കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ മുല്ല ബറാദർ നയിക്കും. താലിബാന്റെ സഹസ്ഥാപകനാണ് അദ്ദേഹം. രാഷ്ട്രീയ കാര്യ ഓഫീസിനെ നയിക്കുന്ന നേതാവ്. അന്തരിച്ച മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കോബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി എന്നിവരും സർക്കാരിന്റെ ഉന്നതസ്ഥാനങ്ങളിൽ ഉണ്ടാകും. ഉന്നത നേതാക്കളെല്ലാം കാബൂളിൽ എത്തി കഴിഞ്ഞു.

ഇറാൻ മാതൃകയിൽ പരമോന്നത ആത്മീയ നേതാവുള്ള സർക്കാർ ആയിരിക്കും താലിബാൻ സ്ഥാപിക്കുക. ഹിബത്തുല്ല അകുൻസാദ ആയിരിക്കും സൈന്യത്തിനും സർക്കാരിനും മേൽ അധികാരമുള്ള ആത്മീയ നേതാവ്. പഞ്ച്ശീറിൽ വിമതപോരാളികളുമായി പോരാട്ടം കടുത്തിരിക്കെ സാമ്പത്തിക പ്രതിസന്ധിയും അഫ്്ഗാനെ അലട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ രൂപീകരണം. മുജാഹിദ്ദീൻ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് പഞ്ച്ശീറിൽ പോരാട്ടം. ഇവരുമായി അനുരഞ്ജനത്തിൽ എത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.

താലിബാൻ സ്ഥാപകനായ മുല്ല മുഹമ്മദ് ഒമറിന്റെ വിശ്വസ്തരാണ് ഭരണം കൈയാളുന്നത്്.

മുല്ല അബ്ദുൽ ഗനി ബറാദർ

മുല്ല ഒമറിനൊപ്പം താലിബാൻ സ്ഥാപകരിലൊരാൾ. നിലവിലെ താലിബാൻ മേധാവി. അഫ്ഗാന്റെ ഭാവി സംബന്ധിച്ച് ഖത്തർ തലസ്ഥാനമായ ദോഹയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന ചർച്ചകളിലെ പ്രധാനി. പാക്കിസ്ഥാനിലെ കറാച്ചിയിൽ 2010ൽ സുരക്ഷാസേനയുടെ പിടിയിലായെങ്കിലും 2018ൽ മോചിപ്പിക്കപ്പെട്ടു. താലിബാൻ ഭരണമേൽക്കുമ്പോൾ അഫ്ഗാൻ പ്രസിഡന്റാകാൻ സാധ്യത.

ഹൈബത്തുല്ല അഖുൻസാദ

ഇസ്ലാമിക പണ്ഡിതൻ. ഗ്രൂപ്പിന്റെ മത, സൈനിക കാര്യങ്ങളിൽ ഉപദേഷ്ടാവ്. 60 വയസ്സുണ്ടെന്നു കരുതുന്ന അഖുൻസാദ പാക്കിസ്ഥാനിലെ കുച്‌ലക്കിലാണ് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നത്. അഖ്തർ മൻസൂർ കൊല്ലപ്പെട്ടശേഷം താലിബാൻ നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ടു. 2016നു ശേഷം ഒളിവിലാണ്.

മുല്ല മുഹമ്മദ് യാക്കോബ്

മുല്ല ഒമറിന്റെ മകൻ. പ്രായം 35നു താഴെ. താലിബാന്റെ സൈനിക നടപടികളുടെ മേൽനോട്ടം യാക്കോബിനാണ്. അഫ്ഗാനിൽ തന്നെയുണ്ടെന്നാണു കരുതുന്നത്. മൻസൂറിന്റെ പിൻഗാമിയായി കരുതപ്പെട്ടിരുന്നെങ്കിലും 2016ൽ അഖുൻസാദയെ നേതൃത്വത്തിലേക്കു നിർദ്ദേശിച്ചത് യാക്കോബാണ്.

ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി

താലിബാൻ മുൻ സർക്കാരിൽ മന്ത്രി. കഴിഞ്ഞ പത്തു വർഷമായി ദോഹയിൽ താമസം. 2015 മുതൽ ദോഹയിലെ താലിബാൻ ഓഫിസിന്റെ ചുമതലക്കാരൻ. അഫ്ഗാൻ സർക്കാരുമായുള്ള ചർച്ചകളിൽ താലിബാന്റെ പ്രതിനിധി. ഇദ്ദേഹം ഇന്ത്യൻ സൈന്യത്തിന്റെ പരിശീലനം കിട്ടിയ വ്യക്തിയാണ്. ദോഹയിൽ ഇന്ത്യയുമായുള്ള ആദ്യ ഔദ്യോഗിക ചർച്ച നടത്തിയതും ഷേർമുഹമ്മദ് സ്റ്റാനിക്‌സായി ആണ്.

സർക്കാരിന്റെ സാധുത ലോക രാജ്യങ്ങളുടെ കണ്ണിൽ

ലോകരാജ്യങ്ങൾ അംഗീകരിക്കുന്നതിന് ഒപ്പം അന്താരാഷ്ട്ര ഡോണർമാരും, നിക്ഷേപകരും സർക്കാരിന്റെ സാധുത അംഗീകരിച്ചാൽ മാത്രമേ യുദ്ധം താറുമാറാക്കിയ അഫ്ഗാനിസ്ഥാന് രക്ഷ നേടാൻ കഴിയുകയുള്ളു. വിദേശസഹായത്തെ ആശ്രയിച്ച് നിലനിന്നിരുന്ന സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. താലിബാൻ അധികാരം പിടിച്ചെടുക്കും മുമ്പ് തന്നെ ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലായിരുന്നു. ഇത് ഇപ്പോൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞു. അഫ്ഗാൻ പുനർനിർമ്മാണത്തിന് സഹായിക്കുമെന്ന് ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ സർക്കാർ പ്രഖ്യാപനം നടക്കാനിരിക്കെ കശ്മീരിനെക്കുറിച്ചുള്ള നിലപാടിലും താലിബാൻ മാറ്റം വരുത്തി. ജമ്മുകശ്മീരിലെ മുസ്ലിങ്ങൾക്കായി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ സർക്കാരിനോടുള്ള ഇന്ത്യയുടെ നിലപാട് സുരക്ഷകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഉൾപ്പടെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.

ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ തർക്കം അവർ തീർക്കും. ഇതായിരുന്നു ഈ മാസം പതിനഞ്ചിന് കാബൂൾ പിടിച്ച ശേഷം താലിബാൻ ജമ്മുകശ്മീർ വിഷയത്തിൽ താലിബാൻ നൽകിയ ആദ്യ പ്രതികരണം. എന്നാൽ ഇന്നലെ ബിബിസിയുടെ ഉറുദു സർവ്വീസിനോട് സംസാരിക്കവെയാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചത്.

ജമ്മുകശ്മീരിലെ മു്‌സിംങ്ങൾക്കായി സംസാരിക്കാൻ അവകാശമുണ്ട്. അവർക്ക് തുല്യ അവകാശങ്ങൾക്ക് അഹർതയുണ്ടെന്ന് വാദിക്കും. എന്നാൽ ഒരു രാജ്യത്തിനെതിരെയും സായുധനീക്കത്തിന് താലിബാൻ ഇല്ലെന്നും സൂഹൈൽ ഷഹീൻ വ്യക്തമാക്കി. കടുത്ത നിലപാടില്ലെങ്കിലും ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്ന മുൻ പ്രസ്താവനയിൽ നിന്നുള്ള മാറ്റം ഇന്ത്യ ഗൗരവത്തോടെ വീക്ഷിക്കുകയാണ്.