- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസലങ്ക-രജപക്സെ വെടിക്കെട്ട്; മിന്നുന്ന അർധ സെഞ്ചുറികൾ; ബംഗ്ലാ കടുവകളെ തുരത്തി ലങ്കൻ വിജയക്കുതിപ്പ്; 172 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ മറികടന്നത് അഞ്ച് വിക്കറ്റിന്
ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് തകർത്ത് ശ്രീലങ്ക. ബംഗ്ലാദേശ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ശേഷിക്കെ ലങ്കൻ ബാറ്റിങ് നിര മറികടന്നു. 49 പന്തിൽ 80 റൺസ് എടുത്ത ചരിത് അസലങ്ക, 31 പന്തിൽ 53 റൺസ് നേടിയ ഭാനുക രജപക്സെ എന്നിവരുടെ വെടിക്കെട്ടിലാണ് ലങ്കൻ ജയം. സ്‌കോർ ബംഗ്ലാദേശ്: 171/4 (20), ശ്രീലങ്ക: 172-5 (18.5 ഓവർ).
ഒരു ഘട്ടത്തിൽ 79 റൺസിന് നാലുവിക്കറ്റ് എന്ന നിലയിൽ തകർന്ന ശ്രീലങ്കയെ അസലങ്കയും രജപക്സയും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇന്നിങ്സിന്റെ തുടക്കം തൊട്ട് ഒടുക്കം വരെ വീരോചിതമായി പൊരുതിയ അസലങ്കയാണ് ശ്രീലങ്കയക്ക് ഈ വിജയം സമ്മാനിച്ചത്. തകർപ്പൻ ഇന്നിങ്സാണ് താരം കാഴ്ചവെച്ചത്.
172 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. വിശ്വസ്തനായ കുശാൽ പെരേരയെ ആദ്യ ഓവറിൽ തന്നെ ടീമിന് നഷ്ടമായി. നാലാം പന്തിൽ സ്വീപ്പ് ഷോട്ടിന് ശ്രമിച്ച പെരേരയെ നസും അഹമ്മദ് ക്ലീൻ ബൗൾഡാക്കി. വെറും ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്.
പെരേരയ്ക്ക് പകരം ചരിത് അസലങ്ക ക്രീസിലെത്തി. രണ്ട് സിക്സുകൾ നേടിക്കൊണ്ട് അസലങ്ക വരവറിയിച്ചു. അസലങ്ക ആക്രമിച്ച് കളിച്ചപ്പോൾ നിസങ്ക അതിനുവേണ്ട എല്ലാ പിന്തുണയും നൽകി. പതിയെ നിസങ്കയും ആക്രമിച്ച് കൽക്കാൻ തുടങ്ങിയതോടെ ബംഗ്ലാദേശ് അപകടം മണത്തു. 5.4 ഓവറിൽ ടീം സ്‌കോർ 50 കടന്നു. പിന്നാലെ അസലങ്കയും നിസങ്കയും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.
ബാറ്റിങ് പവർപ്ലേയിൽ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തു. എട്ടോവറിൽ നിസ്സങ്കയും അസലങ്കയും ചേർന്ന് ടീം സ്‌കോർ 71-ൽ എത്തിച്ചു. എന്നാൽ ഒൻപതാം ഓവറിൽ ഷാക്കിബ് അൽ ഹസ്സൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളിൽ നിന്ന് 24 റൺസെടുത്ത നിസ്സങ്കയെ ക്ലീൻ ബൗൾഡാക്കി ഷാക്കിബ് ശ്രീലങ്കയയ്ക്ക് പ്രഹരമേൽപ്പിച്ചു.
നിസ്സങ്കയ്ക്ക് പകരം ക്രീസിലെത്തിയ ആവിഷ്‌ക ഫെർണാണ്ടോയെ അതേ ഓവറിൽ തന്നെ ക്ലീൻ ബൗൾഡാക്കി ഷാക്കിബ് ശ്രീലങ്കയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. റൺസൊന്നുമെടുക്കാതെ ഫെർണാണ്ടോ മടങ്ങി. ഇതോടെ ശ്രീലങ്ക പരുങ്ങലിലായി.
പിന്നാലെ വന്ന ഹസരംഗയ്ക്കും പിടിച്ചുനിൽക്കാനായില്ല. ആറ് റൺസ് മാത്രമെടുത്ത താരത്തെ മുഹമ്മദ് സെയ്ഫുദ്ദീൻ നയീമിന്റെ കൈയിലെത്തിച്ചു. ഇതോടെ ശ്രീലങ്ക 79 ന് നാല് എന്ന നിലയിലേക്ക് വീണു. ഹസരംഗയ്ക്ക് പകരം ഭനുക രജപക്സ ക്രീസിലെത്തി
ഒരറ്റത്ത് തുടർച്ചയായി വിക്കറ്റുകൾ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന അസലങ്ക അർധസെഞ്ചുറി നേടി. 32 പന്തുകളിൽ നിന്നാണ് താരം അർധശതകത്തിലെത്തിയത്. 13 ഓവറിൽ ടീം സ്‌കോർ 100 കടന്നു.
മഹ്‌മദുള്ള എറിഞ്ഞ 14-ാം ഓവറിൽ രണ്ട് സിക്സ് നേടിക്കൊണ്ട് അസലങ്ക സമ്മർദം കുറച്ചു. രജപക്സയും നന്നായി കളിക്കാൻ തുടങ്ങിയതോടെ ശ്രീലങ്ക വിജയപ്രതീക്ഷ പുലർത്തി. അസലങ്കയെയും രജപക്സയെയും പുറത്താക്കാനുള്ള അവസരം ലിട്ടൺ ദാസ് പാഴാക്കി. രണ്ട് ക്യാച്ചുകളും താരം കൈവിട്ടു. ഇത് മത്സരത്തിൽ നിർണായകമായി.
സെയ്ഫുദ്ദീൻ എറിഞ്ഞ 16-ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറുമടിച്ച് രജപക്സ കൊടുങ്കാറ്റായി മാറി. ഈ ഓവറിൽ 22 റൺസാണ് പിറന്നത്. ഈ ഓവർ കളിയുടെ ഗതി മാറ്റി. തൊട്ടടുത്ത ഓവറിൽ ശ്രീലങ്ക 150 മറികടന്ന് വിജയമുറപ്പിച്ചു.
പിന്നാലെ രജപക്സ അർധശതകം നേടി. 28 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി കുറിച്ചത്. പക്ഷേ രജപക്സയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നസും അഹമ്മഗ് എറിഞ്ഞ 19-ാം ഓവറിൽ താരം ക്ലീൻ ബൗൾഡായി. 31 പന്തുകളിൽ നിന്ന് മൂന്ന് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 53 റൺസെടുത്താണ് താരം ക്രീസ് വിട്ടത്.
പിന്നാലെ നായകൻ ഡാസൺ ശനക ക്രീസിലെത്തി. ശനയെ കൂട്ടുപിടിച്ച് അസലങ്ക ശ്രീലങ്കയെ വിജയത്തിലെത്തിച്ചു. അസലങ്ക 49 പന്തുകളിൽ നിന്ന് അഞ്ച് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 80 റൺസെടുത്ത് പുറത്താവാതെ നിന്നു. ശനക ഒരു റൺസെടുത്തു. ബംഗ്ലാദേശിനുവേണ്ടി നസും അഹമ്മദ്, ഷാക്കിബ് അൽ ഹസ്സൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സെയ്ഫുദ്ദീൻ ഒരു വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 171 റൺസ് നേടി. 52 പന്തിൽ 62 റൺസ് നേടിയ ഓപ്പണർ മുഹമ്മദ് നൈമാണ് ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ മുഷ്ഫീഖുർ റഹീം(37 പന്തിൽ 57*) വേഗം സ്‌കോർ ചെയ്തത് ബംഗ്ലാദേശിനെ തുണയ്ക്കുകയും ചെയ്തു.
ലിറ്റൺ ദാസിനെ പവർപ്ലേയിലെ അവസാന ഓവറിൽ നഷ്ടമായെങ്കിലും ഭേദപ്പെട്ട തുടക്കം ലഭിച്ചു ബംഗ്ലാദേശിന്. ആറ് ഓവറിൽ 41 റൺസുണ്ടായിരുന്നു മഹമ്മദുള്ളയ്ക്കും സംഘത്തിനും. ആറാം ഓവറിലെ അഞ്ചാം പന്തിൽ ലിറ്റണെ(16) ശനകയുടെ കൈകളിൽ ലഹിരു കുമാര എത്തിക്കുകയായിരുന്നു. ഒരോവറിന്റെ ഇടവേളയിൽ ചമിക കരുണരത്നെ സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ(10) ബൗൾഡാക്കുകയും ചെയ്തു.
എന്നാൽ മൂന്നാം വിക്കറ്റിൽ മുഹമ്മദ് നൈമും മുഷ്ഫീഖുർ റഹീമും ബംഗ്ലാ കടുവകളെ മുന്നോട്ടുനയിച്ചു. ഇതോടെ 14-ാം ഓവറിൽ ടീം സ്‌കോർ 100 കടന്നു. 17-ാം ഓവറിൽ ഫെർണാണ്ടോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 52 പന്തിൽ 62 റൺസെടുത്ത നൈമിനെ റിട്ടേൺ ക്യാച്ചിൽ മടക്കി. 73 റൺസാണ് മൂന്നാം വിക്കറ്റിൽ പിറന്നത്.
ഇതിനുശേഷം ബൗണ്ടറികളുമായി മുഷ്ഫീഖുർ കളംനിറഞ്ഞതോടെ ബംഗ്ലാദേശ് മികച്ച സ്‌കോറിലെത്തുകയായിരുന്നു. മുഷ്ഫീഖുർ 32 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കി. ഇതിനിടെ 19-ാം ഓവറിൽ അഫീഫ് ഹൊസൈൻ ഏഴിൽ നിൽക്കേ ലഹിരുവിന്റെ ത്രോയിൽ റണ്ണൗട്ടായി. 20 ഓവർ പൂർത്തിയാകുമ്പോൾ മുഷ്ഫീഖുറിനൊപ്പം(37 പന്തിൽ 57*), നായകൻ മഹമ്മദുള്ള(5 പന്തിൽ 10*) പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ചമിക കരുണരത്നെ, ബിനുര ഫെർണാണ്ടോ, ലാഹിരു കുമാര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്