- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശങ്ക 'കോവിഡ് മൂന്നാം തരംഗ'ത്തിൽ; ഐപിഎല്ലിന് പിന്നാലെ ട്വന്റി 20 ലോകകപ്പും കടൽകടക്കും; വേദിയായി യുഎഇയും ഒമാനും പരിഗണനയിൽ; ഐസിസിയുടെ 'താൽപര്യ'ത്തിന് ബിസിസിഐ സമ്മതിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് നിലനിൽക്കെ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിൽ നടക്കാനുള്ള സാധ്യത മങ്ങുന്നു.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടന്നേക്കും. ഇക്കാര്യത്തിൽ ഐസിസിയോട് ബിസിസിഐ സമ്മതം മൂളിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടത്.
കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ ഒക്ടോബർ-നവംബർ മാസങ്ങളിൽ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യവും ഐസിസിയെ അലട്ടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വേദി മാറ്റത്തിന് ബിസിസിഐ സമ്മതം മൂളുകയായിരുന്നു. ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യക്കുണ്ടാകും.
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഐസിസി ബിസിസിഐയ്ക്ക് ജൂൺ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ആതിഥേയരാകുന്നതിൽ ഐസിസിക്ക് അതൃപ്തിയുണ്ട്. ഇന്ത്യയിലെ സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ ലോകകപ്പ് നടത്താൻ പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗം പേരുടേയും അഭിപ്രായം.
ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് നടക്കുന്നതിനാൽ യു.എ.ഇയിലെ വേദികൾക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. ഇതിന് സമയം ലഭിക്കാനായി ആദ്യഘട്ട മത്സരങ്ങൾ ഗൾഫ് മേഖലയിലെ തന്നെ മറ്റൊരു വേദിയിൽ നടത്തുന്നതിനെ കുറിച്ച് ഐസിസി ആലോചിക്കുന്നുണ്ട്. ഒമാനിലെ മസ്ക്കറ്റിനാണ് ആദ്യ പരിഗണന. ദുബായ്, അബൂദാബി, ഷാർജ എന്നിവിടങ്ങളിലാകും യു.എ.ഇയിലെ മത്സരങ്ങളുടെ വേദി.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റുകയായിരുന്നു.. ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആണ് ബിസിസിഐ പകരം വേദിയായി കണ്ടെത്തിയത്. കഴിഞ്ഞ വർഷംത്തെ ഐപിഎല്ലിന് യുഎഇ വേദിയായിരുന്നു. ഐപിഎൽ പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ഫ്രാഞ്ചൈസികൾ നടത്തിവരികയാണ്. താരങ്ങൾക്കും സ്റ്റാഫിനുമുള്ള ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കാനുള്ള ചർച്ചകൾ ടീമുകൾ തുടങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് ചെയ്തിരുന്നു.
ഓഗസ്റ്റ് മൂന്നാം ആഴ്ചയോടെ ടീം ക്യാമ്പ് യുഎഇയിലേക്ക് മാറ്റാനാണ് ഫ്രാഞ്ചൈസികൾ പദ്ധതിയിടുന്നത്. ക്വാറന്റൈൻ അടക്കമുള്ള കാര്യങ്ങളിൽ ബിസിസിഐയുടെ പ്രോട്ടോക്കോൾ വന്ന ശേഷമാകും ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഐപിഎല്ലിന് തൊട്ടുപിന്നാലെ ഐസിസി ടി20 ലോകകപ്പ് വരുന്നതിനാൽ വിദേശ താരങ്ങളുടെ പങ്കാളിത്തമാണ് ഫ്രാഞ്ചൈസികളെ കുഴയ്ക്കുന്ന ഒരു കാര്യം. ഇക്കാര്യത്തിൽ വിദേശ ക്രിക്കറ്റ് ബോർഡുകളുമായി ബിസിസിഐ അനുകൂല ചർച്ച നടത്തുമെന്നാണ് ടീമുകളുടെ പ്രതീക്ഷ.
നാല് ഫ്രാഞ്ചൈസികളിലെ താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ മെയ് നാലിന് ഐപിഎൽ പതിനാലാം സീസൺ നിർത്തിവയ്ക്കുകയായിരുന്നു. 60 മത്സരങ്ങളുള്ള ടൂർണമെന്റിൽ 29 കളികൾ മാത്രമാണ് പൂർത്തിയാക്കാനായത്. അവശേഷിക്കുന്ന 31 മത്സരങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി യുഎഇയിൽ നടത്താനാണ് ബിസിസിഐയുടെ പദ്ധതി. ഐപിഎല്ലിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബിസിസിഐ പ്രതിനിധികൾ ദുബൈയിൽ എത്തിയിരുന്നു.
സ്പോർട്സ് ഡെസ്ക്