- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടച്ചുപൂട്ടിയ ഇന്ത്യൻ കോൺസുലേറ്റുകളിൽ അരിച്ചുപെറുക്കി താലിബാൻ; കാബൂളിലെ എംബസിയുൾപ്പടെ നാലിടങ്ങളിലെ തിരച്ചിൽ അവശേഷിക്കുന്ന രേഖകൾ കണ്ടെത്താൻ; ഒടുവിൽ തിരിച്ചുപോയത് എംബസിയിലെ വാഹനങ്ങളുമായി
കാബൂൾ: അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യൻ കോൺസുലേറ്റുകളിലും അരിച്ചുപെറുക്കി താലിബാൻ സംഘം.കോൺസുലേറ്റുകളിലെത്തിയ താലിബാൻ സംഘം അവിടെ രേഖകൾ തിരയുകയും പുറത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുമായി സ്ഥലംവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യൻ കോൺസുലേറ്റുകളിലാണ് താലിബാൻ സംഘം പരിശോധന നടത്തിയത്.
കാബൂളിലെ എംബസി കൂടാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിൽ നാല് കോൺസുലേറ്റുകൾ പ്രവർത്തിച്ചിരുന്നു. കാണ്ഡഹാറിനും ഹെറാത്തിനും പുറമേ മസാർ-ഇ-ഷെരീഫിലും ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തിച്ചിരുന്നു. പ്രദേശത്ത് താലിബാൻ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ കോൺസുലേറ്റ് അടച്ചുപൂട്ടിയിരുന്നു.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത ശേഷം ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയിൽ ജോലി ചെയ്തിരുന്ന അഫ്ഗാനികളെ തിരിച്ചറിയാൻ താലിബാൻ കാബൂളിൽ ഓരോ വീടുകളും കയറിയിറങ്ങി തിരച്ചിൽ നടത്തുകയാണ്.
തന്ത്രപ്രധാനമായ നീക്കത്തിലൂടെ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങളിൽ ഈയാഴ്ച എംബസി ജീവനക്കാരെ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡറെ നേരത്തെ ഇന്ത്യ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. അഫ്ഗാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം രാജ്യത്തുനിന്ന് രക്ഷപ്പെടാൻ നയതന്ത്രജ്ഞരും സാധാരണ ജനങ്ങളും വളരെയധികം ബുദ്ധിമുട്ടുകയാണ്. ചില ഇന്ത്യൻ പൗരന്മാർ ഇപ്പോഴും കാബൂളിൽ കുടുങ്ങിക്കിടക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ മിഷനിലെ 200 ഓളം ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തിനുള്ളിൽ ഒഴിപ്പിച്ചതായി ഇന്ത്യൻ പ്രതിനിധി രുദ്രേന്ദ്ര ടണ്ടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അതിനിടെ, അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനം കാബൂളിൽ എത്തി. മലയാളികൾ അടക്കമുള്ളവരുമായി വിമാനം വെള്ളിയാഴ്ച മടങ്ങുമെന്നാണു സൂചന. ഗുരുദ്വാരയിൽ കുടുങ്ങിയ എഴുപതോളം പേരെ കാബൂളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ഇവരെയും ഇന്ത്യയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്.
പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാൻ ആവർത്തിക്കുമ്പോഴും ജനങ്ങൾ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നും സമാധാനം പാലിക്കുമെന്നും താലിബാൻ പറയുമ്പോഴും ആയിരക്കണക്കിന് പേരാണ് കാബൂളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. 1996-2001 കാലഘട്ടത്തിലെ താലിബാൻ ഭരണത്തിന്റെ ഓർമകളാണ് ഇവരെയെല്ലാം ഭയപ്പെടുത്തുന്നത്.
അന്നത്തെ ഭരണകാലയളവിൽ സ്ത്രീകൾക്ക് പൊതുജീവിതത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. പരസ്ത്രീ,പരപുരുഷ ബന്ധം കണ്ടെത്തിയാൽ കല്ലെറിഞ്ഞ് കൊല്ലുകയെന്നതായിരുന്നു ശിക്ഷ. സംഗീതത്തിനും ടെലിവിഷൻ പരിപാടികൾക്കും താലിബാൻ ഭരണകാലയളവിൽ വിലക്കേർപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ