ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടിയത് 428 കോടി വരുന്ന അനധികൃത പണവും സ്വർണവും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വർണം ഉൾപ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. മദ്യവും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്.

കാരൂർ. കോയമ്പത്തൂർ, തിരുപ്പുർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. റാണിപേട്ട് ജില്ലയിൽ നിന്ന് മാത്രം 91.56 കോടി പിടിച്ചെടുത്തു. പരിശോധനകൾ കർശനമാക്കിയ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെത്തിയത്. സംസ്ഥാന തലസ്ഥാനമായ ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് റെയ്ഡുകൾ നടന്നത്.

സംസ്ഥാനത്തെ സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാനായി 118 ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 234 നിയമസഭ മണ്ഡലങ്ങളിലേക്കായി 3998 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ ആറ് കോടി വോട്ടർമാർ നാളെ വോട്ട് രേഖപ്പെടുത്തും.