കാബൂൾ: ചെറുത്ത് നിൽപ്പുകൾ അവസാനിച്ചു. താലിബാൻ പഞ്ച്ഷീറും പിടിച്ചു. അഫ്ഗാനിസ്ഥാൻ താലിബാന്റെ പൂർണനിയന്ത്രണത്തിൽ ആയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ പ്രതിരോധ സേനയുമായുള്ള പോരാട്ടത്തിൽ താലിബാൻ അൽഖ്വായിദയുമായി സഖ്യത്തിലേർപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പഞ്ചഷീർ എന്തുവിലകൊടുത്തും കീഴടക്കുക എന്ന നയത്തിന്റെ ഭാഗമായാണ് അൽഖ്വായിദ ഭീകരരും താലിബാൻ അംഗങ്ങൾക്കൊപ്പം ചേർന്നത്. താലിബാന്റെ ഭാഗത്ത് അഫ്ഗാൻ പ്രതിരോധ സേന കനത്ത നാശം വിതച്ചതോടെയാണ് അൽഖ്വായിദയെ കൂട്ടുപിടിച്ചത്.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ, അഫ്ഗാനിസ്ഥാൻ മുഴുവൻ ഇപ്പോൾ ഞങ്ങളുടെ അധീനതയിലായി. പ്രശ്‌നക്കാരെ കീഴടക്കി പഞ്ച്ഷീർ ഞങ്ങളുടെ കീഴിലാക്കി, ഒരുതാലിബാൻ കമാൻഡർ പറഞ്ഞു. പ്രതിരോധ സേനയ്ക്ക് നേതൃത്വം നൽകിയിരുന്ന അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ രാജ്യം വിട്ടതായി സൂചന. അദ്ദേഹം താജിക്കിസ്ഥാനിലേക്ക് കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് വിമാനങ്ങളിലായി സലേയും ചില വടക്കൻ സഖ്യ കമാൻഡർമാരും രാജ്യം വിട്ടതായാണ് റിപ്പോർട്ട്.

താലിബാന്റെ മുന്നിൽ കീഴടങ്ങാത്ത അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രദേശമായിരുന്നു പഞ്ച്ഷീർ. കനത്ത പോരാട്ടമാണ് ഈ മേഖലയിൽ വടക്കൻ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. കഴിഞ്ഞദിവസം നോർത്തേൺ അലയൻസ് സേന 340 താലിബാൻകാരെ വധിക്കുകയും അമേരിക്കൻ ടാങ്കുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മുൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതുപോലെ താൻ അഫ്ഗാൻ വിടില്ല എന്നായിരുന്നു സലേ പറഞ്ഞിരുന്നത്. എന്നാൽ സുരക്ഷ മുൻനിർത്തിയാണ് സലേയുടെ പലായനം എന്നാണ് സൂചന.

പഞ്ച്ഷീറിലേക്കുള്ള റോഡുകൾ അടച്ച താലിബാൻ, ഇവിടേക്കുള്ള ഇന്റർനെറ്റ്, ടെലഫോൺ കണക്ഷനും വിച്ഛേദിച്ചിരുന്നു. നിലവിൽ മേഖല പരിപൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഉപാധികളോടെ താലിബാൻ സർക്കാരിനെ അംഗീകരിക്കാമെന്ന് യൂറോപ്യൻ യൂണിയൻ

അതേസമയം, ഉപാധികളോടെ താലിബാൻ സർക്കാരിനെ അംഗീകരിക്കാമെന്ന നിലപാടിലേക്ക് യൂറോപ്യൻ യൂണിയൻ എത്തി. സ്ത്രീകളുടേതടക്കം മനുഷ്യാവകാശങ്ങളെ ആദരിക്കുക, അഫ്ഗാനിസ്ഥാനെ ഭീകകരുടെ താവളമാക്കാതിരിക്കുക എന്നിവ പാലിച്ചാൽ താലിബാൻ സർക്കാരുമായി സഹകരിക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറൽ, സ്ലോവേനിയയിൽ യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.

അഫ്ഗാനിൽ സ്വാധീനം കൂട്ടി ചൈന

അതിനിടെ, അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വന്നു. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്ന നീക്കമാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുള്ള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് വ്യോമതാവളങ്ങൾ ഏറ്റെടുക്കാനുള്ള നീക്കമെന്ന് സംശയിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

അധിനിവേശകാലത്ത് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ബാഗ്രാം വ്യോമതാവളം. ഇത് നിയന്ത്രണത്തിലാക്കാൻ ചൈന ശ്രമിക്കുന്നുവെന്നാണ് കരുതേണ്ടത്. അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഇന്ത്യയ്ക്കെതിരേ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുൻ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.