- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏറ്റവും സെൻസിറ്റിവ് വിവാദമായ വഖഫ് ഭൂമി സംരക്ഷണം പാർട്ടി ഏറ്റെടുക്കും; വഖഫ് ഭൂമി സംരക്ഷണത്തിന് തളിപറമ്പിൽ പാർട്ടി നേതൃത്വത്തിൽ മഹല്ല് വഖഫ് സംരക്ഷണ സമിതി; മുസ്ലിം ലീഗ് കോട്ടകൾ തകർക്കാൻ അതി ബുദ്ധിയുമായി സിപിഎം; തളിപ്പറമ്പ് മോഡൽ സംസ്ഥാനമാകെ വ്യാപിപ്പിക്കും; മുസ്ലീമിനെ അടുപ്പിക്കാൻ കരുതലോടെ പിണറായി
കണ്ണൂർ: മതന്യൂനപക്ഷങ്ങളിൽ കൂടുതൽ വേരുറപ്പിക്കുന്നതിനായി വഖഫ് സംരക്ഷണ സമിതി രൂപീകരിച്ച് തളിപറമ്പ് മോഡൽ ഓപറേഷൻ സിപിഎം സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. മുസ്ലിം ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയിലടക്കം ഇതിലൂടെ വിള്ളൽ വീഴ്ത്താൻ കഴിയുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. വടക്കെ മലബാറിലെ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ തളിപ്പറമ്പിലാണ് ഇതിന് തുടക്കമിട്ടെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും സമ്മതത്തോടെയുമാണ് ഈ നീക്കം.
ഇവിടെ അന്യാധീനപ്പെടുന്ന വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനാണ് വഖഫ് സംരക്ഷണ സമിതി രൂപീകരിച്ച് സിപിഎം പ്രവർത്തനമാരംഭിച്ചത്. വടക്കെ മലബാറിൽ മുസ്ലിം ലീഗിന്റെ കോട്ടയാണ് തളിപറമ്പ്. നിയമസഭാ മണ്ഡലത്തിൽ നല്ല ഭൂരിപക്ഷത്തോടെ സിപിഎം ജയിച്ചു വരാറുണ്ടെങ്കിലും നഗരസഭയുൾപെടെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുസ്ലിം ലീഗാണ് ഭരിക്കുന്നത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ വിള്ളൽ വീഴുകയും വോട്ടു ചോരുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങൾക്കിടെയിൽ കൂടുതൽ സ്വാധീനമുറപ്പിക്കുന്നതിനായി പുതിയ തന്ത്രം സിപിഎം പുറത്തെടുത്തത്. എപ്പോഴെല്ലാം സിപിഎം മുസ്ലിം ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളിൽ പിടിമുറുക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം തളിപറമ്പിൽ രാഷ്ട്രീയ സംഘർഷങ്ങളുമുണ്ടായിട്ടുണ്ട്. പരസ്പരമുള്ള അക്രമണത്തിനിടെയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കൊല്ലപ്പെടുകയും ഇരു വിഭാഗത്തുമുള്ള വീടുകൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ പത്തു വർഷമായി തളിപ്പറമ്പിൽ രാഷ്ടീയ അക്രമങ്ങൾ നടന്നിട്ടില്ല.
ഏറ്റുമുട്ടലിന്റെ പാത കൈവെടിഞ്ഞ് സമവായത്തിന്റെ പാത സ്വീകരിക്കാൻ തുടങ്ങിയതോടെ വികസനവഴിയിൽ സിപിഎമ്മുമായി കൈ കോർക്കാനും മുസ്ലിം ലീഗ് തയ്യാറായി. തളിപറമ്പിലെ റോഡ് വികസനം. ട്രാഫിക്ക് പരിഷ്ക്കരണം തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് എംഎൽഎയായ ജയിംസ് മാത്യുവുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ തളിപ്പറമ്പ് നഗരസഭയും മുസ്ലിം ലീഗ് നേതാക്കളും തയ്യാറായി. എന്നാൽ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പോടെ യു.ഡി.എഫ് ശിഥിലമായി തുടങ്ങുകയും മുസ്ലിം ലീഗിനകത്ത് അന്ത:ഛിദ്രങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിം ജനവിഭാഗത്തെ കൂടുതൽ ആകർഷിക്കുന്നതിനായി മാസ്റ്റർ പ്ളാൻ സിപിഎം ബുദ്ധികേന്ദ്രങ്ങൾ തയ്യാറാക്കിയത്.
ഇതോടെയാടെയാണ് ഏറ്റവും സെൻസിറ്റിവായ വഖഫ് ഭൂമി സംരക്ഷണം പാർട്ടി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഒട്ടനവധി നിയമ പോരാട്ടങ്ങൾ നടക്കുന്ന ഈ വിഷയത്തിൽ ഇടപെടുന്നത് രാഷ്ട്രീയപരമായി ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. വഖഫ് ഭൂമി സംരക്ഷണവുമായി തളിപറമ്പിൽ ആക്ഷൻ കമ്മിറ്റി നിലവിലുണ്ടെങ്കിലും സിപിഎം.നേതൃത്വത്തിലുള്ള ഒരു സംരക്ഷണ സമിതി ആദ്യമായാണ് രൂപകരിക്കപ്പെടുന്നത് സിപിഎം. ലോക്കൽ കമ്മിറ്റിയംഗവും പാർട്ടി നിയന്ത്രണത്തിലുള്ള കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഏരിയാ പ്രസിഡന്റുമായ സി അബ്ദുൽ കരീം പ്രസിഡന്റായാണ് തളിപറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതിയെന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്.
ന്യൂനപക്ഷ സാംസ്കാരിക സമിതികളുടെ ഏകോപനസമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് അബ്ദുൽ കരീം. സിപിഎം സഹയാത്രികനും കരുണ അംഗവുമായ കുറിയാലി സിദ്ദിഖാണ് സെക്രട്ടറി പാർട്ടി അംഗം കെ.പി.എം റിയാസുദ്ദിനാണ് ട്രഷറർ. മുൻ നഗരസഭാംഗം റഫീഖ്, ഡി.എഫ്.ഐ വില്ലേജ സെക്രട്ടറി അനസ് എന്നിവരും കമ്മിറ്റി അംഗങ്ങളാണ് ഒരു ഐ.എൻ.എൽ പ്രതിനിധിയും കമ്മിറ്റിയിലുണ്ട്. തളിപറമ്പിലെ വഖഫ് ഭൂമി കൈയേറ്റങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി യാരോപണങ്ങളും കേസുകളുമാണ് നിലനിൽക്കുന്നത്.
മുസ്ലീലീഗ് പ്രവർത്തകർ തന്നെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസുകളും അന്വേഷണങ്ങളും വഖഫ് ബോർഡ് മുൻപാകെ നടന്നുവരികയാണ്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഏറ്റവും കുടുതൽ സ്ഥാപനങ്ങളുള്ള പ്രദേശം കൂടിയാണ് തളിപറമ്പ്. നേരത്തെയുണ്ടായിരുന്ന വഖഫ് ഭൂമി സംരക്ഷണ സമിതിയിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ അംഗങ്ങളാണ്. ഈ സമിതി നിലനിൽക്കവെ സിപിഎം നേതൃത്വത്തിൽ രൂപകരിച്ച സ്വന്തമായ സമിതിയുടെ സാംഗത്യവും വിവിധ കോണുകളിൽ നിന്നും ചോദ്യം ചെയ്യപ്പെടുന്നുണ്ട്
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്