കാബൂൾ: അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെ യുഎസ് ആർമിയുടെ യൂണിഫോം ധരിച്ച് അവരുടെ ഔദ്യോഗിക വാഹനത്തിൽ പരസ്യമായി വെല്ലുവിളിച്ചും അവഹേളിച്ചും താലിബാൻ ഭീകരർ. രാജ്യത്തെ ജനങ്ങളെ വരുതിയിൽ നിർത്താൻ ആയുധങ്ങളുമായി യുഎസ് മിലിറ്ററി വാഹനത്തിലാണ് താലിബാൻ ഭീകരരുടെ സ്വൈര വിഹാരം.

അമേരിക്കൻ നിർമ്മിത തോക്കുകളായ എം4, എം18 തുടങ്ങിയ ആയുധങ്ങളേന്തിയാണ് താലിബാന്റെ റോന്ത് ചുറ്റൽ. സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് അമേരിക്കയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

അമേരിക്ക അഫ്ഗാൻ സൈന്യത്തിന് നൽകിയ അത്യന്താധുനിക ആയുധങ്ങളും ഹെലികോപ്ടർ ഉൾപ്പടെയുള്ള സൈനിക വാഹനങ്ങളും ഇപ്പോൾ താലിബാന്റെ കൈകളിലാണ്. അഫ്ഗാന് അമേരിക്ക വർഷങ്ങളായി സൈനിക ആവശ്യത്തിനായി നൽകിയതാണ് ഇതെല്ലാം. ഇതെല്ലാം കൈക്കലാക്കിയതോടെ വൈറ്റ് ഹൗസിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് താലിബാൻ.

 

ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ, എ -29 സൂപ്പർ ടുക്കാനോ ആക്രമണ വിമാനം, എം 4 കാർബൈനുകൾ, എം 16 റൈഫിളുകൾ , മൈൻ പ്രതിരോധ വാഹനങ്ങൾ എന്നിവയെല്ലാം താലിബാന്റെ ശക്തി വൻതോതിൽ കൂടിയിട്ടുണ്ട്. സൈനിക ഹെലികോപ്ടറുകളിലാണ് താലിബാൻ പ്രധാനികളുടെ ഇപ്പോഴത്തെ യാത്ര. 227 ദശലക്ഷം ഡോളർ വിലയുള്ള ആയുധങ്ങളാണ് 2020 വരെ അഫ്ഗാനിസ്ഥാന് അമേരിക്ക വിറ്റത്.

ഇരുപത് വർഷമായി അമേരിക്ക അഫ്ഗാന് നൽകിയ ആയുധങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതെല്ലാം തന്നെ താലിബാന്റെ കൈവശമെത്തിയിരിക്കാമെന്നും വൈറ്റ്ഹൗസ് സെക്യൂരിറ്റി അഡൈ്വസർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



അതിനിടെ താലിബാൻ സംഘത്തിന്റെ കൈവശം കൂടുതൽ ആയുധങ്ങൾ എത്തുന്നത് തടയാൻ അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ആയുധവിൽപ്പനയും അമേരിക്ക നിരോധിച്ചു. ആ രാജ്യത്തേക്കുള്ള തീർപ്പുകൽപ്പിക്കാത്തതോ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എല്ലാ കരാറുകളും തൽക്കാലത്തേക്ക് മരവിപ്പിക്കാനാണ് ബൈഡൻ ഭരണകൂടത്തിന്റെ കർശന നിർദ്ദേശം.

അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ലോക സമാധാനം, ദേശീയ സുരക്ഷ, എന്നിവ മെച്ചപ്പടുത്തുന്നതിനാണ് ഈ സുപ്രധാന തീരുമാനം എന്നാണ് അമേരിക്ക പറയുന്നത്.

അമേരിക്കയുടെ ആയുധ കയറ്റുമതിയിൽ 47 ശതമാനവും മിഡിൽ ഈസ്റ്റിലേക്കാണ്.അമേരിക്ക ആയുധ വിൽപ്പന മരവിപ്പിച്ചെങ്കിലും അത് താലിബാന് ഒരുതരത്തിലുള്ള ക്ഷീണവും ഉണ്ടാക്കില്ലെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.


ചൈനയുടെയും റഷ്യയുടെയും പക്കൽ നിന്ന് ആവോളം ആയുധങ്ങൾ താലിബാന് സ്വന്തമാക്കാൻ കഴിയും. അമേരിക്ക ആയുധ കയറ്റുമതിൽ മേൽക്കെ നേടിയതോടെ റഷ്യയും ചൈനയും ഈ രംഗത്ത് പിന്നാക്കം പോയി. നഷ്ടപ്പെട്ട തങ്ങളുടെ സ്ഥാനങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാവും രണ്ടുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാവുക.