ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച പ്രഖ്യാപിച്ച കാവൽ സഭാ രൂപീകരണത്തിൽ മുഖ്യറോൾ വഹിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐ. പുതിയ സർക്കാരിന്റെ തലവനായി മുല്ല അബ്ദുൾ ഗനി ബരാദർ വരുമെന്നായിരുന്നു കരുതിയിരുന്നത്. ദോഹ ചർച്ചകളിൽ താലിബാന്റെ മുഖ്യ മുഖം ബരാദർ ആയിരുന്നു. താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി എന്ന നിലയിൽ 2020 ൽ യുഎസിന്റെ പിന്മാറ്റ കരാറിന് മേൽനോട്ടം വഹിച്ചതും ബരാദറായിരുന്നു.

ചില റിപ്പോർട്ടുകൾ പ്രകാരം, ബരാദറിന് താലിബാൻ നേതാക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെടിയേറ്റ് പരിക്കേറ്റിരുന്നു. താലിബാനും, സഖ്യകക്ഷിയായ ഹഖാനി ശൃംഖല നേതാക്കളും തമ്മിലായിരുന്നു പോര്. ഇതോടെയാണ് ഐഎസ്‌ഐ തലവൻ ലെഫ്റ്റ്.ജനറൽ ഫായിസ് ഹമീദ് കാബൂളിലേക്ക് കുതിച്ചെത്തിയത്. പ്രശ്‌നപരിഹാരം മാത്രമല്ല, മുഖ്യ നേതാക്കളെ നിശ്ചയിക്കുന്നതിലും ഐഎസ്‌ഐക്ക് മുഖ്യ റോളായി.
ഇടക്കാല സർക്കാരിൽ മുല്ല ഹസൻ അഖുന്ദ് പ്രധാനമന്ത്രിയും മുല്ല അബ്ദുൾ ഗനി ബറാദർ ഉപപ്രധാനമന്ത്രിയുമായത് ഇങ്ങനെയാണ്. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു.

ധീരമായി പൊരുതിനിന്ന പഞ്ച്ശീർ പ്രവിശ്യ കീഴടക്കിയതിന് പിന്നാലെയാണ് താലിബാൻ സർക്കാർ രൂപീകരിച്ചത്. മുല്ല യാക്കൂബാണ് ആക്ടിങ് പ്രതിരോധ മന്ത്രി. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീൻ ഹഖാനി ആക്ടിങ് ആഭ്യന്തര മന്ത്രിയാകും. അമീർ മുതാഖിക്കാണ് വിദേശകാര്യം. ഷേർ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുൾ ഹക്കീമിനാണ്.
മുല്ല ഹസൻ അഖുന്ദിന് സ്വന്തമായി അധികാര അടിത്തറയില്ലാത്ത നേതാവാണ്. അതുകൊണ്ട് തന്നെ താലിബാൻ വിഭാഗങ്ങളിലെ മുഖ്യനേതാക്കൾക്ക് അദ്ദേഹം ഭീഷണിയും അല്ല.

സിറാജുദ്ദീൻ ഹഖാനി ആക്ടിങ് ആഭ്യന്തര മന്ത്രിയായത് അമേരിക്കയ്ക്ക് പിടിക്കില്ലെന്ന് ഉറപ്പാണ്. കാരണം യുഎസ് ഭീകരനായി പ്രഖ്യാപിച്ച നേതാവാണ് സിറാജുദ്ദീൻ ഹഖാനി. എഫ്ബിഐയുടെ വാണ്ടഡ് പട്ടികയിലെ മുൻപേരുകാരൻ. ഇദ്ദേഹമാണ് അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര മന്ത്രി എന്നത് അമേരിക്കയ്ക്ക് ദഹിക്കുന്ന കാര്യമല്ല. താലിബാനുമായി അമേരിക്കയ്ക്ക് സഹകരിക്കുന്നതിനും സിറാജുദ്ദീന്റെ സാന്നിധ്യം തടസ്സമാകും. തീവ്രവാദ ഗ്രൂപ്പുകളുമായി ഉള്ള എല്ലാ ബന്ധവും വിച്ഛേദിക്കാനാണ് ജോ ബൈഡന്റെ നിർദ്ദേശം.

ഖത്തറിന് തിരിച്ചടി

അഫ്ഗാനിസ്ഥാനിൽ മുഖ്യ റോൾ വഹിക്കാനുള്ള ഖത്തറിന്റെ പദ്ധതിക്ക് ഐഎസ്‌ഐയുടെ കടന്നുവരവോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. താലിബാന്റെ സൈനിക വിഭാഗത്തിൽ പെട്ട നേതാക്കളാണ് പുതിയ ക്യാബിനറ്റ് അംഗങ്ങൾ. ഇവരെല്ലാം പാക്കിസ്ഥാനോട് അടുത്തുനിൽക്കുന്നവരും. താലിബാനും മറ്റു ലോക രാജ്യങ്ങളും തമ്മിലുള്ള പാലമാണ് ഖത്തർ. എന്നാൽ, പുതിയ സർക്കാരിൽ ഖത്തറിന്റെ റോൾ പരിമിതമാണ്.

താലിബാൻ ഇതരർ ഇല്ല

അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടിരുന്നതിന് വിരുദ്ധമായി താലിബാൻ ഇതരരായ നേതാക്കൾ സർക്കാരിൽ ഇല്ല. നിയമനങ്ങൾ ഇടക്കാല സർക്കാരിന് വേണ്ടി എന്നാണ് വക്താവ് പറഞ്ഞത്. എന്നാൽ, ഇടക്കാലഭരണം എത്ര നാളത്തേക്ക് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന ഒരു സൂചനയും താലിബാൻ നൽകിയിട്ടില്ല. ചൊവ്വാഴ്ച കാബൂളിൽ ഉയർന്ന കൂറ്റൻ പ്രതിഷേധത്തെ താലിബാൻ തെല്ലും വകവച്ചിട്ടില്ലെന്ന് സർക്കാരിലെ പേരുകൾ കണ്ടാൽ അറിയാം. പാക്കിസ്ഥാന് എതിരെയാണ് ഏറെ മുദ്രാവാക്യങ്ങളും മുഴങ്ങിയത്.

അഫ്ഗാൻ സന്ദർശിക്കുന്ന പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ തലവൻ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. പഞ്ചശീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്ക്ക് പിന്തുണ അർപ്പിച്ചും താലിബാന്റെ ഭീകരഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായാണ് പ്രതിഷേധം. എന്നാൽ, താലിബാൻ ഇവർക്ക് നേരേ വെടിവച്ചുവെന്ന് ചില റിപ്പോർട്ടുകളുണ്ട്. ആർക്കെങ്കിലും അപകടം സംഭവിച്ചതായി അറിവില്ല.

സോഷ്യൽ മീഡിയയിൽ വന്ന വീഡിയോകളിൽ പാക്കിസ്ഥാന് മരണം, പാക്കിസ്ഥാനി പാവ ഭരണം ഞങ്ങൾക്ക് വേണ്ട, പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ വിടൂ, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്. ഇവരെ പിരിച്ചുവിടാനാണ് താലിബാൻ ആകാശത്തേക്ക് വെടിവച്ചതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഐഎസ്‌ഐ ഒഴിഞ്ഞുപോകു, എന്നാണ് കാബൂളിലെ പാക് ഏംബസിക്ക് മുമ്പിൽ ഒരുവനിത ഏന്തിയ പ്ലാക്കാർഡിൽ എഴുതിയിരുന്നത്. ഇസ്ലാമിക സർക്കാർ പാവം ജനങ്ങൾക്ക് നേരേ വെടിവക്കുന്നു, ഭയചകിതയായ ഒരു സ്ത്രീ തെരുവിൽ വിളിച്ചുപറയുന്നത് കേൾക്കാം. ഈ താലിബാൻ അനീതി കാട്ടുകയാണ്. അവർ മനുഷ്യരേയല്ല എന്നും അവർ പറയുന്നത് കേൾക്കാം.

താലിബാൻ മേധാവിയുടെ റോൾ എന്ത്?

സർക്കാരിൽ താലിബാൻ മേധാവി മുല്ല ഹൈബത്തുള്ള അഖുന്ദസാദയുടെ റോൾ എന്തായിരിക്കും? നിരവധി വർഷങ്ങളായി അദ്ദേഹം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാറില്ല. ഇദ്ദേഹം കാണ്ഡഹാറിലാണെന്നും വൈകാതെ പൊതുരംഗത്ത് എത്തുമെന്നും ഇടയ്ക്ക് താലിബാൻ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല.