കാബൂൾ: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തോടെ താലിബാൻ ഭീകരരുടെ പിടിയിൽ അമരുകയാണ് അഫ്ഗാനിസ്താൻ.ദുർബലരായ അഫ്ഗാൻ ഭരണകൂടത്തെ സൈനിക മാർഗങ്ങളിലൂടെ പരാജയപ്പെടുത്തി രാജ്യം പിടിച്ചെടുക്കാനുള്ള നീക്കത്തിൽ അഫ്ഗാനിസ്ഥാന്റെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ കൂടി പിടിച്ചടക്കിയതോടെ ആശങ്കകൾ ഉയരുകയാണ്.

ഏഴ് ദിവസത്തിനുള്ളിൽ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ അധീനതയിലാവുമെന്ന് താലിബാന്റെ അവകാശവാദം. താലിബാൻ വക്താക്കളെ ഉദ്ധരിച്ച് സിഎൻഎസ് ന്യൂസ്-18 ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളിൽ താൽപര്യമില്ല. രാജ്യത്ത് പ്രവർത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എൻജിഒകളേയും ആക്രമിക്കില്ലെന്നും താലിബാൻ പ്രതിനിധി പറഞ്ഞതായി ചാനൽ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ താലിബാൻ പിടിച്ചെടുത്തതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ വക്താവ് പ്രഖ്യാപിച്ചത്. 'കാണ്ഡഹാർ പൂർണമായും കീഴടക്കി. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി.' ട്വീറ്റിൽ പറയുന്നു. അഫ്ഗാൻ സർക്കാർ സൈന്യത്തെ നഗരത്തിന് പുറത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് പിൻവലിച്ചതായി കാണ്ഡഹാർ സ്വദേശിയും പറയുന്നുണ്ട്.



തലസ്ഥാന നഗരമായ കാബൂളിൽ നിന്ന് 150 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഗന്‌സി ഇന്നലെ താലിബാൻ പിടിച്ചടക്കിയിരുന്നു. ഇവിടത്തെ ഗവർണർ ദാവൂദ് ലഗ്മാനി സുരക്ഷ തേടി സ്ഥലം വിടുന്നതിന്റെയും കാബൂൾ അതിർത്തിയിൽവച്ചു പിടിയിലാകുന്നതിന്റെയും വീഡിയോയും പുറത്തുവന്നു.ഈ രീതിയിൽ തുടരുകയാണെങ്കിൽ 90 ദിവസത്തിനകം താലിബാൻ കാബൂൾ പിടിക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്.

നിലവിൽ അഫ്ഗാൻ സർക്കാരിന് രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിലെ നിയന്ത്രണം നഷ്ടപ്പെട്ടുകഴിഞ്ഞു.അതേസമയം, ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായത് അഫ്ഗാൻ സൈന്യത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവർ കാബൂളിലേക്ക് എത്തുന്നുണ്ട്. ഇവരിൽ താലിബാൻ ഭീകരരും ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറൻ മേഖലയുടെ ചുമതലയുള്ള സുരക്ഷ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു.

അഫ്ഗാൻ യുവതികളെ താലിബാൻ ഭീകരവാദികളെക്കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ദ വാൾ സ്ട്രീറ്റ് ജേർണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. താലിബാൻ പിടിച്ചെടുത്ത പ്രവിശ്യകളിലെ സൈനികരെ വധശിക്ഷക്ക് വിധേയരാക്കുന്നതായും പൗരന്മാർക്ക് നേരെ അക്രമം അഴിച്ചുവിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

താലിബാൻ പിടിച്ചെടുത്ത പ്രവിശ്യകളിൽ നിന്ന് കാബൂളിലേക്കുള്ള കുടിയേറ്റം തുടരുകയാണ്. പ്രകോപനമില്ലാതെയാണ് താലിബാൻ ഭീകരവാദികൾ ജനങ്ങൾക്കുനേരെ അക്രമമഴിച്ചുവിടുന്നത്. കീഴടങ്ങിയ ഉദ്യോഗസ്ഥരെയും പട്ടാളക്കാരെയും വധിക്കുകയാണ് താലിബാൻ ചെയ്യുന്നത്. അവിവാഹിതരായ യുവതികളോട് താലിബാൻ ഭീകരവാദികളുടെ ഭാര്യയാകാനും നിർബന്ധിക്കുന്നു- മനുഷ്യാവാകാശ സംഘടനയെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം കീഴടങ്ങിയ പട്ടാളക്കാരെ വധശിക്ഷക്ക് വിധേയരാക്കിയ നടപടിയെ യുഎസ് എംബസി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. യുദ്ധക്കുറ്റങ്ങളെ നിയമവത്കരിക്കുകയാണ് താലിബാൻ ചെയ്യുന്നതെന്നും യുഎസ് കുറ്റപ്പെടുത്തി.

ബുധനാഴ്ച കാണ്ഡഹാറിലെ ജയിൽ തകർത്ത ഭീകരർ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. തടവിലുള്ള ഭീകരരെ മോചിപ്പിച്ച് അവരെ ഉയർന്ന റാങ്കുകളിൽ ചുമതലയേൽപ്പിക്കുകയാണ് താലിബാൻ. അതിനിടെ,ഖത്തറിലെ അഫ്ഗാൻ സർക്കാരിന്റെ മദ്ധ്യസ്ഥർ ഭീകരസംഘടനയായ താലിബാന് അധികാരം പങ്കിടൽ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി താലിബാനുമായി അധികാരം പങ്കിടാൻ സമ്മതമാണെന്ന് അഫ്ഗാൻ ഗവൺമെന്റ് അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ താലിബാൻ പ്രതികരിച്ചിട്ടില്ല.

അതേ സമയം അഷ്‌റഫ് ഘനി പ്രസിഡന്റായി ഇരിക്കുന്നിടത്തോളം അഫ്ഗാനിസ്ഥാൻ സർക്കാരുമായി താലിബാൻ ആശയവിനിമയം നടത്തില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.വിദേശ മാധ്യമ പ്രവർത്തകരോട് ഇസ്ലാമാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 34 മാസങ്ങൾക്കു മുൻപ് അഫ്ഗാനിസ്ഥാൻ സർക്കാരുമായി ചർച്ച നടത്താൻ താലിബാനെ നിർബന്ധിച്ചിരുന്നു. അഷറഫ് ഘനി പ്രസിഡന്റായി ഇരിക്കുന്നിടത്തോളം താലിബാൻ അഫ്ഗാൻ സർക്കാരുമായി ചർച്ചയ്ക്കു തയ്യാറാകില്ല എന്നതാണ് നിലവിലെ സാഹചര്യം ഇമ്രാൻ പറഞ്ഞു. അതേസമയം രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിക്കാനായി പ്രസിഡന്റ് അഷ്റഫ് ഘാനി ഉടൻ വാർത്താസമ്മേളനം നടത്തുമെന്നാണ് വിവരം.

തലസ്ഥാനമായ കാബൂളിൽനിന്ന് 150 കിലോ മീറ്റർ മാത്രം അകലെയുള്ള ഗസ്നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാൻ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പന്ത്രണ്ട് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ നിയന്ത്രണത്തിലാക്കിയത്. നിലവിൽ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും അതിർത്തികളിൽ തൊണ്ണൂറു ശതമാനവും താലിബാൻ നിയന്ത്രണത്തിലാണ്.

അഫ്ഗാൻ വ്യോമസേനയ്ക്ക് ഇന്ത്യ സമ്മാനമായി നൽകിയ ഹെലികോപ്ടറിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു. ഹെലികോപ്ടറിന് സമീപം നിലയുറപ്പിച്ച ഭീകരരുടെ ചിത്രങ്ങളും വീഡിയോയും താലിബാൻ പുറത്തുവിട്ടു. അതേസമയം പറക്കാൻ സഹായിക്കുന്ന റോട്ടർ ബ്ലേഡുകൾ എടുത്തുമാറ്റിയ നിലയിലാണ് ഹെലികോപ്ടർ.

താലിബാൻ ഹെലികോപ്ടർ അക്രമണത്തിന് ഉപയോഗപ്പെടുത്താതിരിക്കാൻ സൈന്യം ഇവ മുൻകൂട്ടി എടുത്ത് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.2019ലാണ് ഹെലികോപ്ടർ ഇന്ത്യ അഫ്ഗാന് സമ്മാനിച്ചത്. മൂന്ന് ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളും ഇതിനൊപ്പം അഫ്ഗാന് കൈമാറിയിരുന്നു.അഫ്ഗാനിൽ താലിബാൻ പ്രവിശ്യകൾ പിടിച്ചെടുക്കുന്നത് തുടരുകയാണ്. ഇതോടെ പല രാജ്യങ്ങളും എംബസി ഒഴിഞ്ഞ് ഉദ്യോഗസ്ഥർ സ്വന്തം രാജ്യത്തേക്ക് തിരിച്ചു.