- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് ബട്ലറും ജേസണും; തകർത്തടിച്ച് മൊയീൻ അലി; പിന്തുണച്ച് ബെയർസ്റ്റോ, ലിവിങ്സറ്റൺ; ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം
ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീൻ അലിയുടെയും ജോണി ബെയർസ്റ്റോയുടെയും ലിയാം ലിവിങ്സ്റ്റണിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസടിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 49 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ ഇഷാൻ കിഷനും കെ എൽ രാഹുലുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ ജോസ് ബട്ലറും ജേസൺ റോയിയും ചേർന്ന് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം നൽകി. ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ബുമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബട്ലറും റോയിയും ചേർന്ന് ഇംഗ്ലണ്ടിനെ നാലാം ഓവറിൽ 36 റൺസിലെത്തിച്ചു. എന്നാൽ നാലാം ഓവറിൽ ബട്ലറെ(13 പന്തിൽ 18) ക്ലീൻ ബൗൾഡാക്കിയ ഷമി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പവർ പ്ലേയിലെ അവസാന ഓവറിൽ ജേസൺ റോയിയെ(13 പന്തിൽ 17) ബുമ്രയുടെ കൈകളിലെത്തിച്ച് ഷമി ഇംഗ്ലണ്ട് കുതിപ്പിന് തടയിട്ടു.
ഡേവിഡ് മലനുമൊത്ത് ബെയർസ്റ്റോ ഇംഗ്ലണ്ട് സ്കോർ 77 ൽ എത്തിച്ചെങ്കിലും മലനെ(18 പന്തിൽ 18) മടക്കി രാഹുൽ ചാഹർ ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപ്പിച്ചു. എന്നാൽ മലന് പകരം ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റൺ(20 പന്തിൽ 30) ബെയർസ്റ്റോക്ക് ഒപ്പം തകർത്തടിച്ചതോടെ ഇംഗ്ലണ്ട് സ്കോർ കുതിച്ചു. പതിമൂന്നാം ഓവറിൽ 100 കടന്ന ഇംഗ്ലണ്ട് പതിനാലാം ഓവറിൽ രാഹുൽ ചാഹറിനെതിരെ 17 റൺസടിച്ച് ടോപ് ഗിയറിലായി. പതിനഞ്ചാം ഓവറിൽ ഷമി ലിവിങ്സ്റ്റണെ വീഴ്ത്തിയെങ്കിലും പിന്നീടെത്തിയ മൊയീൻ അലിയും മോശമാക്കിയില്ല.
അർധസെഞ്ചുറിക്ക് ഒരു റൺസകലെ ജോണി ബെയർസ്റ്റോയെ ബൗൾഡാക്കി ബുമ്ര ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാൻ നോക്കിയെങ്കിലും അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ 21 റൺസടിച്ചുകൂട്ടി അലി ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഭുവനേശ്വർ കുമാർ നാലോവറിൽ 54 റൺസ് വിട്ടുകൊടുത്തപ്പോൾ രാഹുൽ ചാഹർ നാലോവറിൽ 43 റൺസ് വഴങ്ങി. ബുമ്ര നാലോവറിൽ 26 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ അശ്വിൻ നാലോവറിൽ 23 റൺസ് മാത്രമെ വഴങ്ങിയുള്ളു.
സ്പോർട്സ് ഡെസ്ക്