്താൻ മുൻകയ്യെടുക്കുന്ന നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. കേരളത്തിലെ അറിയപ്പെടുന്ന പല നേതാക്കളുടെയും വിവാഹത്തിന് അവർ മുൻകയ്യെടുത്തിട്ടുണ്ട്. വി എസ്. അച്യുതാനന്ദനും വസുമതിയുമായുള്ള വിവാഹം നടത്തിച്ചതു താനാണെന്നു ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. മന്ത്രി എ.കെ. ബാലനും ഡോ. ജമീലയുമായുള്ള വിവാഹം നടത്തിയതു ഗൗരിയമ്മ ഇടപെട്ടാണ്.
1982 ൽ ജി.സുധാകരനു വിവാഹമാലോചിക്കാൻ ആലപ്പുഴ തൂക്കുകുളത്തെ പ്രഫ.അയ്മനം കൃഷ്ണൻകുട്ടിയുടെ വീടായ നവപ്രഭയിൽ 'അമ്മായിഅമ്മ'യുടെ പകിട്ടോടെ എത്തിയത് ഗൗരിയമ്മയായിരുന്നു. മുൻ എംപി സി.എസ്. സുജാതയും ബേബിയുമായുള്ള പ്രണയത്തോട് വീട്ടിൽ എതിർപ്പുണ്ടായിരുന്നെങ്കിലും ഗൗരിയമ്മയുടെ ഇടപെടലിൽ മഞ്ഞുരുകി. സിപിഎമ്മിലായിരുന്ന കാലത്ത് വിദ്യാർത്ഥി, യുവജന നേതാക്കളായിരുന്ന പലരുടെയും പ്രണയവിവാഹം യാഥാർഥ്യമായതു ഗൗരിയമ്മയാണ്.
മറുനാടന് ഡെസ്ക്