കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരെ പാലുകൊടുത്തു വളർത്തുന്നത് പാക്കിസ്്ഥാൻ. താലിബാന് വേണ്ടി ആയുധങ്ങൾ സംഘടിപ്പിക്കുന്നതും യുദ്ധതന്ത്രങ്ങൾ മെനയുന്നതും പാക്കിസ്ഥാനാണ്. ഇതിന് പ്രത്യക്ഷമായ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 112 താലിബാൻ ഭീകരരിൽ അൽ ഖായിദ അംഗങ്ങളായ 30 പാക്കിസ്ഥാൻ പൗരന്മാരുണ്ടെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം.

ആക്രമണത്തിൽ 31 പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഭീകരർക്ക് പാക്കിസ്ഥാൻ അഭയം നൽകിയതായും അഫ്ഗാൻ സേനയ്ക്കെതിരായ താലിബാൻ ആക്രമണത്തെ പിന്തുണച്ചതായും അഫ്ഗാനിസ്ഥാൻ ആരോപിച്ചു. പാക്കിസ്ഥാൻ, താലിബാന് വിതരണ ശൃംഖല ഉറപ്പാക്കുന്നു എന്നത് വെളിപ്പെടുത്തുന്ന തെളിവുകൾ യുഎൻ രക്ഷാസമിതിക്ക് നൽകാൻ അഫ്ഗാനിസ്ഥാൻ തയാറാണെന്ന് വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയിലെ അഫ്ഗാൻ പ്രതിനിധി ഗുലാം ഇസാക് സായ് പറഞ്ഞു.

രക്ഷാസമിതി അംഗങ്ങൾക്ക് തെളിവ് വേണമെങ്കിൽ, അത് നൽകാൻ ഞങ്ങൾ തയാറാണ്. ഇതുമായി ബന്ധപ്പെട്ട് അഫ്ഗാൻ സർക്കാർ പാക്കിസ്ഥാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തെളിവുകൾ പാക്കിസ്ഥാനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന യു.എൻ രക്ഷാസമിതിയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മറിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ നിർദേശപ്രകാരം അഫ്ഗാൻ പ്രശ്‌നം ചർച്ച ചെയ്യുന്നത്.

യുദ്ധക്കെടുതിയിൽ വലയുന്ന അഫ്ഗാനിൽ 'പ്രാകൃത പ്രവൃത്തികൾ' നടത്തുന്ന താലിബാൻ തനിച്ചല്ലെന്നും വിദേശ തീവ്രവാദ ശൃംഖലകളിൽ നിന്നും അവർക്ക് സഹായം ലഭിക്കുന്നുണ്ടെന്നും ഗുലാം ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ മാത്രമല്ല, മേഖലയിലെയും പുറത്തെയും സമാധാനത്തിനും സുരക്ഷക്കും സുസ്ഥിരതക്കും താലിബാൻ ഭീഷണിയാണ്. അൽ ഖ്വയ്ദ, ലശ്കറെ ത്വയിബ, തെഹ്രീകെ താലിബാൻ, പാക്കിസ്ഥാൻ,ഐ.എസ് ഉൾപ്പെടെ 20 സംഘടനകളിലെ 10,000ലേറെ വിദേശ പോരാളികളുടെ നേരിട്ടുള്ള പിന്തുണ താലിബാന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിലേക്ക് പ്രവേശിക്കാൻ താലിബാൻകാർ ഡ്യുറൻഡ് ലൈനിന് സമീപം ഒത്തുകൂടുന്നതും അവരുടെ ഫണ്ട് ശേഖരണ പരിപാടികളും കൂട്ട ശവസംസ്‌കാരത്തിനായി മൃതദേഹങ്ങൾ കൈമാറുന്നതും പാക്കിസ്ഥാൻ ആശുപത്രികളിൽ പരിക്കേറ്റ താലിബാൻകാർക്ക് ചികിത്സ നൽകുന്നതുമൊക്കെ ഗ്രാഫിക് റിപ്പോർട്ടുകളും വീഡിയോകളും ഉയർത്തിക്കാട്ടി അദ്ദേഹം വിശദീകരിച്ചു. താലിബാന്റെ അക്രമങ്ങൾ കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിക്കാൻ നിർബന്ധിതമായതെന്നും ഗുലാം പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാനിലെമ്പാടും ആക്രമണം അഴിച്ചുവിട്ട താലിബാൻ നിമ്രോസിലെ സരഞ്ച് നഗരം പിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജാവ്ജാനിലെ ഷെബർഗാൻ നഗരവും പിടിച്ചെടുത്തു. താലിബാൻ പിടിച്ചെടുത്ത ആദ്യത്തെ പ്രവിശ്യ തലസ്ഥാനമായിരുന്നു സരഞ്ച്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കർ ഗാഹ്, കാണ്ഡഹാർ എന്നിവയുൾപ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാൻ പിടിമുറുക്കുകയാണ്.