ഖാണ്ഡഹാർ: ഖാണ്ഡഹാറിലെ കുടിയൊഴിപ്പിക്കലിനെതിരെ കടുത്ത പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ. ജനങ്ങളോട് സ്വന്തം വീടുപേക്ഷിക്കാൻ നിർദ്ദേശം നൽകിയതോടെയാണ് വൻ പ്രതിഷേധം ആരംഭിച്ചത്. അഫ്ഗാൻ സൈനിക കേന്ദ്രമായിരുന്ന പ്രദേശത്ത് വീടുകളിൽ താമസിക്കുന്നവരോടാണ് എത്രയും വേഗം പ്രദേശത്തു നിന്ന് മാറണമെന്ന ഫത്വ പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തി നുള്ളിൽ ഒഴിയാനാണ് നിർദ്ദേശം.

ഇരുപത് വർഷമായി സർക്കാർ അനുവദിച്ച ഭൂമിയിലാണ് തങ്ങളെല്ലാം സ്വന്തം പണം മുടക്കി വീടുകൾ വെച്ചത്. എന്നാൽ പെട്ടന്ന് ഒരു ദിവസം തങ്ങളുടെ സ്വത്ത് കവർന്നെടുക്കുന്ന ഭീകര നയമാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതെന്നും ഇത് എല്ലാവരേയും കൂട്ടത്തോടെ മരിക്കാൻ വിടുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. താലിബാന്റെ കിരാത നയങ്ങളിൽ പ്രതിഷേധിച്ചാണ് ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളികളുമായി കുടുംബങ്ങളടക്കം പ്രതിഷേധിക്കുകയാണ്.



പ്രവിശ്യാ തലസ്ഥാനവും സൈനിക കേന്ദ്രവും പൂർണ്ണമായും കൈയിലാക്കാനാണ് താലിബാൻ കേന്ദ്രഭരണകൂടത്തിന്റെ നിർദ്ദേശം. വെള്ളം മുതൽ എല്ലാ അവശ്യവസ്തുക്കൾക്കും തീവിലയാ യിരിക്കുന്ന അഫ്ഗാനിൽ ജനങ്ങൾക്ക് ആകെയുള്ള ആശ്വാസം താമസിക്കുന്ന വീട് മാത്രമാണ്. പകരം താമസിക്കാൻ പറ്റിയ വീടുകളോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെ ഇത്രയ ധികം കുടുംബങ്ങൾ എവിടേക്ക് മാറുമെന്നതാണ് ഏവരും ചോദിക്കുന്നത്.

അതേ സമയം അധികാരം പിടിച്ച് ആഴ്ചകൾക്കുള്ളിൽ താലിബാൻ സംഘത്തിൽ ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതായാണ് റിപ്പോർട്ട്. അധികാരം പിടിച്ചെടുത്തതിന്റെ അവകാശവാദം ഉന്നയിച്ചും നേതൃസ്ഥാനത്തെ ചൊല്ലിയുമാണ് താലിബാൻ സഹ സ്ഥാപക നേതാക്കളിലൊരാളും ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുൾ ഗനി ബരദറും ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവുമായ ഖലീൽ ഉർ-റഹ്‌മാൻ ഹഖാനിയും തമ്മിൽ രൂക്ഷമായ കലഹം നടന്നത്.

അഫ്ഗാനിസ്താനിൽ താലിബാൻ നേടിയ വിജയത്തിന്റെ അവകാശം ആവശ്യപ്പെട്ടാണ് ഇരു വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കം രൂക്ഷമായത്. തന്നെ പോലെയുള്ളവർ നയതന്ത്രപരമായി നേടിയ വിജയമാണ് ഇതെന്ന് ബരദറും, അതല്ല യുദ്ധത്തിലൂടെ പൊരുതി നേടിയ വിജയമാണെന്ന് ഹഖാനിയും അവകാശപ്പെടുന്നു. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാന്റെ മുതിർന്ന നേതാക്കൾ തമ്മിൽ രൂക്ഷമായ കലഹത്തിൽ ഏർപ്പെട്ടുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

നേതാക്കൾ തമ്മിൽ പോര് രൂക്ഷമായതോടെ ഇവരുടെ അണികൾ തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. ഇതിനിടെ മുല്ല ബരദർ കുറച്ച് ദിവസങ്ങളായി പൊതു ഇടത്തിൽ നിന്ന് മാറി നിൽക്കുകയാണ്. നേതൃത്വവുമായുണ്ടായ ആഭ്യന്തര കലഹത്തെ തുടർന്ന് ബരദർ മാറി നിന്നുവെന്നും സൂചനയുണ്ട്. എന്നാൽ താലിബാൻ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.



ബരദർ കൊല്ലപ്പെട്ടുവെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് കൊണ്ട് ബരദർ തന്നെ ശബ്ദസന്ദേശവും പുറത്ത് വിട്ടിട്ടുണ്ട്. താൻ സുരക്ഷിതനാണെന്നും, മാധ്യമങ്ങൾ പ്രത്യേക അജണ്ടയുടെ ഭാഗമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നുമാണ് ബരദർ പറഞ്ഞത്. തെക്കൻ നഗരമായ കാണ്ഡഹാറിൽ നടന്ന യോഗങ്ങളിൽ ബരദർ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും താലിബാൻ പുറത്ത് വിട്ടു. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല.

താലിബാൻ സർക്കാരിന്റെ പ്രധാനമന്ത്രിയാകുമെന്ന് മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ വിശേഷിപ്പിച്ചത് ബരദറിനെയായിരുന്നു. എന്നാൽ നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായതോടെ ബരദറെ ഉപ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. താലിബാൻ പരമോന്നത നേതാവായ മുല്ല ഹിബത്തുള്ള അഖുൻസദയാണ് താലിബാൻ സർക്കാരിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്.