കാബൂൾ: അഫ്ഗാനിസ്താനിൽ കൊടും ക്രൂരത തുടർന്ന് താലിബാൻ ഭീകരർ. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുൻപിൽവച്ച് വെടിവെച്ച് കൊലപ്പെടുത്തി. ഖോർ പ്രവിശ്യയിലെ ഫിറോസ്‌കോ സ്വദേശിനിയായ ബാനു നെഗാർ ആണ് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായത്. പ്രാദേശിക ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്ന നെഗാർ എട്ടുമാസം ഗർഭിണിയായിരുന്നു.

മൂന്ന് ഭീകരരാണ് വീട്ടിലേക്ക് അതിക്രമിച്ച് കടന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരർ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുൻപിൽ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച ഭീകരർ മൃതദേഹത്തിന്റെ മുഖം വികൃതമാക്കി. സംഭവ ശേഷം വാഹനത്തിൽ കടന്നുകളയുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

അതേ സമയം പ്രതിരോധ സേന ശക്തമായി തിരിച്ചടിക്കുന്ന പഞ്ച്ഷീർ പ്രവിശ്യയിലെ നാല് ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. വാർത്ത നിഷേധിച്ച് പ്രതിരോധസേനയും രംഗത്തെത്തി. നിലവിൽ പഞ്ച്ഷീർ പ്രവിശ്യയിൽ ശക്തമായ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

പഞ്ച്ഷീർ പ്രവിശ്യയിലെ ഷുതുൽ, പര്യാൻ, ഖിഞ്ച്, അബ്ഷർ എന്നീ ജില്ലകൾ പിടിച്ചതായി താലിബാനെ ഉദ്ധരിച്ച് ഖാമാ പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത പ്രതിരോധസേന നിഷേധിച്ചു. താലിബാനോട് ശക്തമായി പോരാട്ടം നടത്തുകയാണെന്ന് പ്രതിരോധസേന വ്യക്തമാക്കി. പഞ്ച്ഷീർ പ്രവിശ്യയിൽ വാർത്താപ്രക്ഷേപണ സേവനങ്ങൾ നിർത്തലാക്കിയതിനാൽ പുറത്തുവരുന്ന വാർത്തകളിൽ സ്ഥിരീകരണങ്ങൾ ലഭ്യമല്ല.



അഫ്ഗാനിസ്താൻ പിടിച്ചെങ്കിലും പഞ്ച്ഷീർ പ്രവിശ്യ മാത്രം താലിബാന് കീഴടക്കാൻ സാധിച്ചിരുന്നില്ല. ശക്തമായ പോരാട്ടം നടത്തുന്ന പ്രതിരോധ സേനയ്ക്ക് മുമ്പിൽ താലിബാൻ ഭീകരവാദികൾ പതറുന്ന കാഴ്ചയാണ് കണ്ടത്. നേരത്തെ പഞ്ച്ഷീർ മേഖലയും പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിരോധ സേന ഇത് തള്ളി.

പഞ്ച്ഷീർ പ്രവിശ്യ കീഴടക്കി എന്നവകാശപ്പെട്ട് താലിബാൻ കഴിഞ്ഞ ദിവസം ആഹ്‌ളാദ പ്രകടനങ്ങൾ നടത്തിയിരുന്നു. വെടിയുതിർത്ത് നടത്തിയ ആഹ്‌ളാദ പ്രകടനത്തിൽ കുട്ടികളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

റെഡ് ക്രോസിന്റെ അന്താരാഷ്ട്ര സമിതിയുടെ തലവൻ അഫ്ഗാനിസ്ഥാനിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് റെഡ് ക്രോസ് തലവൻ പീറ്റർ മൗറർ അഫ്ഗാനിൽ എത്തിയത്. യുദ്ധത്തിൽ പ്രതിസന്ധി നേരിടുന്ന ഐസിആർസി ജീവനക്കാരെ സന്ദർശിക്കുക, മെഡിക്കൽ സൗകര്യങ്ങൾ വിലയിരുത്തുക, പോരാട്ടത്തിൽ പരിക്കേറ്റവർ, പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചവർ തുടങ്ങിയവരെയൊക്കെ സന്ദർശിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെഡ് ക്രോസിന്റെ അന്താരാഷ്ട്ര സമിതി തലവൻ അഫ്ഗാനിലെത്തിയത്. പ്രാദേശിക അഫ്ഗാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്താനും മൗററിന് പദ്ധതിയുണ്ടെന്ന് ദുരിതാശ്വാസ സംഘം പ്രസ്താവനയിൽ പറഞ്ഞു

അഫ്ഗാനിസ്താനിൽ വിമാന സർവീസുകൾ പുനരാരംഭിച്ചതായാണ് വിവരം. അരിയാന അഫ്ഗാൻ വിമാന സർവീസ് പുനരാരംഭിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. കാബൂളിൽ നിന്ന് ഹെറാത്ത്, മസാർ-ഇ-ഷെരീഫ്, കാണ്ഡഹാർ എന്നിവിടങ്ങളിലേക്ക് വിമാന സർവീസ് പുനഃരാരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആഴ്ചകൾക്ക് ശേഷം അഫ്ഗാനിസ്താനിൽ ബാങ്കുകൾ പ്രവർത്തനം ആരംഭിച്ചു. കാബൂളിലെ മിക്ക ബാങ്കുകളും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.



എന്നാൽ സ്വകാര്യ ബാങ്കുകളിലെ എല്ലാ ശാഖകളും തുറന്നിട്ടില്ലെന്നാണ് ഖാമാ പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പല ബാങ്കുകൾക്ക് മുന്നിലും നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്. തങ്ങൾക്ക് ശമ്പളം കിട്ടിയിട്ട് ആറ് മാസത്തിലേറെ ആയെന്ന് സർക്കാർ ജീവനക്കാർ പറയുന്നു. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധിയും ബാങ്കുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. 200 ഡോളർ മാത്രമാണ് 24 മണിക്കൂറിനുള്ളിൽ ബാങ്കുകളിൽ നിന്ന് പിൻവലിക്കാൻ സാധിക്കുക.

അഫ്ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനിൽ ആഭ്യന്തര പോര് ഉടലെടുത്തതായാണ് റിപ്പോർട്ട്. അധികാരത്തിന് വേണ്ടി താലിബാൻ നേതാക്കളായ ബറാദറും ഹഖാനിയും തമ്മിലാണ് പോര് രൂക്ഷമായിരിക്കുന്നത്. പരസ്പരമുള്ള ഏറ്റുമുട്ടലിൽ ബറാദറിന് വെടിയേറ്റതായാണ് പുറത്തു വരുന്ന വിവരങ്ങൾ. ബറാദറിനെ പാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങളുണ്ട്.