- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയായിരിക്കെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണുകൾ ചൂഴ്ന്നെടുത്തു, മുഖം വികൃതമാക്കി; ഒറ്റുകൊടുത്തത് സ്വന്തം പിതാവ്! താലിബാൻ ക്രൂരതകൾ വെളിപ്പെടുത്തി യുവതി; ഗർഭിണിയായ പൊലീസുകാരിയെ വെടിവെച്ച് കൊന്ന് പ്രാകൃതരാണെന്ന് തെളിയിച്ച് വീണ്ടും താലിബാൻ
ന്യൂഡൽഹി: ഒരിക്കലും പരിഷ്ക്കരിക്കരുത് എന്നാഗ്രഹിക്കുന്ന പ്രാകൃത നിയമങ്ങളെ മുറുകേ പിടിക്കുന്നവരാണ് താലിബാൻ. അവർ, മുമ്പ് അധികാരത്തിൽ എത്തിയപ്പോൾ ചെയ്തു കൂട്ടിയതുകൊടും ക്രൂരതകളായിരുന്നു. താലിബാന്റെ ക്രൂരതകൾ മുഴുവൻ അഫ്ഗാൻ വനിതകൾക്ക് നേരെയായിരുന്നു. ഇപ്പോഴും അവർ മാറില്ലെന്നാണ് താലിബാന്റെ പ്രവർത്തികളിൽ നിന്നും വ്യക്തമാകുന്നത്. താലിബാന്റെ ക്രൂരതക്ക് ജീവിക്കുന്ന രക്തസാക്ഷിക്കൽ ഇന്നുമുണ്ട്.
താലിബാൻ മാറിയിട്ടില്ല. അവർ 20 വർഷം മുമ്പ് ഉണ്ടായിരുന്നതിന് സമാനമാണ് ഇപ്പോഴുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മുൻ അഫ്ഗാൻ പൊലീസ് ഉദ്യോഗസ്ഥ ഖതെര ഹാഷ്മി. താലിബാൻ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് ഖതെര ഹാഷ്മി. അവരുടെ മുഖം ആണ് അതിനുള്ള തെളിവും. താൻ നേരിട്ട കൊടുംക്രൂരതയെക്കുറിച്ച് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് ഖതേര.
'ഗർഭിണിയായിരിക്കെയാണ് താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചത്. പലതവണ അവരുടെ നേർക്ക് വെടിയുതിർത്തു. കണ്ണുകൾ ചൂഴ്ന്ന് പുറത്തെടുത്തു. താലിബാനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പാപമാണ് ജോലിക്ക് വേണ്ടി വീടിന് പുറത്ത് ഇറങ്ങുന്നത്. എനിക്ക് സംഭവിച്ചത് ഇപ്പോൾ മറ്റ് പല സ്ത്രീകൾക്കും സംഭവിക്കുന്നു. പക്ഷേ, അവർക്ക് പേടിയുള്ളതിനാൽ പുറത്ത് വന്ന് അത് പറയാൻ കഴിയുന്നില്ല'.
ഹാഷ്മി ഇപ്പോൾ ഇന്ത്യയിലാണ് ജീവിക്കുന്നത്, പക്ഷേ, സ്വന്തം നാട്ടിലെ തന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ ഇപ്പോഴും അവർ ഭയന്നു വിറക്കുകയാണ്. ഇസ്ലാമിന്റെ പേരിൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നാണ് അവർ പറയുന്നത്. പൊലീസ് സേനയിൽ ചേരാനുള്ള തന്റെ തീരുമാനത്തെ എതിർത്തത് പിതാവാണ്. താൻ ആക്രമിക്കപ്പെട്ടതിനു ശേഷം മാത്രമാണ് താലിബാന് തന്നെ ഒറ്റിക്കൊടുത്തത് അബ്ബു എന്ന് വിളിക്കുന്ന തന്റെ പിതാവാണെന്ന് മനസ്സിലായത്. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പിതാവിന് അറിയാമായിരുന്നെന്നും പക്ഷേ അദ്ദേഹം തന്നെ സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നും ഹാഷ്മി പറയുന്നു.
ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ, മൂന്ന് താലിബാൻകാർ എന്റെ വീടിനടുത്ത് കാത്തുനിൽക്കുന്നു. അവർ എന്നെ ആക്രമിച്ചു. എട്ട് മുതൽ പത്ത് തവണ കത്തി കൊണ്ട് കുത്തി. അവർ എന്റെ നേരെ തോക്ക് എറിഞ്ഞു, തലയിൽ വെടിയുണ്ട തറച്ചപ്പോൾ എനിക്ക് ബോധം നഷ്ടപ്പെട്ടു. അതിലും തൃപ്തിവരാതെ അവർ എന്റെ കണ്ണുകൾ കത്തി കൊണ്ട് പൊട്ടിച്ചവെന്നും ഹഷ്മി വിശദീകരിച്ചു.
ഹഷ്മിക്ക് ജീവൻ തിരികെ കിട്ടി, ബാനു നെഗാറിന് നഷ്ടം സ്വന്തം ജീവനും
ഹഷ്മി ഇന്ത്യയിൽ ഇരുന്ന് തന്റെ ദുരിതം വിവരിക്കുമ്പോൾ തന്നെ പുതിയ താലിബാൻ തങ്ങളുടെ ഇരയെ തേടിയുള്ള വേട്ടയായൽ തുടങ്ങികഴിഞ്ഞു. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുൻപിൽവച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്ന വാർത്ത ലോകത്തെ നടുക്കുകയാണ്. ഖോർ പ്രവിശ്യയിലെ ഫിറോസ്കോ സ്വദേശിനിയായ ബാനു നെഗാർ ആണ് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായത്. പ്രാദേശിക ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്ന നെഗാർ എട്ടുമാസം ഗർഭിണിയായിരുന്നു.
മൂന്ന് ഭീകരരാണ് വീട്ടിലേക്ക് അതിക്രമിച്ച് കടന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരർ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുൻപിൽ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച ഭീകരർ മൃതദേഹത്തിന്റെ മുഖം വികൃതമാക്കി. സംഭവ ശേഷം വാഹനത്തിൽ കടന്നുകളയുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
എന്നാൽ സംഭവം നിഷേധിച്ച് താലിബാൻ രംഗത്തെത്തി. ''ഞങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. താലിബാനല്ല കൊലപാതകത്തിന് പിന്നിൽ. അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഭരണകൂടത്തിൽ ജോലിചെയ്തവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് ഞങ്ങൾ പറഞ്ഞതാണ്. ഈ കൊലപാതകം വ്യക്തിഗത വിരോധം മൂലമാകാം'' -താലിബാൻ വക്താവ് സബിയുല്ലാഹ് മുജാഹിദ് ബി.ബി.സിയോട് പ്രതികരിച്ചു.
ആഗോള തലത്തിൽ താലിബാന്റെ ഈ ക്രൂത വലിയ വാർത്ത ആയതോടെയാണ് അവർ പ്രതികരണവുമായി രംഗത്തുവന്നത്. അതേ സമയം പ്രതിരോധ സേന ശക്തമായി തിരിച്ചടിക്കുന്ന പഞ്ച്ഷീർ പ്രവിശ്യയിലെ നാല് ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. വാർത്ത നിഷേധിച്ച് പ്രതിരോധസേനയും രംഗത്തെത്തി. നിലവിൽ പഞ്ച്ഷീർ പ്രവിശ്യയിൽ ശക്തമായ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
പഞ്ച്ഷീർ പ്രവിശ്യയിലെ ഷുതുൽ, പര്യാൻ, ഖിഞ്ച്, അബ്ഷർ എന്നീ ജില്ലകൾ പിടിച്ചതായി താലിബാനെ ഉദ്ധരിച്ച് ഖാമാ പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത പ്രതിരോധസേന നിഷേധിച്ചു. താലിബാനോട് ശക്തമായി പോരാട്ടം നടത്തുകയാണെന്ന് പ്രതിരോധസേന വ്യക്തമാക്കി. പഞ്ച്ഷീർ പ്രവിശ്യയിൽ വാർത്താപ്രക്ഷേപണ സേവനങ്ങൾ നിർത്തലാക്കിയതിനാൽ പുറത്തുവരുന്ന വാർത്തകളിൽ സ്ഥിരീകരണങ്ങൾ ലഭ്യമല്ല.
അഫ്ഗാനിസ്താൻ പിടിച്ചെങ്കിലും പഞ്ച്ഷീർ പ്രവിശ്യ മാത്രം താലിബാന് കീഴടക്കാൻ സാധിച്ചിരുന്നില്ല. ശക്തമായ പോരാട്ടം നടത്തുന്ന പ്രതിരോധ സേനയ്ക്ക് മുമ്പിൽ താലിബാൻ ഭീകരവാദികൾ പതറുന്ന കാഴ്ചയാണ് കണ്ടത്. നേരത്തെ പഞ്ച്ഷീർ മേഖലയും പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിരോധ സേന ഇത് തള്ളി.
മറുനാടന് ഡെസ്ക്