- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയോട് തന്ത്രപരമായി അടുക്കാൻ പുകഴ്ത്തലുമായി താലിബാൻ; അഫ്ഗാൻ ജനതയെ ഇന്ത്യ സഹായിക്കുന്നുണ്ടെന്ന് താലിബാൻ നേതാവ്; താലിബാൻ തമ്പടിച്ചിരിക്കുന്നത് കാബൂളിന് നാൽപ്പത് മൈൽ മാത്രം അകലെ; കൂട്ടപ്പലായനം തുടരുമ്പോൾ അതിർത്തികൾ തുറന്നിടാൻ യു.എൻ നിർദ്ദേശം
കാബൂൾ: അഫ്ഗാനിസ്താന്റെ വലിയൊരു ഭാഗവും താലിബാൻ കീഴടക്കിയതോടെ അവിടെ ഭീകര ഭരണം ആസന്നമാണ്. കാബൂൾ പിടിക്കാൻ 41 മൈൽ മാത്രം അകലയാണ് താലിബാൻ. അധികം താമസിയാതെ തന്നെ താലിബാൻ രാജ്യ തലസ്ഥാനം കീഴടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആ നിലയ്ക്കാണ് ഇവിടെ ആക്രമണം നടക്കുന്നത് അഫ്ഗാൻ സൈന്യം അടക്കം ചെറുത്തുനിൽപ്പു കൂടാതെ കീഴടങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതേസമയം പലായനം ചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തിൽ അതിർത്തികൾ തുറന്നിടാൻ മറ്റുരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ(യു.എൻ).ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ് അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്.
കാബൂളും താലിബാൻ കീഴടക്കുന്നതോടെ അഭയാർഥികളുടെ എണ്ണം വർധിക്കുമെന്നും വലിയൊരു മാനുഷിക ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കുകയയെന്നും യു.എൻ മുന്നറിയിപ്പു നൽകി. ഭക്ഷ്യക്ഷാമമുൾപ്പെടെയാണ് ആളുകളെ കാത്തിരിക്കുന്നത്. അഫ്ഗാന്റെ തന്ത്രപ്രധാന മേഖലയായി കരുതുന്ന കാന്തഹാറും താലിബാന്റെ പിടിയിലായ സാഹചര്യത്തിലാണ് ആശങ്ക വർധിച്ചത്. ആറുലക്ഷം ആളുകളാണ് കാന്തഹാറിലുള്ളത്.
ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ താലിബാൻ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. സ്ത്രീകൾ ജോലിക്ക് പോകുന്നതിനാണ് വിലക്ക്. അഫ്ഗാനിലെ വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇനി മുതൽ വരേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പലയിടത്തും സ്ത്രീകളെ ജോലികളിൽ നിന്നും പിരിച്ചു വിട്ട് തുടങ്ങി. പൊതുസ്ഥലത്ത് സ്ത്രീകൾ മുഖം പുറത്ത് കാണിക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് നടപടി.
അതിനിടെ ചൈനയുടെയും പാക്കിസ്ഥാന്റെയും പിന്തുണ ഉറപ്പിച്ച് അഫ്ഗാനിസ്ഥാൻ ഇന്ത്യയെയും പുകഴ്ത്തി രംഗത്തുവന്നു. അഫ്ഗാനിസ്താന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നൽകുന്ന സഹായങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് താലിബാൻ രംഗത്തുവന്നത്. വാർത്താ ഏജൻസി എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷഹീനാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിത്.
അഫ്ഗാൻ ജനതയെയും ദേശീയ പദ്ധതികളെയും ഇന്ത്യ സഹായിക്കുന്നുണ്ട്. അത് മുമ്പും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രവർത്തനം വിലമതിക്കപ്പെടുന്ന ഒന്നാണെന്ന് കരുതുന്നു. അഫ്ഗാൻ ജനങ്ങൾക്കായി അണക്കെട്ടുകൾ, ദേശീയ- അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, അഫ്ഗാനിസ്ഥാന്റെ വികസനം, പുനർനിർമ്മാണം, ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി എന്നിവക്കായി ചെയ്യുന്നതെല്ലാം അഭിനന്ദനാർഹമാണെന്ന് അഫ്ഗാനിലെ ഇന്ത്യൻ പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിന് താലിബാൻ വക്താവ് മറുപടി നൽകി. അതേസമയം ഇന്ത്യയുടെ സൈനിക സാന്നിധ്യം അഫ്ഗാനിസ്ഥാനിൽ ഉണ്ടാകരുതെന്നും താലിബാൻ വക്താവ് പറയുന്നു.
'ഇന്ത്യൻ പ്രതിനിധി സംഘം താലിബാൻ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, അക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരം അനുസരിച്ച് കൂടിക്കാഴ്ച നടന്നിട്ടില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദോഹയിൽ ഞങ്ങൾ നടത്തിയ കൂടിക്കാഴ്ചയിൽ ഒരു ഇന്ത്യൻ പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു' താലിബാൻ വക്താവ് പറഞ്ഞു.
അഫ്ഗാനിലെ പാക്തിയ ഗുരുദ്വാരയിലെ പതാക സിഖ് വിഭാഗക്കാർ തന്നെയാണ് നീക്കം ചെയ്തത്. പതാക കണ്ടാൽ ആരെങ്കിലും ഉപദ്രവിക്കുമെന്നാണ് തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് സിഖുകാർ പറഞ്ഞത്. തങ്ങളുടെ ഉറപ്പിൽ അവർ പതാക വീണ്ടും ഉയർത്തിയെന്നും വക്താവ് പറഞ്ഞു. പാക് ആസ്ഥാനമായുള്ള ഭീകരസംഘടനകളുമായി താലിബാന് ആഴത്തിലുള്ള ബന്ധമുണ്ടോ എന്ന ചോദ്യത്തിനും താലിബാൻ വക്താവ് മറുപടി നൽകി. ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ചില നയങ്ങളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പ്രേരിത ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് താലിബാന് അവരുമായി ബന്ധമുള്ളത്.
എംബസികൾക്കും നയതന്ത്രജ്ഞർക്കും താലിബാന്റെ ഭാഗത്ത് നിന്ന് ഒരു ഭീഷണിയുമില്ല. എംബസിയെയോ നയതന്ത്രജ്ഞനെയോ ലക്ഷ്യമിടുന്നില്ല. ഇത് പല തവണ പ്രസ്താവനകളിലൂടെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ താലിബാൻ പ്രതിബദ്ധമാണെന്നും താലിബാൻ വക്താവ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. അതിനിടെ, പിടിച്ചെടുത്ത മേഖലകളിലെ സ്ത്രീകളെ നിർബന്ധിതമായി താലിബാൻ സേനാംഗങ്ങൾ വിവാഹം കഴിക്കുന്നതായും റിപ്പോർട്ടുണ്ട്. പിടികൂടുന്ന സൈനികരെ താലിബാൻ വധിക്കുകയാണെന്ന് കാബൂളിലെ യു.എസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരാഴ്ചക്കകം അഫ്ഗാനിസ്താൻ പൂർണമായും പിടിച്ചെടുക്കുമെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.
മറുനാടന് ഡെസ്ക്