ബാങ്കോങ്ക്: സർക്കാർ വിരുദ്ധ സമരം നടത്തുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ മാതൃക പിന്തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയിലെ കരാള നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് രംഗത്തിറങ്ങി. ഏകദേശം 400 വിദ്യാർത്ഥികളോളം ഉൾപ്പെടുന്ന പ്രക്ഷോഭകർ ബാംങ്കോംഗിലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനു മുന്നിൽ അണിനിരന്നു. അദ്ധ്യാപകർ, വിരൂപമായ രീതിയിൽ വിദ്യാർത്ഥിയുടെ മുടി മുറിക്കുന്നത് കാണിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

2014-ൽ ഒരു സൈനിക വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത മുൻ ജനറൽ പ്രയൂത് ചാൻ-ഓച കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന ആക്ഷേപത്തോടെ നടക്കുന്ന വലിയ പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികളും പ്രതിഷേധിക്കുന്നത്. 15 വയസ്സുകാരി കരഞ്ഞുകൊണ്ട് നിൽക്കുമ്പോൾ അദ്ധ്യാപിക അവളുടെ മുടി വികൃതമായ രീതിയിൽ മുറിക്കുന്നതായിരുന്നു പ്രതിഷേധ രംഗത്ത് കാണിച്ചത്.ആവശ്യത്തിന് നീളമില്ലാത്ത മുടിയുമായി എത്തുന്ന വിദ്യാർത്ഥികളെ ഈ രീതിയിൽ ശിക്ഷിക്കുന്ന പതിവ് തായ്ലാൻഡിലെ അദ്ധ്യാപകർക്ക് ഉണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.

ഈ കരാള പ്രവർത്തിക്കെതിരെയുള്ള പ്രതിഷേധം കൂടിയായാണ് വിദ്യാഭ്യാസ മന്ത്രി നറ്റഫോൽ ടീസുവന്റെ ഓഫീസിനു മുന്നിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടിയത്. സ്‌കൂൾ യൂണിഫോമിൽ, പ്രതിഷേധ സൂചകമായ വെളുത്ത റിബണുകൾ ധരിച്ചെത്തിയ വിദ്യാർത്ഥികൾ സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇതിനിടയിൽ പുറത്തെത്തിയ മന്ത്രി, പ്രതിഷേധത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കനത്തതോടെ പ്രതിഷേധക്കാരുടെ ഏറ്റവും പിൻനിരയിലേക്ക് അദ്ദേഹം ചെന്നു.

2014 ലെ സൈനിക വിപ്ലവത്തിന് വഴിയൊരുക്കിയ കലാപത്തിൽ സജീവമായി പങ്കെടുത്തയാളാണ് നറ്റഫോൽ. പണ്ട് അദ്ദേഹത്തിന്റെ അണികൾ ചെയ്തിരുന്നതുപോലെ അദ്ദേഹത്തിന്റെ പ്രസംഗം ഇടക്കിടെ തടസ്സപ്പെടുത്താൻ വിദ്യാർത്ഥികൾ വിസലടിക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥികൾ ഇത്ര ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കാര്യങ്ങൾ തുറന്നു പറയാൻ കാണിക്കുന്ന ധൈര്യത്തെ പ്രശംസിച്ചു.

യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സർക്കാരിനെതിരെ നടത്തുന്ന സമരത്തിന്റെ തുടർച്ചയായി കഴിഞ്ഞയാഴ്‌ച്ചയാണ് സ്‌കൂൾ വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. തങ്ങൾ സ്‌കൂൾ കാമ്പസിൽ സമരം ഒതുക്കിയാൽ മറ്റുള്ളവർ അതിനെ കുറിച്ച് അറിയില്ല, അതിനാലാണ് കാമ്പസിന് വെളിയിൽ സമരം ചെയ്യുന്നത് എന്നാണ് 15 കാരനായ ഒരു വിദ്യാർത്ഥി പറഞ്ഞത്. 2014-ൽ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത പ്രയൂത്, പിന്നീട് 2019-ൽ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ച് അധികാരത്തിൽ തുടരുകയാണ്.

കൊറോണ വൈറസ് എത്തും മുൻപ് തന്നെ തായ്ലാൻഡിന്റെ സമ്പദ്ഘടന തകർന്നിരുന്നു. കൊറോണ തകർച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. മന്ത്രിസഭയി ഏറെയും മുൻ സൈനികോദ്യോഗസ്ഥരാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന അവർ സമ്പദ്ഘടന ഉയർത്താൻ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ല എന്നൊരു ആക്ഷേപവും ഉയരുന്നുണ്ട്. പുതിയ തെരഞ്ഞെടുപ്പ് നടത്തുക, സൈനിക ഭരണകൂടം പ്രാബല്യത്തിൽ വരുത്തിയ ഭരണഘടന മാറ്റുക, സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നത് നിർത്തുക തുടങ്ങിയ മൂന്നിന അവശ്യങ്ങളുമായാണ് പ്രതിഷേധം തുടരുന്നത്.