- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരച്ചീനി മദ്യമുണ്ടാക്കാൻ വേറെ പ്രത്യേകം നിയമ നിർമ്മാണം വേണ്ട; ഗവേഷണത്തിലൂടെ ഉടൻ മദ്യം പുറത്തിറക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: മരച്ചീനിയിൽ നിന്നും മദ്യം ഉടൻ നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. ബജറ്റ് പ്രഖ്യാപനം വന്ന സാഹചര്യത്തിൽ ഉടൻ നടപ്പിലാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ നടപടികൾ വേഗം തന്നെ ആരംഭിക്കാൻ സാധിക്കുമെന്നും മരച്ചീനിയിൽ നിന്നും മദ്യം ഉദ്പാദിപ്പിക്കാൻ പ്രത്യേക നിയമനിർമ്മാണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ധാന്യങ്ങളല്ലാത്ത പഴവർഗം, പച്ചക്കറികൾ തുടങ്ങിയ കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കണമെന്നാണ് പൊതുവേ കാണുന്നത്. അതിൽ വൈനും വീര്യം കുറഞ്ഞ മദ്യമുൾപ്പടെയെല്ലാം പരിശോധിക്കാനാവുന്നതാണ്. ഇതിന് പ്രത്യേക നിയമഭേദഗതികൾ ഒന്നും ആവശ്യമില്ല. 29 ശതമാനത്തിൽ കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കുന്നതിന് സാധാരണ സംവിധാനത്തിന്റെ ഭാഗമായി ചെയ്യാവുന്നതാണ്. ബജറ്റിൽ പ്രഖ്യാപനമുണ്ടായ സാഹചര്യത്തിൽ പെട്ടെന്ന് തന്നെ നടപടികൾ ഉണ്ടാവുന്നതാണ്'. ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം മരച്ചീനി കൃഷി വലിയ രീതിയിൽ വ്യാപിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
മരച്ചീനിയിൽനിന്ന് മദ്യം ഉൽപാദിപ്പിക്കാൻ തുക വകയിരുത്തിയിരുന്നു. മരച്ചീനിയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഇതിനായി രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്നും എഥനോളും മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കാനായുള്ള പദ്ധതിക്കായാണ് രണ്ട് കോടി രൂപ മാറ്റിവെച്ചത്.
ഒരു കിലോ മരച്ചീനിയിൽ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ വിദഗ്ദ്ധർ തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നതാണ്. കേന്ദ്രത്തിൽ നിന്ന് ഈ സാങ്കേതികവിദ്യക്ക് പേറ്റന്റ് കിട്ടിയിട്ടുണ്ട്. ആശുപത്രികളിലേക്ക് അടക്കം സ്പിരിറ്റ് ആവശ്യവുമുണ്ട്.
18 മുതൽ 22 ലക്ഷം വരെ മരച്ചീനിക്കർഷകർ കേരളത്തിലുണ്ടെന്നാണ് കണക്ക്. 6.97 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ മരച്ചീനി കൃഷി ചെയ്യുന്നു. ഒരു ഹെക്ടറിൽ 8000 മൂട് മരച്ചീനി നടാം. മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ 35 മുതൽ 45 ടൺ വരെ വിള ലഭിക്കുകയും ചെയ്യും. കാർഷിക മേഖലയെ പ്രധാന വരുമാന മേഖലായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഇതിനായി ക്വാളിറ്റി ചെക്കിങ് സൗകര്യം ഉൾപ്പടെയുള്ള അഗ്രിടെക് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ ഏഴ് ജില്ലകളിൽ സ്ഥാപിക്കും.
പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാനുള്ള നിർദേശവും ബജറ്റ് മുന്നോട്ടുവെച്ചു. വ്യവസായ വകുപ്പിന് കീഴിൽ പത്ത് മിനി ഫുഡ് പ്രോസസിങ് പാർക്ക്. ഫുഡ് പ്രോസസിങ് പാർക്കുകൾക്കായി ഇതിനായി 100 കോടിയാണ് വകയിരുത്തിയിരിക്കുന്നു. റോഡ് നിർമ്മാണത്തിൽ റബർ മിശ്രിതം ചേർക്കും. ഇതിനായി 50 കോടി വകയിരുത്തി. നാളികേര വികസനത്തിന് 73.93 കോടിയും കൃഷി ശ്രീ പദ്ധതിക്ക് 19.81 കോടി രൂപയും വകയിരുത്തിയതായും മന്ത്രി അറിയിച്ചു. നെല്ലിന്റെ താങ്ങുവില 28.20 ആയി ഉയർത്തി.
മറുനാടന് മലയാളി ബ്യൂറോ