- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാബൂൾ പള്ളി സ്ഫോടനം: അഫ്ഗാനിൽ താലിബാനും ഐ എസും തമ്മിൽ പോര് മൂർച്ഛിക്കുന്നു; ഖൈർ ഖാനയിലെ ഒളിത്താവളത്തിൽ ആക്രമണം നടത്തി; നിരവധി ഐ എസുകാർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ്
കാബൂൾ: വടക്കൻ കാബൂളിലെ ഖൈർ ഖാനയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഒളിത്താവളത്തിൽ താലിബാൻ നടത്തിയ ആക്രമണങ്ങളിൽ നിരവധി ഐ എസുകാർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബീഹുല്ലാ മുജാഹിദ്. നിരവധി പേർ മരിക്കാനിടയായ കാബൂൾ പള്ളി സ്ഫോടനത്തിനു പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ താലിബാൻ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഭീകരരുടെ ഒളിത്താവളത്തിൽ കടന്നുചെന്ന് നിരവധി ഐ എസുകാരെ കൊലപ്പെടുത്തിയതായാണ് താലിബാന്റെ അവകാശവാദം. എന്നാൽ, എത്ര ഐ എസുകാരാണ് കൊല്ലപ്പെട്ടതെന്ന് പ്രസ്താവനയിൽ വ്യക്തമല്ല. താലിബാൻകാർ കൊല്ലപ്പെട്ടോ എന്ന കാര്യവും വ്യക്തമല്ല.
കഴിഞ്ഞ ദിവസം താലിബാൻ ഔദ്യോഗിക വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ പ്രവേശനകവാടത്തിൽ ബോംബ് സ്ഫോടനം നടന്നത്.
നിരവധി താലിബാൻകാർ തടിച്ചുകൂടിയിരുന്ന ചടങ്ങുകൾക്കിടയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ആരും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഐ എസ് ഒളിത്താവളങ്ങളിൽ താലിബാൻ ആക്രമണം നടത്തുകയായിരുന്നു.
2019-ൽ അമേരിക്കൻ സേന നടത്തിയ കനത്ത വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ അഫ്ഗാൻ ഐ എസ് 2020-ലാണ് വീണ്ടും സാന്നിധ്യം അറിയിച്ചത്. ആ വർഷം ഒരു ആശുപത്രിയിലെ പ്രസവവാർഡിൽ ഐസിസ് നടത്തിയ ഭീകരാക്രമണത്തിൽ ചോരക്കുഞ്ഞുങ്ങളും അമ്മമാരുമടക്കം കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം ഈ വർഷം ആദ്യം ഐ എസ് ഒരു സ്കൂളിനു നേർക്കും ബോബാക്രമണം നടത്തി. പിന്നീട്, താലിബാൻ അധികാരത്തിലേറിയതിനു പിന്നാലെയാണ് അഫ്ഗാനിസ്താനിൽ ഐ എസ് പരസ്യമായി പ്രത്യക്ഷപ്പെട്ടത്.
കാബൂളിൽനിന്നും അഫ്ഗാനികൾ വിദേശരാജ്യങ്ങളിലേക്ക് വിമാനമാർഗം രക്ഷപ്പെടുന്നതിനിടെ വിമാനത്താവളത്തിൽ ചാവേർ സ്ഫോടനം നടത്തിയാണ് ഐ എസ് ഈ ഓഗസ്തിൽ സാന്നിധ്യമറിയിച്ചത്. അമേരിക്കൻ സൈനികരടക്കം കൊല്ലപ്പെട്ട ആക്രമണത്തിന് പകരം ചോദിക്കുമെന്ന് അമേരിക്ക അന്നു തന്നെ വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിലെ ഐ എസ് കേന്ദ്രങ്ങളിൽ പൈലറ്റില്ലാ വിമാനങ്ങളിൽ ആക്രമണം നടത്തി നിരവധി ഭീകരരെ വധിച്ചതായും പിന്നീട് അമേരിക്ക അവകാശപ്പെട്ടു. എന്നാൽ, അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അമേരിക്കൻ സൈന്യത്തെ സഹായിച്ച അഫ്ഗാൻ കുടുംബത്തിലെ കുട്ടികളടക്കമുള്ളവരാണ് എന്ന് പിന്നീട് പുറത്തുവന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനം പിഴച്ചതാണ് എന്ന് അമേരിക്കയ്ക്ക് സമ്മതിക്കേണ്ടി വന്നു.
അതിനിടെ, താലിബാനും ഐ എസ് തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളായതാണ് റിപ്പോർട്ട്. അഫ്ഗാന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി താലിബാനെതിരെ ആക്രമണങ്ങൾ നടന്നു. ഇവയിൽ പലതിനും പിന്നിൽ ഐ എസ് ഭീകരർ ആണെന്ന് താലിബാൻ ആരോപിച്ചു. അതിനു പിന്നാലെ വ്യത്യസ്ത ആക്രമണങ്ങളിൽ ഐ എസുകാരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടു. ഈ സാഹചര്യത്തിലാണ്, താലിബാൻ വക്താവിന്റെ മാതാവിന്റെ സംസ്കാര ചടങ്ങിനിടെ സ്ഫോടനം നടന്നത്.
തങ്ങളുടെ അതേ പാത പിന്തുടരുന്ന സായുധ സംഘങ്ങളുമായി പോരാട്ടത്തിന്റെ പാതയിലാണ് ഇപ്പോൾ താലിബാൻ. താലിബാൻ ഭീകരപാത വെടിഞ്ഞ് സമാധാനത്തിന്റെ മാർഗം പിന്തുടരുകയാണെന്ന് അൽഖാഇദയുമായി ബന്ധമുള്ള താലിബാൻ സഖ്യകക്ഷിയായ ഹഖാനി നെറ്റ്വർക്ക് നേരത്തെ ആരോപിച്ചിരുന്നു. താലബാൻ അധികാരത്തിൽ വന്നതിനു പിന്നാലെ, ഐ എസ് അവർക്കെതിരെ ഭീകരാക്രമണങ്ങളുമായി രംഗത്തുവരികയായിരുന്നു. ഇതിനെ തുടർന്നാണ് താലിബാനും ഐ എസും തമ്മിലുള്ള പോരാട്ടങ്ങൾ ആരംഭിച്ചത്.
ന്യൂസ് ഡെസ്ക്