- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു; സ്വാതന്ത്ര്യദിന റാലിക്ക് നേരെ വെടിയുതിർത്ത് താലിബാൻ; നിരവധിപേർ മരിച്ചതായി റിപ്പോർട്ട്; അഫ്ഗാൻ പതാകയുമായി തെരുവിലിറങ്ങിയ ജനതയെ കൊന്നൊടുക്കാൻ ഭീകരർ; മരണസംഖ്യ ഉയർന്നേക്കും; സ്ഥിതിഗതികൾ ഗുരുതരമെന്ന് വാർത്താ ഏജൻസികൾ
കാബൂൾ: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സംഘർഷം രൂക്ഷമാകുന്നു. രാജ്യത്ത് ജനരോഷം വ്യാപിക്കുകയും പ്രതിഷേധത്തിന്റെ ഭാഗമായി അഫ്ഗാൻ പതാക ഉയർത്തുകയും ചെയ്തതോടെ ജനക്കൂട്ടത്തിനു നേരെ താലിബാൻ ഭീകരർ വെടിയുതിർത്തു.
രാജ്യത്തെ 102-ാം സ്വാതന്ത്ര്യ ദിന റാലിക്കെതിരെയുണ്ടായ വെടിവയ്പിൽ നിരവധി പേർ മരിച്ചെന്നാണു റിപ്പോർട്ട്. അഫ്ഗാൻ പതാകയുമായി വ്യാഴാഴ്ച പ്രതിഷേധക്കാർ രാജ്യത്തെ പല നഗരങ്ങളിലും തെരുവിലിറങ്ങിയിരുന്നു.
1919ൽ ബ്രിട്ടിഷ് നിയന്ത്രണത്തിൽനിന്ന് അഫ്ഗാൻ സ്വാതന്ത്ര്യം നേടിയ ദിനത്തിന്റെ ഓർമ പുതുക്കിയാണ് ആളുകൾ തെരുവിൽ ഇറങ്ങിയത്. എന്നാൽ, താലിബാൻ രാജ്യനിയന്ത്രണം ഏറ്റെടുത്ത പശ്ചാത്തലത്തിൽ, ഫലത്തിൽ അവർക്കെതിരായ പ്രതിഷേധം കൂടിയായി റാലികൾ മാറിയതോടെ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. താലിബാന്റെ പതാകയ്ക്കു പകരം അഫ്ഗാന്റെ ദേശീയ പതാക കയ്യിലേന്തി റോഡിൽ ഇറങ്ങിയതാണ് ഭീകരരെ പ്രകോപിപ്പിച്ചത്.
അസാദാബാദിൽ താലിബാനെതിരായ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാൻ പതാക ഉയർത്തിയാണ് താലിബാൻ വിരുദ്ധ നിലപാടുകാർ പ്രതിഷേധമുയർത്തിയത്. ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിന് നെരെയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരിൽ ഒരാൾ പതാകയേന്തിയ സ്ത്രീയാണ്. രാജ്യത്തെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
'നമ്മുടെ പതാക, നമ്മുടെ വ്യക്തിത്വം' എന്നു മുദ്രാവാക്യം വിളിച്ച് പുരുഷന്മാരും ചില സ്ത്രീകളും പതാകകൾ വീശി കാബൂളിൽ നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ തോളിൽ പതാക ചുറ്റി നടക്കുന്നതായി കാണാമെന്നു വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 'ദൈവം മഹാനാണ്' എന്നും ചിലർ മുദ്രാവാക്യം വിളിച്ചു. റാലിയെ കുറിച്ചോ വെടിവയ്പിനെ പറ്റിയോ താലിബാന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
സമാധാനമാണ് ആഗ്രഹിക്കുന്നത്, പഴയ ശത്രുക്കളോടു പ്രതികാരം ചെയ്യില്ല, മത നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നു സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കും എന്നെല്ലാം പ്രഖ്യാപിച്ചു ലോകത്തിനു മുന്നിൽ താലിബാൻ 'പുതിയ മുഖം' അവതരിപ്പിച്ചു വരവേയൊണു സ്വാതന്ത്ര്യദിന റാലിയും വെടിവയ്പുമുണ്ടായത്. കിഴക്കൻ പ്രവിശ്യയായ കുനാറിന്റെ തലസ്ഥാനമായ അസദാബാദിൽ, ഒരു റാലിക്കിടെ നിരവധി ആളുകൾ കൊല്ലപ്പെട്ടെന്നു ദൃക്‌സാക്ഷി മുഹമ്മദ് സലിം പറഞ്ഞു.
എന്നാൽ താലിബാൻ വെടിവയ്പാണോ മറ്റെന്തെങ്കിലുമാണോ ഉണ്ടായതെന്നതിൽ വ്യക്തതയില്ലെന്നും ഇദ്ദേഹം പറയുന്നു. റാലിക്കുനേരെ താലിബാൻ വെടിവച്ചെന്നും തുടർന്നുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർ കൊല്ലപ്പെട്ടെന്നുമാണു ചില റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജലാലാബാദ് നഗരത്തിലും പക്തിയ പ്രവിശ്യയിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. ബുധനാഴ്ച, ജലാലാബാദിൽ പതാക ഉയർത്തിയ പ്രതിഷേധക്കാർക്കു നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
അതിനിടെ ഇന്ത്യക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാൻ തടഞ്ഞു. റോഡ് മാർഗ്ഗമുള്ള വ്യാപാരവും താലിബാൻ വിലക്കി. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 6000 കോടി രൂപയുടെ ഉൽപന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിൽ നിന്ന് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ ഇറക്കുമതിയും നടന്നിരുന്നു.
വ്യോമമാർഗ്ഗത്തിനൊപ്പം പാക്കിസ്ഥാൻ വഴി റോഡ് മാർഗ്ഗവും ചരക്കു നീക്കം തുടർന്നിരുന്നു. എന്നാൽ റോഡ് മാർഗ്ഗമുള്ള നീക്കം പൂർണ്ണമായും നിറുത്തിവയ്ക്കാനാണ് താലിബാൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയോടുള്ള സമീപനം എന്താവും എന്ന സൂചന കൂടി ഈ നീക്കത്തിലൂടെ താലിബാൻ നൽകുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
അതേ സമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാൻ ഇന്ത്യ അമേരിക്കൻ സഹായം ആവശ്യപ്പെട്ടു. ആദ്യ പരിഗണ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുക എന്നതിനാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 400ലധികെ പേരെ മടക്കിക്കൊണ്ടു വരാൻ രണ്ട് യാത്രാ വിമാനങ്ങൾക്കും ഒരു സൈനിക വിമാനത്തിനുമാണ് ഇന്ത്യ അനുമതി തേടിയത്.
ഒരു വ്യോമസേന വിമാനം കാബൂളിലുണ്ട്. എന്നാൽ വിമാനത്താവളത്തിലേക്ക് കയറാൻ മലയാളികൾ ഉൾപ്പടെ നൂറിലധികം ഇന്ത്യക്കാരെ താലിബാൻ അനുവദിച്ചിട്ടില്ല. അമേരിക്കൻ വിദേശകാര്യസെക്രട്ടറിയുമായി വിദേസകാര്യമന്ത്ര് എസ് ജയശങ്കർ ഇക്കാര്യം ചർച്ച ചെയ്തു.
ന്യൂസ് ഡെസ്ക്