- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിന്റെ സഹോദരൻ അമേരിക്കക്കാരെ സഹായിച്ചതിനാൽ നീയും കുറ്റക്കാരൻ; നിനക്കയച്ച നോട്ടീസ് അവഗണിച്ചതിനാൽ നിന്നെ മരണശിക്ഷയ്ക്ക് വിധേയനാക്കുന്നു; അമേരിക്കൻ സേനയുടെ പരിഭാഷനായി ജോലി ചെയ്തയാളുടെ സഹോദരന് വധശിക്ഷ വിധിച്ച് താലിബാൻ; താലിബാൻ മാറിയെന്നു പറയുന്നവർ കേൾക്കാൻ ചില നേർസാക്ഷ്യങ്ങൾ
കാബൂൾ: സമാധാനത്തിന്റെ വെള്ളരിപ്രാവുകളെന്ന് താലിബാൻ ഭീകരരെ ആഘോഷിക്കുന്നവർ കേരളത്തിലുമുണ്ട്. എന്നാൽ, മാനവികതയുടെ പൊയ്മുഖങ്ങളണിഞ്ഞെത്തിയ ചെന്നായ്ക്കൂട്ടത്തിന്റെ കൊലവെറി പ്രകടമാകുന്ന ദൃശ്യങ്ങളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ സൈന്യത്തിന്റെ ദ്വിഭാഷിയായി ജോലിചെയ്തിരുന്ന ഒരു വ്യക്തിയുടെ സഹോദരനെ വധിശിക്ഷയ്ക്ക് വിധിച്ചതാണ് ഈ വെള്ളരിപ്രാവുകളുടെ ഏറ്റവും പുതിയ സമാധാന ദൗത്യം. സഹോദരന് സുരക്ഷയൊരുക്കി എന്നതാണത്രെ അയാൾ ചെയ്ത കുറ്റം.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിക്ക് വിചാരണയ്ക്ക് ഹാജരാകുവാൻ ആവശ്യപ്പെട്ട് താലിബാൻ കോടതി അയച്ച മൂന്നു കത്തുകൾ സി എൻ എൻ പുറത്തുവിട്ടു, ദ്വിഭാഷിയായി പ്രവർത്തിച്ച് അമേരിക്കക്കാർക്ക് സഹായം നൽകിയ സഹോദരനെ സഹായിച്ചതിനാൽ നിങ്ങളും അമേരിക്കക്കാരെ സഹായിച്ച കുറ്റത്തിന് ശിക്ഷയ്ക്ക് അർഹനാണെന്നാണ് ആദ്യകത്തിൽ പറയുന്നത്. വിചാരണയ്ക്ക് ഹാജരാകാത്തതിന് കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ് രണ്ടാമത്തെ കത്ത്.
ആദ്യ രണ്ടു കത്തുകളും കൈയക്ഷരത്തിൽ എഴുതിയിട്ടുള്ളതാണ്. ഇതിൽ നിന്നും വിഭിന്നമായി ടൈപ്പ് ചെയ്ത് അയച്ച മൂന്നാമത്തെ കത്തിൽ പ്രതിയെന്നു സംശയിക്കപ്പെടുന്നയാളിന്റെ അസാന്നിദ്ധ്യത്തിൽ നടന്ന വിചാരണയ്ക്ക് ഒടുവിൽ മരണശിക്ഷ വിധിച്ചതായുള്ള ഉത്തരവാണ് ഉള്ളത്. ആദ്യ രണ്ടു കത്തുകൾക്ക് മറുപടി നൽകാത്തതും അതുപോലെ അധിനിവേശക്കാരെ സഹായിച്ചതുമാണ് കുറ്റങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
നിങ്ങൾ തന്നെ തെരഞ്ഞെടുത്തതാണ് മരണത്തിന്റെ വഴിയെന്നും ഈ കോടതി ഉത്തരവിനെതിരെ അപ്പീലിനു പോകാൻ ആകില്ലെന്നും അതിൽ വ്യക്തമാക്കുന്നു. മുൻ സർക്കാരിനേയോ വിദേശ ശക്തികളേയോ സഹായിച്ചവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകെല്ലെന്ന് കഴിഞ്ഞ ദിവസം താലിബാൻ വക്താവ് സൈബുള്ള മജാഹിദ് നൽകിയ വാഗ്ദാനത്തിന് കടകവിരുദ്ധമാണ് ഈ കത്തുകൾ. ഇതുതന്നെ രണ്ടാം താലിബാന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
മോഷ്ടാവെന്ന് ആരോപിക്കപ്പെട്ട ഒരാളുടെ ദേഹത്ത് ടാർ ഒഴിക്കുന്നതും, അഫ്ഗാൻ പതാക ഉയർത്തിപ്പിടിച്ച ഒരു മാധ്യമപ്രവർത്തകനെ വെടിവച്ചുകൊല്ലുന്നതും ബുർക്ക അണിഞ്ഞില്ലെന്നതിന്റെ പേരിൽ ഒരു സ്ത്രീയെ കൊല്ലുന്നതുമായ വീഡിയോകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രതിമകൾ ഇസ്ലാമിക വിരുദ്ധമാനെന്നാരോപിച്ച് ഒരു അമ്യുസ്മെന്റ് പാർക്ക് കത്തിക്കുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. ഇതെല്ലാം പ്രതീക്ഷിച്ചതുകൊണ്ടുതന്നെയാണ് ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാർ രാജ്യത്തിനു വെളിയിൽ കടക്കാൻ ജീവനും കൊണ്ടോടുന്നത്.
പാശ്ചാത്യവസ്ത്രങ്ങൾ അണിഞ്ഞവർക്ക് തെരുവിൽ ചൂരലിനടി
താലിബാൻ അധികാരമുറപ്പിച്ചതോടെ അഫ്ഗാൻ നൂറ്റാണ്ടുകൾ പുറകോട്ട് യാത്രചെയ്യുവാൻ തുടങ്ങിയിരിക്കുന്നു. വസ്ത്രധാരണത്തിൽ പോലും കാർക്കശ്യം പുലർത്തുന്ന ഭീകരർ ജീൻസ് പോലുള്ള പാശ്ചാത്യ വസ്ത്രങ്ങൾ അണിഞ്ഞ് തെരുവിലിറങ്ങുന്നവരെ ക്രൂരമായി മർദ്ദിക്കുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. നിരവധി അഫ്ഗാൻ യുവാക്കളാണ് വസ്ത്രങ്ങളുടെ പേരിൽ മർദ്ദനമേൽക്കേണ്ടിവന്ന വിവരം സമൂഹമാധ്യമങ്ങൾ വഴി ലോകത്തെ അറിയിക്കുന്നത്.
പുരുഷന്മാർ എന്തു വസ്ത്രം ധരിക്കണമെന്നത് താലിബാൻ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഒരു താലിബാൻ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഒരു കാരണവശാലും പാശ്ചാത്യ വസ്ത്രങ്ങൾ അനുവദിക്കുകയില്ലെന്നാണ് താലിബാന്റെ നിലപാട്. അതുപോലെ സ്ത്രീകൾക്ക് ബുർക്ക നിർബന്ധമാക്കിയതോടെ അഫ്ഗാനിസ്ഥാനിൽ ബുർക്കയുടെ വില നേരത്തേയുണ്ടായിരുന്നതിന്റെ ഇരട്ടിയോളമായി വർദ്ധിച്ചുവെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് ഡെസ്ക്