- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാന് മാറാൻ കഴിയില്ലെന്ന് അടിവരയിട്ടു സ്ഥാപിച്ച് വീണ്ടും കുറ്റവാളികളെ കൊന്ന് കെട്ടിത്തൂക്കി ന്യായീകരണം; 13 മുൻപട്ടാളക്കാരേയും ദാരുണമായി കൂന്നു തള്ളി; ബ്രിട്ടീഷ് പ്രതിനിധി താലിബാനുമായി ചർച്ച നടത്തിയതിനെതിരെ ലോകത്തിനു രോഷം
കാബൂൾ: കാക്ക കുളിച്ചാൽ കൊക്കാകില്ലെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുകയാണ് താലിബാൻ എന്ന ഭീകരക്കൂട്ടം. പഴയ താലിബാനല്ല തങ്ങളെന്നും, കാലം മാറിയതോടെ തങ്ങളും മാറിയെന്നുമൊക്കെ വീമ്പു പറഞ്ഞെത്തിയ ഭീകരക്കൂട്ടം വീണ്ടും തനിനിറം കാണിക്കാൻ തുടങ്ങി. മൂന്നു കുറ്റവാളികളെ കൊന്ന് കെട്ടിത്തൂക്കി അതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് തങ്ങൾക്ക് മാറാനാവില്ലെന്ന് താലിബാൻ അടിവരയിട്ടു പറഞ്ഞത്. ഹെറാട്ട് പ്രവിശ്യയിലെ ഒബെ ജില്ലയിൽ ഉള്ള ഒരാളുടെ വീട്ടിൽ കയറി അയാളെ കൊന്നതീനാണ് മൂന്നു പേരെ വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ഡെപ്യുട്ടി ഗവർണർ മാവ്ലാവി ഷിർ അഹമ്മദ് മുഹാജിർ പറഞ്ഞു.
രണ്ടു ക്രെയിനുകളിലായി കഴുത്തിൽ കെട്ടിത്തൂക്കിയ രീതിയിലുള്ള മൃതദേഹങ്ങളുടെ ഗ്രാഫിക് ചിത്രങ്ങളായിരുന്നു പുറത്തുവിട്ടത്. ഇതുകാണുവാനും ഫോട്ടോ എടുക്കുവാനും വലിയൊരു ആൾക്കൂട്ടവും ഉണ്ടായിരുന്നു. താലിബാൻ അവരുടേ പഴയ ക്രൂരവും പ്രാകൃതവുമായ ശൈലിയിലേക്ക് തിരിച്ചുപോകുമെന്ന ലോകത്തിന്റെ ഭയം അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ നടന്ന ഈ സംഭവം. അതേസമയം പഴയ തീവ്ര ഇസ്ലാമിക ശൈലിയിൽ നിന്നും തങ്ങൾ മാറി എന്ന് കൂടെക്കൂടെ താലിബാൻ ലോകത്തോട് വിളിച്ചു പറയുന്നുമുണ്ട്.
അതിനിടയിൽ വംശീയ ന്യുനപക്ഷമായ ഹസാര വിഭാഗത്തിൽ പെടുന്ന 13 പേരെ താലിബാൻ വധിച്ചതായി ആംനെസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. ഇവരിൽ പലരും താലിബാന് മുന്നിൽ കീഴടങ്ങിയ മുൻ സൈനികരാണ്. ദയ്കുൺടി പ്രവിശ്യയിലെ കഹോർ ഗ്രാമത്തിൽ വച്ചായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് 30 ന് ഈ 13 പേരെ കൊന്നതെന്നും ആംനെസ്റ്റി വെളിപ്പെടുത്തുന്നു. ഇവരിൽ 11 പെർ അഫ്ഗാൻ നാഷണൽ സെക്യുരിറ്റി ഫോഴ്സിന്റെ ഭാഗമായ മുൻ സൈനികരായിരുന്നു. രണ്ടുപേർ സാധാരണ പൗരന്മാരും. ഇതിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു എന്നും ആംനെസ്റ്റി പറയുന്നു.
അതേസമയം, രാജ്യത്തെ തീവ്രവാദത്തിന്റെ കളിത്തൊട്ടിലായി മാറ്റുവാനുള്ള ശ്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി ബോറിസ് ജോൺസന്റെ പ്രതിനിധി ഇന്നലെ അഫ്ഗാനിലെത്തി താലിബാൻ നേതാക്കളെ കണ്ടു. പ്രധാനമന്ത്രിയുടേ അഫ്ഗാൻ ട്രാൻസിഷൻ പ്രതിനിധിയായ സർ സൈമൺ ഗസ്സ്സ് ആണ് ഇന്നലെ കാബൂളിലെത്തി താലിബാൻ നേതാക്കളെ കണ്ടത്. ബ്രിട്ടീഷ് സൈന്യം അഫ്ഗാനിൽ നിന്നും ഒഴിഞ്ഞതിനു ശേഷമുള്ള ഇരു രാജ്യങ്ങളുടേ ആദ്യ ഉന്നതതല സമ്മേളനമാണിത്.
അതേസമയം, വിമതരേ കൊന്നൊടുക്കുന്ന താലിബാനുമായി ചർച്ചക്ക് തുനിഞ്ഞതിൽ ബോറിസ് ജോൺസനെതിരെ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. തടവുകാരെ ക്രൂരമായി പീഡിപ്പിക്കുകയും, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കൂട്ടവുമായി ചർച്ച പാടില്ലെന്നാണ് ഇവരുടെ നിലപാട്. താലിബാൻ നേതാവായ ഘാനി ബരാദർ, ഉപ പ്രധാനമന്ത്രി അബ്ദുൾ സലാം ഹനാഫി, വിദേശകാര്യമന്ത്രി ആമിർ ഖാൻ എന്നിവരുമായി സർ സൈമൺ കൂടിക്കാഴ്ച്ച നടത്തി.
ഇറാനിയൻ ഉദ്യോഗസ്ഥരുമായും താലിബാൻ നേതാക്കൾ ഇന്നലെ കാബൂളിൽ കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരബന്ധം വിപുലമാക്കുന്നതു സംബന്ധിച്ചായിരുന്നു ചർച്ചകൾ നടന്നത് എന്നറിയുന്നു. സാമ്പത്തികമായി തകർന്ന് നെല്ലിപ്പലക കാണുന്ന അഫ്ഗാനിസ്ഥാന് ഒരു പരിധിവരെ ആശ്വാസമാകും ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കഴിഞ്ഞാൽ. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധിയോടൊപ്പം ദോഹയിലെ അഫ്ഗാൻ മിഷനിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച ഡോ. മാർട്ടിൻ ലോംഗ്ഡനും ഉണ്ടായിരുന്നു.
അഫ്ഗാൻ നേരിടുന്ന മാനവിക പ്രതിസന്ധി പരിഹരിക്കുവാൻ ബ്രിട്ടന് എങ്ങനെ അഫ്ഗാനെ സഹായിക്കാൻ കഴിയുമെന്ന കാര്യമാണ് ഇവർ ചർച്ച ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതുപോലെ അഫ്ഗാനെ ആഗോള തീവ്രവാദത്തിന്റെ കളിത്തൊട്ടിൽ ആക്കുന്നത് തടയുന്നതിനെ സംബന്ധിച്ചും രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കുന്ന കാര്യവും ചർച്ചാ വിഷയങ്ങളായതായി അറിയുന്നു.ന്യുനപക്ഷങ്ങളുടേയും സ്ത്രീകളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു.
മറുനാടന് ഡെസ്ക്