- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നുവിട്ടു; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്; ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു; ചിറ്റൂരിലും സമീപ പ്രദേശങ്ങളിൽ ഉള്ളവർക്കും ജാഗ്രതാ നിർദ്ദേശം
പാലക്കാട്: മുന്നറിയിപ്പ് ഒന്നും നൽകാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്നുവിട്ടു. പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കാണ്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവർക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം.
ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാർ ഡാം തുറന്നത്. അണക്കെട്ട് തുറക്കുന്ന വിവരം നേരത്തെ കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചിരുന്നെന്നാണ് തമിഴ്‌നാട് നൽകുന്ന വിശദീകരണം.അണക്കെട്ട് തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അഥോറിറ്റിയാണെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കി. സെക്കന്റിൽ ആറായിരം ക്യൂസെക്‌സ് വെള്ളം തുറന്നുവിടുമെന്ന് ഇന്നലെ തന്നെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയെന്നാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്.
അതേസമയം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടറാണ് തുറന്നത്. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കന്റിൽ 40000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുത്. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറിൽ പുഴ മുറിച്ച് കടക്കുന്നതും മീൻപിടുത്തവും നിരോധിച്ചിട്ടുണ്ട്.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ്, അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടർ തുറന്നത്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നു വിട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ