മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പുറത്തുവിട്ട് ബിസിസിഐ. കടുംനീല നിറത്തിലുള്ള ജേഴ്സിയണിഞ്ഞാണ് ഇന്ത്യ ലോകകപ്പിനിറങ്ങുക. ജേഴ്സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലും കുങ്കുമ നിറത്തിൽ കട്ടിയുള്ള ബോർഡറും നൽകിയരിക്കുന്നു. 17 നാണ് ലോകകപ്പ് ആരംഭിക്കുക.

ഇന്ത്യൻ ആരാധകർക്കുള്ള സമ്മാനമാണ് പുതിയ ജേഴ്സി. ടീമിനെ കാലങ്ങളായി പിന്തുണക്കുന്ന ആരാധർക്ക് കടപ്പാട് അറിയിക്കുന്ന രീതിയിലാണ് ജേഴ്സിയുടെ ഡിസൈൻ. ബിസിസിഐ പങ്കുവച്ച ട്വീറ്റിലെ ക്യാപ്ഷനും അത്തരത്തിലായിരുന്നു. ബിസിസിഐയുടെ ട്വീറ്റ് കാണാം...

 

ഓസ്‌ട്രേലിയക്കെതിരായ പരമ്പര മുതൽ ഇന്ത്യ കടും നീല നിറത്തിലുള്ള ജേഴ്‌സിയാണ് അണിയുന്നത്. ഇത്തവണ നിറം മാറുമെന്നാന്ന് വാർത്തകളുണ്ടായിരുന്നു. ഇന്ത്യൻ ടീം നേരത്തെ ഉപയോഗിച്ചിരുന്ന ആകാശനീല നിറത്തിലുള്ള ജേഴ്‌സിയിലേക്ക് മടങ്ങി പോകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോൺസർമാരായ എംപിഎൽ സ്‌പോർട്‌സാണ് ജേഴ്‌സി പുറത്തുവിട്ടത്.

ഇപ്പോൾ ഉപയോഗിക്കുന്ന കടുംനീല ജേഴ്‌സി ഓസ്‌ട്രേലിയൻ പര്യടനത്തിൽ മാത്രം ഉപയോഗിക്കുനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനും ഇതേ ജേഴ്‌സി തന്നെ അണിയാൻ തീരുമാനിക്കുകയായിരുന്നു.

എംപി.എൽ സ്പോർട്സാണ് ഇന്ത്യൻ ജഴ്സിയുടെ സ്പോൺസർ. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ജഴ്സി കഴിഞ്ഞ വർഷം നവംബറിലാണ് പുറത്തിറക്കിയത്. എംപി.എൽ തന്നെയായിരുന്നു ഈ ജഴ്സിയും ഒരുക്കിയത്. 1992-ൽ ഇന്ത്യ അണിഞ്ഞ ജഴ്സിയോട് സാദൃശ്യം പുലർത്തുന്നതായിരുന്നു ഇത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലാണ് ഇന്ത്യൻ ടീം ആദ്യമായി ഈ ജഴ്സി അണിഞ്ഞത്.

ഒക്ടോബർ 18 ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ പുതിയ ജഴ്സിയണിഞ്ഞ് കളിക്കും. ലോകകപ്പിൽ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 24 നാണ് ഈ മത്സരം.