- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക് ഒത്താശയോടെ ഭീകരവാദികൾ അഫ്ഗാൻ മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിച്ചേക്കും; അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിൽ ഉള്ള ഹഖാനി പ്രമുഖൻ സിറാജുദ്ദീൻ ആഭ്യന്തര മന്ത്രി ആയതിലും അതൃപ്തി; സിഐഎയുടെ തലവൻ വില്യം ബേൺസുമായി അജിത് ഡോവലിന്റെ കൂടിക്കാഴ്ച; താലിബാനെ തള്ളിപ്പറയാതെ തന്നെ എതിർപ്പ് പ്രകടമാക്കി ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ തലവൻ വില്യം ബേൺസ് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലാണ് കൂടിക്കാഴ്ച നടന്നത്. ഭീകരസംഘടനയായ ഹഖാനി ശൃംഖലയുടെ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തിയിലാണ് ഇന്ത്യ.അഫ്ഗാൻ ഭീകരവാദികളുടെ കേന്ദ്രമാകുന്നതിലുള്ള കടുത്ത ആശങ്ക ഇന്ത്യ ചർച്ചയിൽ അറിയിച്ചു.പാക്കിസ്ഥാൻ ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാനിൽ ഇടപെടാനുള്ള സാധ്യതയും ഇന്ത്യ വില്ല്യം ബേൺസുമായി ചർച്ച ചെയ്തു. റഷ്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നിക്കോളെ പെട്രൂഷെവും ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ കണ്ടു. കാബൂളിലെ ഇന്ത്യൻ എംബസി തുറക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന.
താലിബാൻ സർക്കാരിൽ ആഭ്യന്തര ചുമതല ഹഖ്ഖാനി നെറ്റ് വർക്കിലെ സിറാജുദ്ദീൻ ഹഖ്ഖാനിക്കാണ്. 2008 ൽ കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിച്ചതിന് പിന്നിൽ ഹഖാനി നെറ്റ്‌വർക്കാണെന്ന് വ്യക്തമായിരുന്നു. അഫ്ഗാനിസ്ഥാൻ മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കില്ല എന്നതിൽ എന്തുറപ്പാണുള്ളത് എന്ന ചോദ്യമാണ് ഇന്ത്യ ചർച്ചകളിൽ ഉന്നയിക്കുന്നത്. താലിബാനെക്കുറിച്ചുള്ള നിലപാട് ഐക്യരാഷ്ട്ര രക്ഷാസമിതി തീരുമാനിക്കാനിരിക്കെയാണ് ഇന്ത്യയുടെ ഈ എതിർപ്പ് പ്രകടമാകുന്നത്. അഫ്ഗാൻ സർക്കാരിനെക്കുറിച്ച് ഔഗ്യോഗിക നിലപാടു പറയാതെ ഇന്ത്യ മൗനം പാലിക്കുകയാണ്. താലിബാനെ തള്ളിപ്പറഞ്ഞില്ലെങ്കിലും ഭീകരസംഘടന നേതാക്കളുടെ സാന്നിധ്യം കണ്ടില്ലെന്ന് നടിക്കരുത് എന്ന അഭിപ്രായം ബിജെപിയിലും ശക്തമാകുകയാണ്.
അഫ്ഗാൻ വിഷയത്തിൽ ഇന്ത്യൻ നിലപാടുകൾ നിർണായകമായ സാഹചര്യത്തിലാണ് അജിത് ഡോവലുമായി സിഐഎ തലവൻ ചർച്ചയ്ക്ക് എത്തിയത് എന്നാണ് സൂചന. ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അഫ്ഗാനിൽ തീവ്രവാദം വളർത്തരുതെന്ന് രാജ്യം നിലപാട് വ്യക്തമാക്കിയിരുന്നു.
മേഖലയിലെ രഹസ്യ വിവരങ്ങൾ കൈമാറുന്നതിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയിലെത്തിയതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിൽ നിന്ന് അമേരിക്കൻ സേന പൂർണമായും പിന്മാറിയ സാഹചര്യത്തിൽ, ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് ഏറെ ഉപകാരപ്രദമാകും എന്ന നിലപാടിലാണ് സിഐഎ. പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരുമായും സിഐഎ സംഘം ആശയവിനിമയം നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ