കാബൂൾ: സർവകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിന് ഉൾപ്പെടെ അഫ്ഗാനിലെ പെൺകുട്ടികൾക്ക് പഠനം തുടരാമെന്ന് താലിബാൻ. എന്നാൽ ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കുമെന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ സർക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രി അബ്ദുൾ ഹഖാനി വ്യക്തമാക്കി.

കോളേജുകളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിർബന്ധമാണെന്നും സർവകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാൻ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ പുതിയ സർക്കാർ നയങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

20 വർഷം പിന്നിലേക്ക് പോകാൻ താലിബാൻ ആഗ്രഹിക്കുന്നില്ല. അഫ്ഗാനിൽ ഇന്ന് അവശേഷിക്കുന്നതിൽ നിന്ന് പുതിയ വികസനങ്ങൾ സർക്കാർ കെട്ടിപ്പടുക്കുമെന്നും മന്ത്രി പറഞ്ഞു.


1990കളുടെ അവസാനത്തിൽ അഫ്ഗാൻ ഭരിച്ച താലിബാൻ അവരുടെ മുൻനയങ്ങളിൽ നിന്ന് എത്രത്തോളം വ്യത്യസ്തമായി പ്രവർത്തിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ള താലിബാന്റെ ഔദ്യോഗിക പ്രതികരണം.

ആദ്യ ഭരണ കാലയളവിൽ അഫ്ഗാനിലെ പെൺകുട്ടികൾക്ക് താലിബാൻ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. സ്ത്രീകൾക്ക് പൊതുമധ്യത്തിലുള്ള ജീവിതത്തിനും വിലക്കുണ്ടായിരുന്നു.



സ്ത്രീകളോടുള്ള തങ്ങളുടെ സമീപനത്തിൽ ഉൾപ്പെടെ മാറ്റമുണ്ടെന്ന് താലിബാൻ ആവർത്തിക്കുന്നുണ്ടെങ്കിലും അഫ്ഗാനിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ മറിച്ചാണ്. തുല്യ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതാ പ്രതിഷേധക്കാരെ താലിബാൻ അടിച്ചോടിക്കുന്ന ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.