- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ എസ് ഭീഷണിയല്ല; പക്ഷെ ഒരു തലവേദന; രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് താലിബാൻ മന്ത്രി; പ്രശ്നങ്ങളിൽ നിന്ന് പുറത്ത് വരുമെന്നും പ്രതികരണം; താലിബാനികൾ സഹോദരങ്ങളെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി; ഭീകരതയെ പിന്തുണച്ച് ഷെയ്ഖ് റാഷിദ്
കാബൂൾ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന് ഭീഷണിയല്ലെന്നും എന്നാൽ ഒരു തലവേദനയാണെന്നും താലിബാൻ സർക്കാർ. ഐഎസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും മന്ത്രിസഭാ അംഗമായ സബീഹുള്ള മുജാഹിദ് പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന് ഭീഷണിയല്ല. എന്നാൽ ചില തലവേദനകൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെതിരെ സത്വരനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും അഫ്ഗാനിലെ ജനങ്ങൾ ഐഎസിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിൽ പലയിടത്തും ഐഎസ്ഐഎസ് തലവേദന സൃഷ്ടിക്കുകയാണ്. പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ നിന്നും എത്രയും വേഗം പുറത്ത് വരാൻ താലിബാന് കഴിയുന്നുണ്ട്. അവരുടെ പിന്നാലെ ചെന്ന് അവരുടെ താവളങ്ങൾ തങ്ങൾ കണ്ടെത്തിയെന്നും' സബീഹുള്ള പറഞ്ഞു.
ഐഎസ് രാജ്യത്തിന് വലിയ ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനെ ചെറുത്തില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കാബൂളിന്റെ വടക്കൻ പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഐഎസ് ഭീകരരെ താലിബാൻ വധിച്ചിരുന്നു. അവരുടെ ഒളിയിടങ്ങൾ കണ്ടെത്തി, അവിടെ ചെന്നാണ് താലിബാൻ ആക്രമണം നടത്തിയത്. കാബൂളിലെ ഈദ് ഗാഹിന് മുൻപിലുണ്ടായ ചാവേർ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്ദീന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി പള്ളിയിൽ താലിബാൻകാർ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. പത്തോളം പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും, ഇതിന് പിന്നിൽ ഐഎസ് ആണെന്ന് താലിബാൻ ആരോപിച്ചിരുന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഐഎസിന്റെ നേതൃത്വത്തിൽ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.
കാബൂളിലെ പഗ്മാൻ ജില്ലയിൽ നിന്ന് അടുത്തിടെ ഐഎസ് ബന്ധമുള്ള നാല് അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു, മറ്റ് രണ്ട് ഭീകരരെ കിഴക്കൻ പ്രവിശ്യയായ നംഗർഹറിൽ നിന്നും പിടികൂടിയിരുന്നു. അഫ്ഗാനിലെ ഐഎസിന്റെ സാന്നിധ്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹവും ആശങ്ക പ്രകടിപ്പിച്ചിരുന്നു
അടുത്ത ആറ് മാസം മുതൽ 36 മാസത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ ഐഎസും അൽ-ഖ്വയ്ദയും വളരെയധികം ശക്തി പ്രാപിക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ അധികാരത്തിലേറിയതോടെ ഭീകരശക്തികൾ കൂടുതൽ ശക്തി പ്രാപിക്കുകയാണ്. അഫ്ഗാന് മാത്രമല്ല അവർ ലോകത്തിന് തന്നെ വലിയ ഭീഷണിയായി മാറും. അൽ-ഖ്വയ്ദയ്ക്കും ഐഎസ്ഐഎസിനും വളരാനുള്ള സാഹചര്യമാണ് ഇപ്പോൾ അഫ്ഗാനിസ്താനിലുള്ളതെന്നും' റിപ്പോർട്ടുകൾ പറയുന്നു.
അതേ സമയം സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അഫ്ഗാനിലെ താലിബാൻ സർക്കാരിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. താലിബാനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും പല രാജ്യങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ ഇമ്രാൻഖാൻ ഭരണകൂടം താലിബാനെ ശക്തമായി പിന്തുണക്കുന്ന നിലപാടുകളാണ് കൈക്കൊള്ളുന്നത്.
കാബൂളിലെ അധിനിവേശ സമയം മുതൽ പരസ്യമായ നിലപാടുമായാണ് പാക്കിസ്ഥാൻ താലിബാനെ പിന്തുണയ്ക്കുന്നത്. താലിബാൻ സർക്കാരിനെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോടും പാക്കിസ്ഥാൻ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. മാനുഷിക പരിഗണന നൽകി അഫ്ഗാനിസ്ഥാനെ അംഗീകരിക്കണമെന്നും പാക് സർക്കാർ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അഫ്ഗാനെ രക്ഷിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.
പാക് സർക്കാർ പരസ്യമായാണ് താലിബാനെ അനുകൂലിക്കുന്ന നിലപാടുകൾ ലോകത്തോട് വിളിച്ചു പറയുന്നത്. അഫ്ഗാൻ ഭരിക്കുന്ന താലിബാനികൾ ഞങ്ങളുടെ സഹോദരന്മാരാണെന്നാണ് ഇമ്രാന്റെ അടുത്ത സഹായിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് റാഷിദ് വ്യക്തമാക്കിയത്. ലോകരാജ്യങ്ങൾ പറയുന്നത് ഞങ്ങൾ പരിഗണിക്കില്ല.
അഫ്ഗാനിസ്ഥാൻ ഞങ്ങളുടെ സഹോദരരാണ്. താലിബാനെ സഹായിക്കുന്നത് ഞങ്ങൾ തുടരുമെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. താലിബാൻ സർക്കാരിനോടുള്ള ലോകരാജ്യങ്ങളുടെ നിലപാട് എന്താണെന്ന് കാത്തിരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഈ സമ്മർദ്ദം നിലനിൽക്കെയാണ് ഷെയ്ഖ് റാഷിദിന്റെ പ്രസ്താവന.യുഎസിനെ വെല്ലുവിളിക്കുകയാണ് ഈ പരസ്യപ്രസ്താവനയിലൂടെ പാക്കിസ്ഥാൻ ചെയ്തതെന്നും നയതന്ത്ര വിദഗ്ദ്ധർ ആരോപിക്കുന്നു.
യുഎസ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ പ്രതിനിധി സംഘം ഇസ്ലാമാബാദ് സന്ദർശിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അഫ്ഗാൻ വിഷയമായിരിക്കും ഇരു രാജ്യങ്ങളും പ്രധാനമായും ചർച്ചചെയ്യുക. ചർച്ചയിൽ ബൈഡൻ ഭരണകൂടം നാല് പ്രധാന വിഷയങ്ങളിലാണ് ഊന്നൽ നൽകുക.
കാബൂളിലെ താലിബാൻ സർക്കാരിന്റെ അംഗീകാരം, അഫ്ഗാനിസ്ഥാനെതിരായ അന്താരാഷ്ട്ര ഉപരോധം, അഫ്ഗാനിസ്ഥാനിലേക്കുള്ള മറ്റ് ലോകരാജ്യങ്ങളുടെ പ്രവേശനം, തീവ്രവാദ വിരുദ്ധ സഹകരണം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. താലിബാൻ സർക്കാരിനെ മറ്റ് ലോകരാജ്യങ്ങൾ അംഗീകരിക്കരുതെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ല. പകരം തർക്കവിഷയങ്ങളിൽ താലിബാൻ ഭരണകൂടം വഴങ്ങണമെന്നും ഇതിനായി പാക്കിസ്ഥാൻ സമ്മർദ്ദം ചെലുത്തണമെന്നും ആഗ്രഹിക്കുന്നതായി യുഎസ് നിലപാട് വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്